'96'ന് ശേഷം സംഗീത വിസ്മയം തീർക്കാൻ ഗോവിന്ദ് വസന്ത : കാർത്തിയുടെ 'മെയ്യഴകൻ' ഓഡിയോ ആഗസ്റ്റ് 31ന്

ഒരു ഫീൽ ഗുഡ് ഇമോഷണൽ ചിത്രമാകും 'മെയ്യഴകൻ' എന്നാണ് പോസ്റ്ററുകള് തരുന്ന സൂചനകള്

'96' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് പ്രേംകുമാറും സംഗീത സംവിധായകന് ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നു. കാർത്തി, അരവിന്ദ് സാമി എന്നിവരെ നായകനാക്കി ഒരുക്കുന്ന 'മെയ്യഴകന്' എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

96 പോലെ തന്നെ ഈ ചിത്രത്തിന്റെയും ഗാനങ്ങള്ക്കായി കാത്തിരിക്കുകയാണ് ആരാധകര്. ആഗസ്റ്റ് 31 നാണ് 'മെയ്യഴക'നിലെ ഗാനങ്ങൾ പുറത്തിറങ്ങുക.

ശ്രീദിവ്യ, രാജ് കിരൺ, ജയപ്രകാശ്, സരൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഒരു ഫീൽ ഗുഡ് ഇമോഷണൽ ചിത്രമാകും 'മെയ്യഴകൻ' എന്നാണ് പുറത്തുവരുന്ന പോസ്റ്ററുകള് തരുന്ന സൂചന. സൈക്കിളിലിരിക്കുന്ന കാർത്തിയെയും അരവിന്ദ് സാമിയെയുമാണ് പോസ്റ്ററിലുള്ളത്. സൂര്യ-ജ്യോതിക താര ദമ്പതിമാരുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്നറാണ് ചിത്രം നിർമ്മിക്കുന്നത്. മഹീന്ദ്രൻ ജയരാജുവാണ് 'മെയ്യഴക'ന്റെ ഛായാഗ്രഹകൻ. ചിത്രം സെപ്റ്റംബർ 27ന് തിയറ്ററിലെത്തും.

2018 ൽ പുറത്തിറങ്ങിയ '96' തമിഴിലെ മികച്ച പ്രണയചിത്രങ്ങളില് ഒന്നായിരുന്നു. തൃഷ, ഗൗരി ജി കിഷൻ, ആദിത്യ ഭാസ്കർ, ദേവദർശിനി എന്നിവരാണ് '96' ൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിലെ 'കാതലേ കാതലേ', 'ലൈഫ് ഓഫ് റാം' തുടങ്ങിയ ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

To advertise here,contact us