കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ; യുപി സ്വദേശിനിയുടെ വധശിക്ഷ അബുദാബിയിൽ നിർത്തിവെച്ചു; പുനഃപരിശോധനാ ഹർജി നൽകി

അബുദാബിയില്‍ ഇന്ത്യന്‍ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഷഹ്സാദിയെ വധശിക്ഷയ്ക്ക് വിധിച്ചത്

അബുദാബി: കേന്ദ്രസര്‍ക്കാരിൻ്റെ ഇടപെടലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ അബുദാബിയില്‍ നിര്‍ത്തിവെച്ചു. ഉത്തര്‍പ്രദേശ് ഗൊയ്‌റ മുഗളി സ്വദേശിനിയായ 33കാരി ഷഹ്‌സാദിയുടെ വധശിക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലൂടെ താത്ക്കാലികമായി നിര്‍ത്തിവെച്ചത്. വിഷയം പരിഗണനയിലാണെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കിയതായും അബുദാബിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. അബുദാബിയില്‍ ഇന്ത്യന്‍ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഷഹ്സാദിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നും ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആണെന്നും പറഞ്ഞ് ഷഹ്‌സാദി കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും ഷഹ്‌സാദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപടെല്‍ എന്നാണ് വിവരം. നിലവില്‍ അബുദാബിയിലെ അല്‍ വത്ബ ജയിലില്‍ കഴിയുകയാണ് ഷഹ്സാദി.

Also Read:

Kerala
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കും; കൂട്ടിലിട്ട് ചികിത്സ നൽകും

2021ലായിരുന്നു ഷഹ്‌സാദി അബുദാബിയില്‍ എത്തിയത്. നാട്ടില്‍ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഷഹ്സാദിയെ അയാള്‍ ബന്ധുക്കള്‍ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികള്‍ക്ക് വിറ്റു. അബുദാബിയിലായിരുന്ന ഇവര്‍ ഷഹ്സാദിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്സാദിയെ അവര്‍ അബുദാബിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്സാദിയുടെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. കേസില്‍ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബുദാബി കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചു. കോടതി വിധിക്ക് പിന്നാലെ ഷഹ്സാദിയുടെ പിതാവ് ഷബ്ബിര്‍ ഖാന്‍ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരേയും കണ്ട് തന്റെ മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ച ആളാണ് ഷഹ്‌സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് മുഖത്ത് സാരമായ പരിക്കേറ്റു. 2020ലായിരുന്നു ഉസൈറിനെ ഇവര്‍ പരിചയപ്പെടുന്നത്. മുഖത്ത് പൊള്ളലേറ്റുണ്ടായ പാടുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും ആഗ്രയില്‍ സുഖജീവിതം നയിക്കാമെന്നും ഇയാള്‍ ഷഹ്‌സാദിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ഷഹ്‌സാദി ആഗ്രയിലെത്തി. എന്നാല്‍ ഇവിടെവെച്ച് ഷഹ്‌സാദിയെ ഉസൈര്‍ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

Content Highlights- Uttarpradesh woman's execusion put on hold after india government intervention

To advertise here,contact us