ബാംഗ്ലൂരിന്റെ ആശ തീർത്ത ശോഭന
ബംഗളൂരുവിന്റെ കിരീട നേട്ടത്തിൽ പ്രധാനിയായിരുന്നു ശോഭന ആശ. പത്ത് കളിയിൽ നിന്നും പന്ത്രണ്ട് വിക്കറ്റ് നേടിയ താരത്തിന് ടൂർണമെന്റിൽ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ഡൽഹി ക്യാപിറ്റൽസിന്റെ ശ്രേയങ്ക പാട്ടീൽ നേടിയതിൽ നിന്നും ഒരു വിക്കറ്റിന്റെ മാത്രം കുറവാണുള്ളത്. റൺസ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിച്ച ആശയ്ക്കായിരുന്നു ക്യാപ്റ്റൻ സ്മൃതി മന്ദാന എലിമിനേറ്റർ അടക്കമുള്ള മത്സരങ്ങളിലെ അവസാന ഓവർ എറിയാൻ നൽകിയത്. മുംബൈ ഇന്ത്യൻസിനെതിരെ അപ്രതീക്ഷിത വിജയം നൽകി ഫൈനലിലെലേക്ക് ബംഗളൂരുവിനെ നയിച്ചതും ഒരർത്ഥത്തിൽ ആശയായിരുന്നു. ഫൈനലിൽ മൂന്നോവർ എറിഞ്ഞു രണ്ട് വിക്കറ്റ് നേടി. യു പി വാരിയേഴ്സിനെതിരെയുള്ള മത്സരത്തിൽ അഞ്ചു വിക്കറ്റ് നേടി. ഡബ്ല്യുപിഎല് ചരിത്രത്തിലെ തന്നെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ആശയുടേത്.
തിരുവനന്തപുരം സ്വദേശിയായ ഈ 33 വയസ്സുകാരി കഴിഞ്ഞ സീസണിലും ബാംഗ്ളൂരിനൊപ്പമുണ്ടായിരുന്നു. ലെഗ് ബ്രേക്ക് ഗൂഗ്ലിയാണ് ബൗളിങ്ങ് രീതി. റൈറ്റ് ഹാൻഡ് ബാറ്റർ കൂടിയായ ആശയ്ക്ക് പക്ഷേ ഈ സീസണിൽ ബാറ്റിങ്ങിൽ കാര്യമായ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ കേരളം, പുതുച്ചേരി, റെയിൽവേ എന്നിവയെ പ്രതിനിധീകരിച്ച ആശ 10 ലക്ഷം അടിസ്ഥാന വിലയ്ക്കായിരുന്നു ബാംഗ്ലൂർ ടീമിലെത്തിയത്. പേസറായാണ് കരിയർ തുടങ്ങുന്നതെങ്കിലും പിന്നീട് ലെഗ് സ്പിന്നിലേക്ക് മാറി.
ഒരൊറ്റ സിക്സറിൽ സജന
ഡബ്ല്യുപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യപന്തിൽ സിക്സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവൻ . ഡബ്ല്യുപിഎല് കന്നിക്കിരീടം നേടിയ മുംബൈയുടെ ആദ്യ മത്സരം ദൽഹി ക്യാപിറ്റൽസിനെതിരെയായിരുന്നു. ഈ സീസണിലെ ആദ്യ മത്സരവും ഇതായിരുന്നു. കാപ്സെയുടെയും (75), ജെമീമയുടെയും (42), മെഗ് ലാനിങ് (31) തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ 172 റൺസിന്റെ ലക്ഷ്യമുയർത്തിയ ദൽഹി ക്യാപിറ്റൽസിനെതിരെ ഹർമൻപ്രീതും (55), ഭാട്ടിയ (57) യും മികച്ച് കളിച്ചെങ്കിലും വിജയത്തിന് ഒരു പന്ത് ബാക്കി നിൽക്കെ ക്യാപ്റ്റൻ ഹർപ്രീതിൻ്റെ വിക്കറ്റ് തെറിച്ചു. ലക്ഷ്യം അവസാന പന്തിൽ അഞ്ചു റൺസ് എന്നായി. തൻ്റെ ആദ്യ പന്ത് നേരിട്ട സജ്ന ഒരു കൂറ്റൻ സിക്സിൽ കൈവിട്ടെന്ന് കരുതിയ വിജയം മുംബൈയ്ക്ക് നേടി കൊടുത്തു. എട്ടാം സ്ഥാനത്തിറങ്ങിയ സജനയെ ഓപ്പണറാക്കിയിറക്കിയാണ് മുംബൈ ടീം പിന്നീടുള്ള മത്സരങ്ങളിൽ ഇതിന് നന്ദി കാണിച്ചത്. യുപി വാരിയേഴ്സിനെതിരെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിന് ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരവും ലഭിച്ചു. റൈറ്റ് ആം ഓഫ് ബ്രേക്ക് സ്പിന്നർ കൂടിയായ താരം രണ്ട് വിക്കറ്റ് നേടി. വയനാട് മാനന്തവാടി സ്വദേശിയായ 29കാരി ആഭ്യന്ത്രര ക്രിക്കറ്റിലും മികവ് തെളിയിച്ച താരമാണ്.
