കണ്ണൂരിൽ നിന്ന് മസ്ക്കറ്റിലേക്ക് നേരിട്ട് പറക്കാം; വിമാന സർവീസുമായി ഇൻഡി​ഗോ എയർലൈൻസ്

ഏപ്രിൽ 20 മുതൽ സർവീസ് ആരംഭിക്കും

മസ്ക്കറ്റ്: കണ്ണൂരിൽ നിന്ന് മസ്ക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി​ഗോ വിമാന കമ്പനി. ഏപ്രിൽ 20 മുതൽ സർവീസ് ആരംഭിക്കും. പുതിയ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും നേരിട്ടുള്ള വിമാന സർവീസുകൾ. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കറ്റിൽ എത്തും. തിരിച്ച് മസ്‌കറ്റിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലെ മലബാർ മേഖലയേയും ​ഗൾഫ് രാജ്യത്തേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ​ഗതാ​ഗതം കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ സർവീസ് ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തിൽ നിന്ന് ​ഗൾഫ് ലക്ഷ്യസ്ഥാനമുള്ള ഇൻഡി​ഗോ വിമാന സർവീസുകൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറും.

കൊച്ചിയിൽ നിന്നാണ് ഇൻഡി​ഗോയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ​ഗൾഫിലേയ്ക്ക് ഉള്ളത്. ഇൻഡി​ഗോ വിമാന കമ്പനിയുടെ വിമാന സർവീസുകളിലേക്ക് മസ്ക്കറ്റ് കൂടി ചേർക്കപ്പെടുന്നത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴിക കല്ലാണ്. ഇതോടെ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് പ്രധാന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറും.

Content Highlights: Indigo Airlines starts direct flights from kannur to muscat

To advertise here,contact us