ദുബായ്: എമിറാത്തിയിലെ ഏറ്റവും പ്രായം കൂടിയ ബിസിനസ് നേതാക്കളിൽ ഒരാളും മേഖലയിലെ ഒരു മുതിർന്ന മുത്തുകച്ചവടക്കാരനുമായ ഹജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ അന്തരിച്ചു. 94 വയസായിരുന്നു. അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാനായിരുന്നു അദ്ദേഹം. ചെറുമകനും അൽ ഫർദാൻ എക്സ്ചേഞ്ച് എൽഎൽസിയുടെ സിഇഒയുമായ ഹസൻ ഫർദാൻ അൽ ഫർദാനാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത ലിങ്ക്ഡിനിലൂടെ അറിയിച്ചത്.
'എന്റെ പ്രിയപ്പെട്ട മുത്തച്ഛനും അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാനുമായ ഹജ് ഹസൻ ഇബ്രാഹിം അൽ ഫർദാന്റെ വിയോഗത്തിൽ ഞാൻ അഗാധമായ ദുഃഖം പങ്കുവെക്കുന്നു', ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു. ലോകത്തിന് അദ്ദേഹം ഒരു പയനിയറായിരുന്നു. 1954-ൽ മുത്ത് വ്യാപാരത്തിലൂടെ തന്റെ യാത്ര ആരംഭിച്ച അദ്ദേഹം പ്രതിരോധശേഷി, വിനയം, മികവിനോടുള്ള സ്ഥിരമായ പ്രതിബദ്ധത എന്നിവയിൽ വേരൂന്നിയ വൈവിധ്യമാർന്ന ഒരു സംരംഭം കെട്ടിപ്പടുത്തു. തനിക്ക് അദ്ദേഹം ഒരു മുത്തച്ഛൻ മാത്രമായിരുന്നില്ല. തന്റെ വഴികാട്ടിയും തങ്ങളുടെ കുടുംബത്തിന്റെ അടിത്തറയുമായിരുന്നുവെന്നും ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു.
യുഎഇയോടും അതിന്റെ നേതൃത്വത്തോടുമുള്ള മുത്തച്ഛന്റെ സ്നേഹം ആഴമുള്ളതായിരുന്നുവെന്നും ഹസൻ ഫർദാൻ പറഞ്ഞു. എമിറാത്തി തലമുറകൾ അഭിവൃദ്ധി പ്രാപിക്കുകയും രാജ്യത്തിന്റെ കഥയിൽ അർത്ഥവത്തായ സംഭാവന നൽകുകയും ചെയ്യുക എന്നതാണ് തന്റെ സ്വപ്നമെന്ന് പലപ്പോഴും മുത്തച്ഛൻ പറയുമായിരുന്നു. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാൻ അദ്ദേഹം ജീവിച്ചിരുന്നതിൽ തൻ നന്ദിയുള്ളവനാണെന്നും ഹസൻ ഫർദാൻ കൂട്ടിച്ചേർത്തു. സ്ഥാപകനോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് അൽ ഫർദാൻ ഗ്രൂപ്പ് അറിയിച്ചു.
Content Highlights: UAE Veteran Emirati business leader Haj Hasan Ibrahim Al Fardan passes away