ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വീണ്ടും മലയാളികള്ക്ക് ഭാഗ്യം. ബിഗ് ടിക്കറ്റിന്റെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില് മലയാളികള് ഉള്പ്പടെ അഞ്ച് പേര്ക്കാണ് 150,000 ദിര്ഹം (ഏകദേശം 34.85 ലക്ഷം രൂപ) വീതം ലഭിച്ചത്. ജോജി ഐസക്, ദേവദത്ത് വാസുദേവന് എന്നിവരാണ് ഭാഗ്യം സ്വന്തമാക്കിയ മലയാളികള്.
2007 മുതല് ദുബായില് താമസിച്ച് വരികയാണ് എഞ്ചിനീയറായ ജോജി ഐസക്. 2010ല് സുഹൃത്തുക്കള് വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് കേള്ക്കുന്നതെന്ന് ജോജി പറയുന്നു. 2011ല് ആദ്യമായി ടിക്കറ്റ് എടുത്തു. അതിന് ശേഷം എല്ലാ മാസവും ടിക്കറ്റുകള് വാങ്ങാന് ശ്രമിക്കുമായിരുന്നു. പലപ്പോഴും സുഹൃത്തുക്കള്ക്കൊപ്പമാണ് ടിക്കറ്റ് എടുത്തിരുന്നത്. ടിക്കറ്റ് അടിച്ചുവെന്ന കോള് ലഭിച്ചപ്പോള് വിശ്വസിക്കാനായില്ലെന്നും അത് സന്തോഷം നിറഞ്ഞ നിമിഷമായിരുന്നുവെന്നും ജോജി ഐസക് പറഞ്ഞു.
ഓണ്ലൈനിലൂടെയാണ് ദേവദത്ത് വാസുദേവന് ബിഗ് ടിക്കറ്റ് എടുത്തത്. ഇന്ത്യന് പ്രവാസിയായ പാക്കീര് അഹമ്മദ് മരായ്ഖാന് ആണ് ഭാഗ്യം നേടിയ മറ്റൊരാള്. 38കാരനായ പാക്കീര് 18 വര്ഷമായി ദുബായിലുണ്ട്. കഴിഞ്ഞ നാല് വര്ഷത്തിലധികമായി മറ്റൊരു സുഹൃത്തുമായി ചേര്ന്നാണ് പാക്കീര് ടിക്കറ്റ് എടുക്കുന്നത്.
ബംഗ്ലാദേശ് സ്വദേശികളായ റെയ്ബുള് ഹസന്, മിന്ഹാസ് ചൗദരി എന്നിവരാണ് മറ്റ് ഭാഗ്യശാലികള്. 15 വര്ഷമായി ഒമിനിലെ ഒരു ലേബര് കമ്പനിയിലെ തൊഴിലാളിയാണ് മിന്ഹാസ്. 29കാരനായ റെയ്ബുള് ഖത്തറില് ഡ്രൈവറായി ജോലി ചെയ്യുകയാണ്.
Content Highlights: Driver, engineer among 5 who won Dh150,000 in Big Ticket's weekly online draw