കുവൈറ്റിൽ അജ്ഞാതൻ്റെ ആക്രമണം; ഉടമയെ രക്ഷിക്കാന്‍ 'കുത്തേറ്റുവാങ്ങി' കുതിര

ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താനും പ്രതിയെ പിടികൂടാനും ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് സിറ്റി: കുതിരസവാരിപ്പാതയിൽ അജ്ഞാതന്റെ ആക്രണം. ഉടമയെ രക്ഷിക്കാന്‍ ശ്രമിച്ച കുതിരയെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ചും തുടർന്ന് കുതിരയെ കുത്തിയതിനെകുറിച്ചും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് സെൻ്ററിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താനും പ്രതിയെ പിടികൂടാനും ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

വിവരം അറിഞ്ഞ ഉടനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി. ആക്രമണത്തിന്റെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി കുതിരയുടെ ഉടമയെ കുത്താൻ ശ്രമിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കുതിര ഉടമയെ സംരക്ഷിക്കാനായി ശ്രമിച്ചതോടെ ഇതിന് കുത്തേൽക്കുകയായിരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി കുതിരയുടെ ഉടമയുടെ മൊഴി രേഖപ്പെടുത്തുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. പ്രതിയെ പിടികൂടിയാൽ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നാണ് നിരവധിപേർ ആവശ്യപ്പെടുന്നത്.

Content Highlights: Brutal Horse Stabbing at Equestrian Track Sparks Public Outrage in Kuwait

To advertise here,contact us