മിന്നാനായില്ലെങ്കിലും സാന്നിധ്യമറിയിച്ച് മിന്നുമണി
ഈ സീസണിൽ ദൽഹി ക്യാപ്പിറ്റൽസിന് വേണ്ടി അഞ്ചു മത്സരം മാത്രം കളിക്കാനായ താരത്തിന് വലിയ പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ച്ച വെക്കാനായില്ല. ആകെ മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റുകളും 5 റൺസുമാണ് മിന്നുമണി നേടിയത്. വലംകയ്യൻ സ്പിന്നറും ഇടത്കയ്യൻ ബാറ്ററുമായ ഓൾറൗണ്ടർ താരത്തിന് മികച്ച ടീം ഇലവനുള്ള ദൽഹി ക്യാപിറ്റലിൽ അവസരം കുറവായിരുന്നു. എന്നാൽ ബംഗളുരുവിനെതിരെയുള്ള ഫൈനലിൽ സ്മൃതിയുടെ വിലപ്പെട്ട വിക്കറ്റെടുത്തത് പക്ഷെ മിന്നുവായിരുന്നു. കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ ടീമിലെത്തിയ താരമാണ് 24 വയസ്സുകാരിയായ മിന്നു. 16 വയസ്സുമുതൽ കേരള ടീമിനായി ആഭ്യന്തര മത്സരങ്ങൾ കളിച്ചു തുടങ്ങിയ മിന്നു കേരളത്തിൽ സ്പോർട്സ് രംഗത്തേക്ക് കടന്നുവരാൻ സ്ത്രീകൾക്കുള്ള പ്രചോദനമായിരുന്നു. കുട്ടിക്കാലത്ത് നാലും അഞ്ചും ബസ്സിൽ മാറി കയറി യാത്ര ചെയ്താണ് സ്റ്റേഡിയത്തിൽ പരിശീലത്തിനെത്തിയിരുന്നത്. 2023 ജൂലായിൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി . സീരീസിൽ അഞ്ചുവിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ ടോപ്പറായി. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും കളിച്ചിരുന്നു.
ഡബ്ല്യുപിഎല്ലിലെ മികച്ച പ്രകടനം ദേശീയ ടീമിലേക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് സജനയും ശോഭനയും. ഫോം വീണ്ടെടുത്ത് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് മിന്നുമണി. മിന്നുമണിയും സജനയും ശോഭനയും മുന്നേറിയ വഴിയേ കുതിക്കാൻ കാത്ത് പത്തോളം മലയാളികളും പ്രതീക്ഷയോടെ തയ്യാറെടുക്കുന്നുണ്ട്. വയനാടിൻ്റെ വി ജെ ജോഷിത ഇക്കുറി ഡൽഹി ക്യാപിറ്റൽസിൻ്റെ നെറ്റ്സിലും തിരുവല്ല സ്വദേശി സൂര്യ സുകുമാർ ഗുജറാത്ത് ജയൻ്റ്സിൻ്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ എം പി വൈഷ്ണ (കോഴിക്കോട്), സ്പിന്നർ ആയ സി കെ നന്ദന (കണ്ണൂർ), ദർശന മോഹൻ (വയനാട്), കീർത്തി ജെയിംസ് (തിരുവനന്തപുരം), മാനസി പോറ്റി (എറണാകുളം), ദിയ ഗിരീഷ്, എസ്ആ ർ ഉർവശി (തിരുവനന്തപുരം), ദൃശ്യ (വയനാട്) തുടങ്ങി പലരും കഴിഞ്ഞ ലേലത്തിലുണ്ടായിരുന്നെങ്കിലും ആരും വിളിച്ചെടുത്തില്ല. അടുത്ത സീസണുകളിൽ ടീമുകളുടെ എണ്ണം അഞ്ചിൽ നിന്ന് ഉയരുമെന്ന ഡബ്ല്യുപിഎല് അധികൃതരുടെ പ്രതികരണം വന്നതോടെ ഇനിയുള്ള സീസണിൽ കൂടുതൽ മലയാളി താരങ്ങളെയും അവരുടെ മിന്നും പ്രകടനങ്ങളും പ്രതീക്ഷിക്കാം.