കായിക പ്രേമികളുടെ കണ്ണുകൾ ഇനി സൗദിയിലേക്ക്; വനിതാ ടെന്നീസിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി റിയാദ്

റിയാദിലെ കിം​ഗ് സൗ​ദി യൂണിവേഴ്സിറ്റിയിൽ നവംബർ രണ്ട് മുതൽ ഒമ്പത് വരെയായിരിക്കും ടെന്നീസ് ടൂർണമെന്റ് നടക്കുക

റിയാദ്: സൗദിയിൽ നടക്കുന്ന ആദ്യത്തെ പ്രൊഫഷണൽ വനിതാ ടെന്നീസ് ടൂർണമെന്റ് തലസ്ഥാന ന​ഗരമായ റിയാദിൽ നടക്കും. റിയാദിലെ കിം​ഗ് സൗ​ദി യൂണിവേഴ്സിറ്റിയിൽ നവംബർ രണ്ട് മുതൽ ഒമ്പത് വരെയായിരിക്കും ടെന്നീസ് ടൂർണമെന്റ് നടക്കുക. 2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിത ടെന്നീസ് അസോസിയേഷനിലെ സിം​ഗിൾ ഡബിൾ വിഭാ​ഗങ്ങളിൽ നിന്നായി മികച്ച എട്ട് കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

സൗദി ടെന്നീസ് ഫെഡറേഷനും വുമൺ ടെന്നീസ് അസോസിയേഷനും (ഡബ്ല്യുടിഎ) തമ്മിലുള്ള മൂന്ന് വർഷത്തെ കരാറിലെ ആദ്യത്തെ ടൂർണമെന്റാണിത്. സൗദിയുടെ തലസ്ഥാന ന​ഗരിയിൽ നടക്കാൻ പോകുന്ന വനിത ടെന്നീസ് ടൂർണമെൻ്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് സൗദി ടെന്നീസ് ഫെഡറേഷൻ പ്രസിഡൻ്റ് അരിജ് മുതബഗാനി പറഞ്ഞു. 2030ഓടെ ഒരു ദശലക്ഷം ആളുകളെ ടെന്നീസ് കളിക്കാൻ ആകർഷിക്കുക എന്ന ലക്ഷ്യം ഇതിനകം തന്നെ പുരോ​ഗമിക്കുകയാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ തലസ്ഥാനത്തുടനീളമുള്ള ഡബ്ല്യുടിഎയുടെ കമ്മ്യൂണിറ്റി പരിശീലന ശിൽപശാലകൾ നടന്നിരുന്നു. ടെന്നീസിലെ ലോകത്തെ വമ്പൻ താരങ്ങൾ തമ്മിലുള്ള ആദ്യ മത്സരത്തിന് 30 ദിവസം ബാക്കി നിൽക്കെ കായികരം​ഗത്ത് പുതിയ അധ്യായത്തിൻ്റെ കുതിപ്പിലാണ് രാജ്യമെന്നും മുതബഗാനി കൂട്ടിച്ചേർത്തു.

ആവേശകരമായ ദൃശ്യവിരുന്നിനാണ് റിയാദ് ഒരുങ്ങുന്നത്. ഇതിനായുള്ള ടിക്കറ്റ് webook.com എന്ന വെബ്സൈറ്റ് വഴി വാങ്ങാവുന്നതാണ്. ടെന്നിസിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ഡബ്ല്യുടിഎ പ്രധാനമായും ലക്ഷ്യമിടുന്നത്.

To advertise here,contact us