അപകടകാരികളായ മൃഗങ്ങളെ വളര്‍ത്തുന്നുണ്ടോ? വേഗം പോയി രജിസ്റ്റര്‍ ചെയ്‌തോളൂ, ഇല്ലെങ്കില്‍ പണികിട്ടും

പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദോഹ: വീട്ടില്‍ അപകടകാരികളായ മൃഗങ്ങളെ വളര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്. അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവര്‍ഗങ്ങളെയും കൈവശം വെച്ചിരിക്കുന്ന എല്ലാ വ്യക്തികളും ഏപ്രില്‍ 22 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. വെബ്സൈറ്റ് വഴിയോ നിയുക്ത ഇമെയില്‍ വഴിയോ അവയെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലൈസന്‍സില്ലാതെ ഇത്തരം ജീവിവര്‍ഗങ്ങളെ കൈവശം വെക്കുന്നത് നിയമ ലംഘനമാണ്. മൂന്ന് വര്‍ഷം വരെ തടവോ 10000 ഖത്തര്‍ റിയാല്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ഇനി നിയമലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാല്‍ 25 വര്‍ഷം വരെ കഠിന തടവും നിയമം വ്യവസ്ഥ ചെയ്യുന്നു.

അപകടകാരികളായ ജീവികളെയും ജീവിവര്‍ഗങ്ങളെയും പട്ടികപ്പെടുത്തുന്നതിനുള്ള സമഗ്രമായ സര്‍വേയുടെയും, ദേശീയ നിയമനിര്‍മ്മാണത്തിന്റെയും അന്താരാഷ്ട്ര കരാറുകള്‍ പ്രകാരമുള്ള ഖത്തറിന്റെ ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുന്നതിന്റേയും ഭാഗമായാണെന്ന് മന്ത്രാലയത്തിന്റെ നടപടിയെന്ന് വന്യജീവി വകുപ്പ് മേധാവി ഡോ. ഡാഫി നാസര്‍ ഹൈദാര്‍ പറഞ്ഞു. കടുവകള്‍, സിംഹങ്ങള്‍, റോട്ട്വീലറുകള്‍, ഡോബാര്‍മാന്‍ പോലുള്ള ചില ഇനം നായകള്‍, ബാബൂണുകള്‍, കുരങ്ങുകള്‍ തുടങ്ങി 48 ഇനം ജീവികളാണ് അപകടകാരിയായ ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Content Highlights: Environment ministry calls for registering dangerous animals

To advertise here,contact us