മസ്ക്കറ്റ്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ അല് ഖുവൈറിലെ കൊടിമരം അടുത്തമാസം ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ചെയര്മാന് അഹമ്മദ് അല് ഹൈദൈമി അറിയിച്ചു. മസ്ക്കറ്റില് ആരംഭിച്ച ഒമാനി സൊസൈറ്റി ഫോര് ഹ്യൂമന് റിസോഴ്സസ് മാനേജ്മെന്റിന്റെ എട്ടാമത് വാര്ഷിക സമ്മേളനത്തിലാണ് ചെയര്മാന് ഇക്കാര്യം അറിയിച്ചത്. ജിന്ഡാല് ഷദീദുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി കൊടിമരം നിര്മ്മിച്ചിരിക്കുന്നത്. ജിന്ഡാല് ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിന്ഡാല് ഷദീദാണ് ഈ സ്മാരക പദ്ധതിക്ക് ധനസഹായം നല്കിയത്. പൊതു-സ്വകാര്യ മേഖലകള് തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ സംരംഭം യാഥാര്ത്ഥ്യമാക്കുന്നത്.
10 മില്യണ് ഡോളര് ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. 126 മീറ്റര് ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്മ്മിത ഘടനയാണ്. 135 ടണ് ഉരുക്ക് കൊണ്ട് നിര്മ്മിച്ച ഇതിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളില് 900 മില്ലീമീറ്ററുമാണ്. 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്മ്മിത ഘടനയായി അല് ഖുവൈര് സ്ക്വയറിലെ കൊടിമരം നിലകൊള്ളും.
കൊടിമരത്തിലെ ഒമാനി പതാകക്ക് 18 മീറ്റര് നീളവും 31.5 മീറ്റര് വീതിയും ഉണ്ടാകും. വിമാനങ്ങള്ക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിലുണ്ട്. ആവശ്യമായ എന്ജിനിയറിങ് പഠനങ്ങളും പൂര്ത്തിയാക്കി അനുമതികള് നേടിയതിന് ശേഷമാണ് അല് ഖുവൈര് സ്ക്വയര് പദ്ധതിയുടെ നിര്മ്മാണം ആരംഭിച്ചത്. 18,000 ചതുരശ്ര മീറ്റര് വിസ്തൃതിയില് വ്യാപിച്ചുകിടക്കുന്ന പദ്ധതിയില് നിരവധി വിനോദ സൗകര്യങ്ങളാണ് ഒരുക്കുക.
പച്ച നിറഞ്ഞ പ്രദേശങ്ങള്, ഈത്തപ്പനകള്, നടപ്പാത, സൈക്ലിങ് പാതകള്, ഔട്ട്ഡോര് ആര്ട്ട്സ് ആന്ഡ് ക്രാഫ്റ്റ് എക്സിബിഷന്, സ്കേറ്റ് പാര്ക്ക്, കായിക പ്രവര്ത്തനങ്ങള്ക്കായി നിയുക്ത പ്രദേശങ്ങള് എന്നിവ കൊടിമരത്തിനൊപ്പമുള്ള ഇതര പദ്ധതികളാണ്. ശുചിമുറികള്, 107 സ്ഥലങ്ങളുള്ള പാര്ക്കിങ് സ്ഥലം തുടങ്ങി പൊതു സൗകര്യങ്ങളും പദ്ധതിയിലുണ്ട്. പദ്ധതി പൂര്ത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്ഡോര് സ്പോര്ട്സിനുമുള്ള സങ്കേതമായി മസ്കത്തിന്റെ ഹൃദയാഭാഗത്തുള്ള ഈ സ്ഥലം മാറും. ഒമാന്റെ വിഷന് 2040-ന്റെ ലക്ഷ്യങ്ങള് നിറവേറ്റുന്നതിനായുള്ള പൊതു-സ്വകാര്യ മേഖലകള് തമ്മിലുള്ള സഹകരണമാണ് ഈ പദ്ധതിയെ വേറിട്ടുനിര്ത്തുന്നത്.
Content Highlights: Oman Tallest flagpole to be inaugurated next month