അനുരാഗ കരിക്കിന്‍ വെള്ളം മുതല്‍ ആലപ്പുഴ ജിംഖാന വരെ, ഖാലിദ് റഹ്‌മാന്‍ മാജിക്

ആലപ്പുഴ ജിംഖാനയുമായി ഖാലിദ് റഹ്‌മാന്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്

1 min read|06 Apr 2025, 02:48 pm

ഒരുകൂട്ടം ചെറുപ്പക്കാരുടെ ആഘോഷത്തിനിടയിലേക്ക് സൗമ്യതയോടെയും ഒതുക്കത്തോടെയും കടന്നുവരുന്നൊരു ചെറുപ്പക്കാരൻ. ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും അയാൾ അവർക്കിടയിൽ ഉള്ള ആൾ അല്ലെന്ന്. എന്നാൽ പിന്നീട് ഗുണ കേവിലേക്ക് ആ ചെറുപ്പക്കാർ യാത്ര തിരിക്കുമ്പോൾ അവരിൽ ഒരാൾ അവിടെ പെട്ട് പോകുമ്പോൾ അവർ പോലുമറിയാതെ അവരിൽ ഒരാളായി ആ വ്യക്തി മാറുകയാണ്. ആഞ്ഞൊരടി കവിളത്ത് വീണിട്ടും ഞാൻ വണ്ടിയെടുക്കില്ല സാറേ എന്ന് അയാൾ പറയുമ്പോൾ ഒരേ സമയം ഉറച്ചൊരു തീരുമാനത്തിന്റെ ഉറപ്പും വിങ്ങലും തെളിഞ്ഞു വരുന്നൊരു മുഖം, ഖാലിദ് റഹ്മാന്റെ ഡ്രൈവർ പ്രസാദ്. അയാൾ പിന്നീട് പ്രേക്ഷകർക്ക് ഡ്രൈവർ ചേട്ടനായി. അഭിനയിച്ചപ്പോൾ ആ കഥാപാത്രത്തെ പ്രേക്ഷക പ്രിയങ്കരമാക്കിയ അയാൾ അഭിനേതാക്കളെക്കൊണ്ട് താൻ ഉദ്ദേശിക്കുന്ന തരത്തിൽ ഔട്ട് കിട്ടാൻ ഏതറ്റംവരെയും പോകുന്ന നിർബന്ധബുദ്ധിക്കാരനായ അതിഗംഭീരം സംവിധായകനാണ്.

ഖാലിദ് റഹ്‌മാന്റെ കരിയർ ​ഗ്രാഫ് ഒരിക്കലും പ്രേക്ഷകർ തീരുമാനിച്ചതോ സ്വാധീനിച്ചതോ ആയിരുന്നില്ല. ചേർത്തു വായിക്കപ്പെടാൻ യാതൊരു സാധ്യതകളുമില്ലാത്ത വ്യത്യസ്ത തരം ഴോണറുകളിൽ ഉള്ള നാല് സിനിമകൾ. ഇതെല്ലാം ഈ വ്യക്തി തന്നെയാണോ സംവിധാനം ചെയ്തതെന്ന് പോലും ചിലപ്പോൾ തോന്നിപ്പിച്ചേക്കാം. ഒരു ടിപ്പിക്കൽ ഫീൽ ഗുഡ് സിനിമ, അല്ലെങ്കിൽ പ്രണയ ചിത്രം എന്ന ലേബലിൽ തള്ളിക്കളയാനാകില്ല ഖാലിദിന്റെ ആദ്യ സിനിമയായ 'അനുരാഗ കരിക്കിൻ വെള്ള'ത്തിനെ. 'മനോ​ഗതം ഭവാനറിഞ്ഞേ' എന്ന പാട്ടിന്റെ സൗന്ദര്യത്തെപ്പോലെ കാണുന്നവന്റെ ഉള്ളിൽ തട്ടിയ സിനിമകാഴ്ചയാകുന്നു 'അനുരാഗ കരിക്കിൻ വെള്ളം'. സുമയുടെയും രഘുവിന്റെ മെച്ചുവേർഡ് റൊമാൻസിനെ അതിന്റെ പൂർണമായ അർത്ഥമറിഞ്ഞുകൊണ്ടുള്ള സംവിധാനം. ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റുള്ള ഖാലിദ് റഹ്‌മാൻ ചിത്രം കൂടിയാകും 'അനുരാഗ കരിക്കിൻ വെള്ളം'. ആദ്യ സിനിമയുടെ വിജയ കൂട്ടുകൾ ചേർക്കാതെ രണ്ടാം സിനിമയുമായി ഖാലിദ് റഹ്‌മാൻ എത്തിയപ്പോൾ പ്രതീക്ഷയർപ്പിക്കാവുന്ന സംവിധായകനാവും എന്ന തോന്നലിനെ അയാൾ ഊട്ടിയുറപ്പിച്ചു.

