ഹജ്ജ് 2025: യുഎഇ തീര്‍ത്ഥാടകര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഹജ്ജിന് രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സമയപരിധി

ദുബായ്: അടുത്ത വര്‍ഷത്തെ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ആഗ്രഹിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നാളെ മുതല്‍. സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഹജ്ജിന് രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സമയപരിധി. സ്മാര്‍ട്ട് ആപ്പിലോ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്തിന്റെ (ഔഖാഫ് യുഎഇ) വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഹജ്ജിനായി രജിസ്റ്റര്‍ ചെയ്യുന്നയാള്‍ യുഎഇ പൗരനായിരിക്കണം എന്ന നിബന്ധനയുണ്ട്. കുറഞ്ഞത് 12 വയസായിരിക്കണം. കഴിഞ്ഞ അഞ്ച് സീസണുകളില്‍ ഹജ്ജ് ചെയ്തിട്ടുള്ളവരാകാന്‍ പാടുള്ളതല്ല, എന്നിങ്ങനെയാണ് നിബന്ധനകള്‍.

ആദ്യമായി തീര്‍ത്ഥാടനത്തിന് പോകുന്നവര്‍, ഭേദമാകാത്ത അസുഖബാധിതര്‍, പ്രായമായവര്‍, അവരുടെ ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കുന്നതാണ്. 2025ലെ ഹജ്ജ് നിര്‍വഹിക്കുന്നതിന് യുഎഇയില്‍ 6,228 സ്ലോട്ടുകളാണ് ഉണ്ടായിരിക്കുക.

തീര്‍ത്ഥാടകര്‍ക്ക് എല്ലാ മെഡിക്കല്‍, നിയമ, ലോജിസ്റ്റിക് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അധികൃതരുമായി സഹകരിച്ച് ഔഖാഫ് യുഎഇ ഹജ്ജ് പെര്‍മിറ്റുകളും നുസുക് കാര്‍ഡുകളും നല്‍കും. ഇത്തവണ ഏകദേശം 1.8 ദശലക്ഷം പേര്‍ ഹജ്ജ് നിര്‍വ്വഹിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ 1.6 ദശലക്ഷം പേര്‍ സൗദി അറേബ്യയുടെ പുറത്തുനിന്ന് വന്നവരാണ്.

To advertise here,contact us