യുഎഇയില് 90 ദിവസത്തെ സന്ദര്ശക വിസയ്ക്ക് ആവശ്യക്കാര് ഏറുന്നു; അധികവും തൊഴിലന്വേഷകര്

വിവിധ രാജ്യങ്ങളില് നിന്ന് തൊഴില് തേടി യുഎഇയില് എത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് വിസ അപേക്ഷകളുടെ എണ്ണവും വര്ദ്ധിച്ചത്

ദുബൈ: യുഎഇയില് മൂന്ന് മാസത്തെ സന്ദര്ശക വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില് വന് വര്ദ്ധനവ്. തൊഴിലന്വേഷകരാണ് കൂടുതലായും വിസയ്ക്ക് അപേക്ഷിക്കുന്നതെന്ന് ട്രാവല് ഏജന്സികള് വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 90 ദിവസം കാലാവധിയുളള സന്ദര്ശക വിസ യുഎഇ പുനഃരാരംഭിച്ചത്. വിവിധ രാജ്യങ്ങളില് നിന്ന് തൊഴില് തേടി യുഎഇയില് എത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് വിസ അപേക്ഷകളുടെ എണ്ണവും വര്ദ്ധിച്ചത്.

90 ദിവസം വരെ യുഎഇയില് തങ്ങാനും ജോലി കണ്ടെത്താനും സാവകാശം ലഭിക്കും എന്നതിനാലാണ് ഈ കാറ്റഗറിയില് ഉള്ള വിസയ്ക്ക് ആവശ്യക്കാര് ഏറിയത്. നിലവില് മൂന്ന് മാസത്തെ വിസ രണ്ട് കാറ്റഗറികളിലായാണ് അനുവദിക്കുന്നത്. യുഎഇയില് റസിഡന്സ് വിസയുളള ആള്ക്ക് അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സ്പോൺസര് ചെയ്യാന് കഴിയുന്നതാണ് ഇതില് ആദ്യത്തേത്. സ്പോണ്സര് ചെയ്യുന്ന ആള്ക്ക് ആറായിരം ദിര്ഹത്തില് കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം.

ട്രാവല് ഏജന്സികള് വഴി സന്ദര്ശക വിസ അനുവദിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ട്രാവല് ഏജന്റായിരിക്കും ഇവിടെ സ്പോൺസര്. പാസ്പോര്ട്ടിന്റെ പകര്പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്. 1200 ദിര്ഹം മുതല് 1400 ദിര്ഹം വരെയാണ് വിസക്ക് ചെലവ് വരുന്നത്. അപേക്ഷ നല്കിയാല് രണ്ട് മുതല് അഞ്ച് ദിവസം വരെയുള്ള കാലയളവില് വിസ ലഭിക്കും.

To advertise here,contact us