ശക്തമായ രാഷ്ട്രീയം സംസാരിച്ച, സാമൂഹ്യവ്യവസ്ഥിതികളെ ചൂണ്ടിക്കാണിച്ച സിനിമയായിരുന്നു മമ്മൂട്ടിയുടെ 'ഉണ്ട'. ഖാലിദിന്റെ രണ്ടാമത്തെ പടം. മമ്മൂട്ടി എന്ന അഭിനയകുലപതിയെ കൊണ്ട് നന്നായി പണിയെടുപ്പിച്ച് മണി സാർ എന്ന മികച്ച പൊലീസ് നായകനെ ഖാലിദ് റഹ്‌മാൻ ഉണ്ടാക്കിയെടുത്തു. ഒരു മനുഷ്യന്റെ ജീവിതം മറ്റൊരാൾ തീരുമാനിക്കുന്നതിന്റെ അവസ്ഥയും വ്യവസ്ഥിതിയെയും ചൂണ്ടിക്കാണിച്ചൊരു പടം. ഒട്ടും അതിഭാവുകത്വം കലർത്താതെ സ്വാഭാവികമായുള്ള പ്രകടനങ്ങളും സംവിധാനത്തിലെ കൈയ്യടക്കവും കൊണ്ട് ഉണ്ട ഇന്നും ഓർമിക്കപ്പെടുന്ന ചിത്രമാകുന്നു.

എന്താണ് ഖാലിദ് റഹ്‌മാൻ എന്ന സംവിധായകൻ അടുത്തതായി ചെയ്യാൻ പോകുന്നത് എന്ന് ചോദ്യം ചോദിച്ചവർക്ക് മുന്നിലേക്ക് ഒരു സൈക്കോളജിക്കൽ ത്രില്ലർ പടവുമായി അയാൾ എത്തി. 'ലവ്' എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്, ഒട്ടും പിടിതരാത്ത അവതരണം, കഥ അവസാനിക്കുന്നത് പോലും പ്രേക്ഷകന്റെ യുക്തിക്ക് അനുസരിച്ചായിരുന്നു. നിരൂപക പ്രശംസകൾ നേടിയ സിനിമ കോവിഡ് കാലത്തെ ഒരു വ്യത്യസ്ത കാഴ്ചയായി മാറി.

അടുത്തതായി അയാൾ എത്തിയത് നല്ല കിന്റൽ കളർ ഇടിപടവുമായിട്ടായിരുന്നു. സെവൻസിനടി, പൂരത്തിനടി, ഗാനമേളക്കടി, തിയേറ്ററിലടി എന്ന് തുടങ്ങി തുടക്കം മുതൽ ഒടുക്കം വരെ അടിയോടടി. അന്ന് അതുവരെ കണ്ട എഡിറ്റിംഗ് പാറ്റേണിനെയും വിഷ്വൽ നരേറ്റിവിനെയും പൊളിച്ചടുക്കി അടിയുടെ ഇടയിൽ കാഴ്ചക്കാരെ കൊണ്ടിരുത്തിയ അവതരണം. നിറയെ കളറും, ഇടിയും, സൗഹൃദവും, പ്രണയവുമൊക്കെയായി 'തല്ലുമാല' തിയേറ്ററുകളെ ആവേശം കൊള്ളിച്ചപ്പോൾ അവിടെ ഖാലിദ് റഹ്‌മാൻ എന്ന സംവിധായകന്റെ കൈയ്യൊപ്പ് കൂടി പതിഞ്ഞിരുന്നു. ലോകേഷ് കനകരാജ് ഉൾപ്പെടെയുള്ള നിരവധി സംവിധായകരുടെ കണ്ണ് തള്ളിപ്പിച്ച ചിത്രം കൂടിയായി തല്ലുമാല.

അതിനിടയിൽ മഞ്ഞുമ്മൽ ബോയ്‌സിലെ ഡ്രൈവർ ചേട്ടനായി അയാൾ തകർത്തപ്പോഴും ഖാലിദ് റഹ്‌മാൻ സംവിധാനത്തിൽ വരുന്ന ഒരു സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു ഖാലിദ് റഹ്‌മാൻ സിനിമ തിയേറ്റററുകളിലേക്ക് എത്തുകയാണ്, 'ആലപ്പുഴ ജിംഖാന'. ഇത്തവണ അയാൾ എത്തുന്നത് ഒരുപറ്റം ചെറുപ്പക്കാർക്ക് ഒപ്പമാണ്, അതും ഒരു ബോക്സിങ് സിനിമയുമായി. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് ചിത്രത്തെക്കുറിച്ച് ഖാലിദ് റഹ്‌മാൻ പറയുന്നത്.

സിനിമയുടേതായി ഇതുവരെ പുറത്തുവന്ന ട്രെയ്‌ലറും പാട്ടുകളുമൊക്കെ പ്രതീക്ഷ നൽകുന്നവയാണ്. ഒരു ഖാലിദ് റഹ്‌മാൻ ടച്ച് അവിടെയാകെ അനുഭവപ്പെടുന്നുണ്ട്. ഓരോ സിനിമകളിലും മുന്ചിത്രങ്ങളെ ആവർത്തിക്കാതെ അയാൾ ഉറപ്പായും 'ആലപ്പുഴ ജിംഘാനയിൽ ഒരുക്കിവച്ചിരിക്കുന്നത് മറ്റൊരു ട്രീറ്റ് ആണെന്നുള്ളത് ഉറപ്പാണ്. കാത്തിരിക്കാം മറ്റൊരു ഖാലിദ് റഹ്‌മാൻ മാജിക്കിനായി.

Content Highlights: Khalid Rahman filmography

To advertise here,contact us