ആഗോള തലത്തില്‍ 3.54 കോടി; ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ

ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ പറഞ്ഞു.

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ പറഞ്ഞു. ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്തുള്ളത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശത്ത് ജോലി ചെയ്യുന്നവരോ വിദേശത്ത് ബിസിനസ്സ് നടത്തുന്നവരോ ആയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളെയാണ് എന്‍ആര്‍ഐ എന്ന് വിളിക്കുന്നത്. അവരില്‍ ഭൂരിഭാഗം ഗള്‍ഫ് മേഖലയിലാണ്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തിന്റെ പൗരന്മാരായി മാറിയിട്ടുള്ള ഇന്ത്യക്കാരാണ് പിഐഒകള്‍.

മറ്റ് രാജ്യങ്ങളില്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജരായ പ്രവാസികളുടെ എണ്ണം ഇവരേക്കാള്‍ കൂടുതലാണ്. ഒരുകോടി 95 ലക്ഷം പേരാണ് പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജന്‍ അല്ലെങ്കില്‍ പിഐഒ സ്റ്റാറ്റസുള്ള പ്രവാസികള്‍. ഇന്ത്യയുടെ സാമ്പത്തിക സാംസ്‌കാരിക വിനിമയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസി സമൂഹമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പുരോഗതിയില്‍ വിലമതിക്കാനാവാത്ത പങ്കാളിയാണ് ഇന്ത്യന്‍ പ്രവാസി സമൂഹം. വിദേശ ഇന്ത്യക്കാര്‍ പണമയയ്ക്കല്‍, വ്യാപാരം, നിക്ഷേപങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍, വൈദഗ്ധ്യത്തിന്റെയും അറിവിന്റെയും കൈമാറ്റം എന്നിവയിലൂടെ ഗണ്യമായ സംഭാവന നല്‍കുന്നതിലൂടെ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു, അതുവഴി ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒരു പാലമായി ഇവർ പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Content Highlights: Indian diaspora ranked world's biggest at 35.4 million

To advertise here,contact us