ദുബായ് യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് മുൻകൂട്ടി അറിയാം; നോക്കേണ്ടത് ഇങ്ങനെ

'ഇൻക്വയറി ഫോർ സ്മാർട്ട് ​ഗേറ്റ് രജിസ്ട്രേഷൻ ' എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലഭ്യമാണ്

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും മറ്റുമായുള്ള യാത്രക്കാരുടെ തിരക്ക് കാരണം കാത്തിരിപ്പ് നീളാറുണ്ട്. എമിഗ്രേഷന്‍ നടപടി സമയം കുറയ്ക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍.

വിമാന യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവനമാണ് ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചിരിക്കുന്നത്. 'ഇൻക്വയറി ഫോർ സ്മാർട്ട് ​ഗേറ്റ് രജിസ്ട്രേഷൻ ' എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും. കൂടാതെ അവർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പാക്കാനും കഴിയും. പൂർണ്ണമായും ഈ സേവനം സൗജന്യമാണ്. ദുബായ് എയർപോർട്ടിൽ 127 സ്മാർട്ട്‌ ഗേറ്റുകളാണ് ഉള്ളത്.

സ്മാർട്ട് ​ഗേറ്റ് രജിസ്ട്രേഷൻ യോ​ഗ്യത എങ്ങനെ പരിശോധിക്കാം:

  • ജിഡിആർഎഫ്എ വെബ്സൈറ്റ് സന്ദർശിക്കുക.
  • ഇൻക്വയറി ഫോർ സ്മാർട്ട് ​ഗേറ്റ് രജിസ്ട്രേഷൻ https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • താഴെപ്പറയുന്ന വിവരങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകുക:‌
  • പാസ്പോർട്ട് നമ്പർ
  • വിസ ഫയൽ നമ്പർ
  • യുഡിബി നമ്പർ
  • എമിറേറ്റ്സ് ഐ ഡി വിവരങ്ങൾ
  • ദേശീയതയും, ജനനത്തീയതിയും ലിംഗഭേദം എന്നിവ തിരഞ്ഞെടുക്കുക.
  • "സബ്മിറ്റ്" ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് യാത്രക്കാരന് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുണ്ടോ ഇല്ലയോ എന്ന് അറിയാൻ സാധിക്കും.

സ്‌മാർട്ട് ഗേറ്റ്‌ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം?

  • പാസ്‌പോർട്ട് നിയന്ത്രണത്തിലെ ഒരു പ്രത്യേക വിഭാഗമായ സ്മാർട്ട് ഗേറ്റിൽ ആദ്യം പ്രവേശിച്ച് 'കാൽ പാദത്തിന്റെ' ചിഹ്നത്തിൽ നിൽക്കുക.
  • മുഖംമൂടികൾ, കണ്ണടകൾ, തൊപ്പികൾ എന്നിവ പോലെ നിങ്ങളുടെ മുഖം മൂടുന്ന എന്തും നീക്കം ചെയ്യുക.
  • നിങ്ങളുടെ ബോർഡിംഗ് പാസും പാസ്‌പോർട്ടും കയ്യിൽ ഉണ്ടായിരിക്കണം.
  • ബയോമെട്രിക്‌സ് പരിശോധിച്ചുറപ്പിക്കുന്നതിനും സ്‌ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ക്യാമറയുടെ മുകളിലുള്ള പച്ച ലൈറ്റിലേക്ക് നോക്കുക.
  • ബയോമെട്രിക്‌സിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സ്മാർട്ട് ഗേറ്റുകൾ തുറക്കും. ഇതോടെ നിങ്ങളുടെ പാസ്‌പോർട്ട് നിയന്ത്രണ പ്രക്രിയ പൂർത്തിയാകും.
  • ചില സന്ദർഭങ്ങളിൽ യുഎഇ നിവാസിയോ, റസിഡൻസ് വിസക്കാരോ ആണെങ്കിൽ എമിറേറ്റ്സ് ഐഡിയോ പാസ്‌പോർട്ടോ നൽകാതെ നിങ്ങൾക്ക് സ്മാർട്ട് ഗേറ്റ്‌സ് വഴി പോകാനാകും.
  • നിങ്ങൾ ചെയ്യേണ്ടത് ക്യാമറയിലേക്ക് നോക്കി കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക. സിസ്റ്റം നിങ്ങളുടെ മുഴുവൻ പേരും ഫോട്ടോയും വീണ്ടെടുത്ത് നടപടി അതിവേഗം പൂർത്തിയാക്കും.

ലോകത്തിലെ ഏറ്റവും തിരക്കോറിയ എയർപോർട്ടുകളിൽ ഒന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെയുള്ള യാത്ര നടപടികൾ കൂടുതൽ വേഗത്തിലാണ് പൂർത്തിയാകുന്നത്. നിലവിൽ ഏതാനും സെക്കന്റുകൾ കൊണ്ട് യാത്രക്കാരെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട്‌ ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലുള്ളതെന്ന് ജിഡിആർഎഫ്എ വെളിപ്പെടുത്തി. 2023-ൽ 21 മില്യണിലധികം പേരാണ് സ്മാർട്ട്‌ ഗേറ്റ് ഉപയോഗിച്ചത്.

To advertise here,contact us