'സർവ്വം ലാൽ മയം'; എമ്പുരാൻ തുടരും... ഒപ്പം സാൾട്ട് ആൻഡ് പെപ്പർ ലുക്കും, 'ഹൃദയപൂർവ്വം' ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയ മുഴുവൻ 'മോഹൻലാൽ മയമാ'യിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്

ഒരു മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്ററോ പാട്ടുകളോ മറ്റെന്തെങ്കിലും അപ്ഡേറ്റ് വന്നാൽ അത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്നത് സ്ഥിരം കാഴ്ചയാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം തുടങ്ങിയ സിനിമകളുടെ അപ്ഡേറ്റുകൾ ആ പതിവ് തെറ്റിക്കാതെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോഹൻലാൽ സിനിമകളുടെ അപ്ഡേറ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്ന കാഴ്ചയാണുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണിയറപ്രവർത്തകർ എമ്പുരാന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുന്നുണ്ട്. അവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റുമാണ്.ഇതിന് പുറമെ ഇന്നലെ മോഹൻലാലിന്റെ ഒരു പോസ്റ്ററും എമ്പുരാൻ ടീം പുറത്തുവിട്ടിരുന്നു.ഹെലികോപ്ടറില്‍ ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട് ഫിറ്റില്‍, ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ടീം റിലീസ് ചെയ്തത്.

ആ പോസ്റ്റർ വൈറലായതിന് പിന്നാലെ ഇന്നലെ വൈകുന്നേരം തരുൺ മൂർത്തിയുടെ തുടരും എന്ന സിനിമയിലെ ആദ്യഗാനവും പുറത്തുവിട്ടു. എം ജി ശ്രീകുമാർ പാടിയ 'കണ്മണി പൂവേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തത്. എം ജി ശ്രീകുമാറിന്റെ ശബ്ദത്തിനൊപ്പം സ്‌ക്രീനിൽ മോഹൻലാലും ശോഭനയും വന്നപ്പോൾ ആരാധകർക്ക് അത് ഇരട്ടി മധുരമായി. അതിനൊപ്പം ആ ഗാനത്തിലെ ചിരിയും കുസൃതിയും നിറഞ്ഞ 'സാധാരണക്കാരൻ മോഹൻലാലിന്റെ' സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

ഒരുഭാഗത്ത് ഖുറേഷി അബ്റാമായും മറുഭാഗത്ത് സാധാരണക്കാരനായ ഷണ്മുഖാനയും മോഹൻലാൽ സോഷ്യൽ മീഡിയയിൽ തുടരുമ്പോൾ ഇന്ന് മറ്റൊരു സിനിമയുടെ അപ്ഡേറ്റ് കൂടെയെത്തി. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ. സിനിമയുടെ ഡൽഹി ലോക്കഷനിൽ നിന്നുള്ള മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നത്. പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍സ്റ്റൈലില്‍ ട്രിം ചെയ്ത ലുക്കിലുള്ള മോഹന്‍ലാലിനെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാം. മമ്മൂട്ടിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ ചിത്രങ്ങളും ആഘോഷമായി നിൽക്കവേ ഹൃദയപൂർവ്വം എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും ഇപ്പോൾ വന്നിരിക്കുകയാണ്. സിനിമയിൽ നായിക മാളവിക മോഹനനാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ സോഷ്യൽ മീഡിയ മുഴുവൻ 'മോഹൻലാൽ മയമാ'യിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

Also Read:

Entertainment News
വിടാമുയർച്ചിയുടെ ക്ഷീണം തീർക്കാനുറച്ച് തൃഷ; നായികയെ പരിചയപ്പെടുത്തി ഗുഡ് ബാഡ് അഗ്ലി ടീം

ഇതിനെല്ലാം പുറമെ കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാലിന്റെ അടുത്ത രണ്ട് സിനിമകളുടെ പ്രഖ്യാപനവും നടന്നിരുന്നു. അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പ്രഖ്യാപനമായിരുന്നു അതിൽ ഒന്ന്. പ്രണയവും വിരഹവും സംഗീതവും ചേർന്ന ചിത്രമാകും ഇത് എന്നാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവായിരുന്നു അടുത്തത്, ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം 3. 'ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് മോഹൻലാലിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോഹൻലാൽ സിനിമകളുടെ അപ്ഡേറ്റുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷം തീർക്കുകയാണ് ആരാധകർ.

Content Highlights: Mohanlal movies updates are hit in social media

To advertise here,contact us