പ്രവാസിസംരംഭകര്‍ക്കായി ബിസിനസ്സ് ക്ലിനിക്ക് സേവനം; പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു

ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും പി ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കി

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ബിസിനസ്സ് ക്ലിനിക്ക് സേവനം റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും സംരംഭകർക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനുമായുളള എല്ലാ സഹായങ്ങളും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ എൻബിസി ലോഗോ നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പ്രകാശനം ചെയ്‌തു. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍ബിഎഫ്സി മാനേജര്‍ സുരേഷ് കെ വി സേവനം സംബന്ധിച്ച് വിശദീകരിച്ചു. സെക്ഷന്‍ ഓഫീസര്‍ രമണി കെ സ്വാഗതവും സീനിയര്‍ എക്സിക്യൂട്ടീവ് പാര്‍വ്വതി ജി എസ് നന്ദിയും പറഞ്ഞു.

നോർക്ക റൂട്സിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ക്ലിനിക്കിൽ നേരിട്ടും ഓൺലൈൻ വഴിയും സേവനങ്ങൾ ലഭ്യമാണ്. 8592958677 എന്ന നമ്പറിലോ norkanbfc@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ വൈകിട്ട് 04.30 വരെ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

To advertise here,contact us