ഷാർജയിൽ റെസിഡൻഷ്യൽ ടവറിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം

കെട്ടിടത്തിലെ 44-ാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു

ഷാർജ: ഷാർജയിൽ റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ആറുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.30ന് അൽ നഹ്ദിയിലെ റെസിഡൻഷ്യൽ ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 44-ാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.

മരിച്ചവരിൽ ഒരാൾ പാകിസ്താനിയാണ്. ഹൃദയാഘാതമാണ് ഇയാളുടെ മരണത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപിടിത്തത്തിനിടെ രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പരിക്കേറ്റ നാലുപേരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനായിട്ടില്ല. ആഫ്രിക്കൻ പൗരന്മാരാണെന്നാണ് സംശയിക്കുന്നത്. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ആരുടേയും നില ​ഗുരുതരമല്ലെന്നാണ് വിവരം.

ഷാർജ സിവിൽ ഡിഫൻസ് ഉടനെ സ്ഥലത്തെത്തി തീ പൂർണമായി നിയന്ത്രണവിധേയമാക്കി. ഒന്നിലധികം ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. ആംബുലൻസ്, പൊലീസ് ടീമുകളും രക്ഷാ ദൗത്യത്തിനായി എത്തിയിരുന്നു. കെട്ടിടത്തിൽ നിന്ന് പൂർണമായും താമസക്കാരെ ഒഴിപ്പിച്ചു. ശേഷമാണ് തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. തീപിടിത്തത്തിന് പിന്നാലെ പരിസര പ്രദേശങ്ങളിൽ കറുത്ത പുക ഉയർന്നിരുന്നു. തീപിടിത്ത കാരണം കണ്ടെത്താനായി ഫോറൻസിക് പരിശോധന നടത്തും.

Content Highlights: Sharjah 5 dead, 6 injured in Al Nahda building fire

To advertise here,contact us