ഗള്‍ഫ് ഇവന്റ് മേഖലയില്‍ പ്രശസ്തനായ മലയാളി ഖത്തറില്‍ നിര്യാതനായി

മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലെത്തിക്കും.

ദോഹ: ഗൾഫ് മേഖലയിലെ ഈവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രമുഖനായ പ്രവാസി മലയാളി നിര്യാതനായി. ഗള്‍ഫ് മേഖലയിലെ ഇവന്റ് ഓഡിയോ വിഷ്വല്‍ രംഗത്തെ പ്രമുഖനായ പാലക്കാട് കല്ലടി സ്വദേശി ഹരി നായര്‍ (50) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലിരിക്കെ ഹമദ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തികരിച്ച ശേഷം നാട്ടിലെത്തിക്കും.

ഖത്തറും യുഎഇയും ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ സ്റ്റേജ് ഷോകള്‍ക്ക് ഓഡിയോ വിഷ്വല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായ മീഡിയ പ്രോ ഇന്റര്‍നാഷനലിലും ശേഷം ഖത്തറില്‍ ക്ലര്‍ക്ക് എവിഎല്‍ മാനേജിങ് പാര്‍ട്ണറുമായി പ്രവര്‍ത്തിക്കുകയായിരുന്നു. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് സൗണ്ട് ആന്‍ഡ് ലൈറ്റിന്റെ ഡയറക്ഷന്‍ നിര്‍വഹിക്കാനുള്ള അവസരവും ഹരി നായര്‍ക്ക് ലഭിച്ചു.

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ വിവിധ ഫാന്‍ ഷോകള്‍, എആര്‍ റഹ്‌മാന്‍ ഷോകള്‍, ബ്രയാന്‍ ആഡംസ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ സംഗീത പരിപാടികള്‍ എന്നിവയിലൂടെ ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായിരുന്നു. ഫിഫ ലോകകപ്പ് ഫാന്‍ സോണ്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു.

Content Highlights: Malayalai Expatriate died in qatar

To advertise here,contact us