മനാമ: അല് റാംലിയിലെ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്ര ജീവിയെ തിരിച്ചറിഞ്ഞു. എട്ട് കാലുകളുള്ള ഇത് ഒട്ടക ചിലന്തിയാണെന്നാണ് സ്ഥിരീകരണം. നോര്ത്തേണ് കൗണ്സിലര് അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. പലരും ഈ ജീവിയെ ആദ്യമായി കാണുകയാണെന്നതിനാല് പലതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. അന്യഗ്രഹ ജീവിയെന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്.
ഈ ജീവിയുടെ കുത്തേറ്റാല് അസഹനീയമായ വേദന ഉണ്ടാകുമെന്നും എന്നാല് വിഷമില്ലാത്തതിനാല് കാര്യമായ ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശൈത്യ കാലത്ത് ഒളിവില് കഴിയുന്ന ഈ ജീവികള് കാലാവസ്ഥ മാറുമ്പോള് സജീവമാകുന്നതാണ് പെട്ടന്നുള്ള വ്യാപനത്തിന് കാരണം. ഇത് മാംസഭോജികളാണ്. ഗാലിയോഡ്സ് അറബ്സ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
ഒരു വര്ഷം വരെയാണ് ഇതിന് ആയുസുള്ളത്. ഇവ യഥാര്ത്ഥത്തില് ചിലന്തികളല്ല, സോള്പ്യൂഗിഡ്സ് എന്ന വിഭാഗത്തില്പ്പെട്ടവയാണ്. മരുഭൂമികളില് മാത്രമല്ലാതെ പച്ചക്കറി കൃഷിയിടങ്ങളിലും ഇവയെ കാണാന് സാധിക്കും. സൗദി അറേബ്യയില് നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിയിലൂടെയായിരിക്കാം ഈ ജീവികള് ബഹ്റൈനിലെത്തിയതെന്ന് അഷൂര് സംശയം പ്രകടിപ്പിച്ചു.
മാര്ച്ച് അവസാനത്തോടെയും ഏപ്രിലിന്റെ തുടക്കത്തിലൂമാണ് സാധാരണയായി ഒട്ടക ചിലന്തികള് പുറം പ്രദേശങ്ങളില് സജീവമാകുന്നത്. ഇത് ആദ്യമായല്ല രാജ്യത്ത് ഒട്ടക ചിലന്തികളെ കാണുന്നതെന്ന് അഷൂര് പറഞ്ഞു. ഇതിന് മുന്പ് 2013ല് സനദിലാണ് ആദ്യമായി ഈ ജീവികളെ കണ്ടെത്തിയത്. താമസക്കാര് ആരെങ്കിലും വീടിനുള്ളില് ഈ ജീവികളെ കണ്ടെത്തിയാല് ഉടന് തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ 80008100 എന്ന ഹോട്ട് ലൈന് നമ്പറില് വിളിച്ചറിയിക്കണമെന്ന് അഷൂര് നിര്ദേശിച്ചു.
Content Highlights: its not an alien insect its a camel spider that s terrorizing bahrain residents