ഉദയന്‍ ചൈതന്യ, നാടകപ്രേമികൾ മറക്കാത്ത പേര്; വാഹനാപകടം കവർന്നെടുത്ത അതുല്യ പ്രതിഭയെ ഓർക്കുമ്പോൾ

ഉദയനെ വാഹനാപകടം കവർന്നെടുത്തതിന് 32 വർഷത്തിനിപ്പുറവും നാടകപ്രേമികൾക്ക് ഉദയനും ചൈതന്യയും തെളിച്ചമുള്ള ഓർമ്മയാണ്. അതിനൊരു കാരണമുണ്ട്.

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു എന്ന സങ്കടവാർത്തയിലേക്കാണ് ഇന്ന് കേരളം ഉണർന്നത്. കായംകുളം ദേവ കമ്യൂണിക്കേഷന്‍സ് നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലിയും കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹനുമാണ് മരിച്ചത്. ആ വാർത്ത കേൾക്കുമ്പോൾ കേരളത്തിലെ നാടകപ്രേമികൾ ഓർക്കുന്ന മറ്റൊരു പേരുണ്ട്, ഉദയൻ ചൈതന്യ. ഇതുപോലൊരു വാഹനാപകടത്തിലാണ് ആ നാടകപ്രവർത്തകനെ കലാലോകത്തിന് നഷ്ടമായത്.

1992 ഏപ്രിൽ‌ 10. അന്നായിരുന്നു ആ അപകടമുണ്ടായത്. കൊല്ലം ചൈതന്യ നാടകസമിതിയുടെ അമരക്കാരനായിരുന്നു ഉദയൻ. സമിതിയുടെ 13ാമത് നാടകം സേനാപതി അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്ക് കുതിക്കുന്ന കാലമാണ്. അന്ന് തിരുവനന്തപുരം അമരവിളയിലായിരുന്നു ആദ്യത്തെ നാടകം. അന്ന് രാത്രി തന്നെ മറ്റൊരിടത്തും നാടകം കളിക്കേണ്ടതാണ്. അവിടേക്കുള്ള യാത്രയിലായിരുന്നു നാടകസമിതി. മിക്കവരും പാതിയുറക്കത്തിലായിരുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടതോടെ വലിയൊരു ശബ്ദത്തോടെ വണ്ടി എവിടെയോ ഇടിച്ചു. ഡ്രൈവർക്കൊപ്പം മുൻസീറ്റിലായിരുന്നു ഉദയൻ. ആ അപകടം ഉദയന്റെ ജീവനെടുത്തു.

ഉദയന്റെ ഭാര്യയും അഭിനേത്രിയുമായ ഉഷാ ഉദയനും ആ വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ ബോധം നഷ്ടപ്പെട്ട ഉഷ തിരികെ ജീവിതത്തിലേക്കെത്തിയത് ആറാം ദിവസമാണ്. ​ഗുരുതരമായ പരിക്കുകളുടെ വേദനക്കിടയിൽ ഹൃദയം നുറുങ്ങുന്ന ആ വാർത്തയും അവരറിഞ്ഞു, ഉദയൻ പോയി. ഉദയന്റെ ഓർമ്മ നൽകിയ ശക്തിയിൽ അവർ ഉയിർത്തെഴുന്നേറ്റതും കൊല്ലം ചൈതന്യയുടെ നേതൃത്വം ഏറ്റെടുത്തതും ചരിത്രം. മരിച്ചുപോയ പങ്കാളിയുടെ സ്വപ്‌നത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതായിരുന്നു ഉഷയ്ക്ക് സമിതി ഏറ്റെടുക്കാനുള്ള പ്രചോദനം. ചൈതന്യയുടെ നടത്തിപ്പിനൊപ്പം സംവിധായികയായും അഭിനേതാവായും അവർ‌ തിളങ്ങി. നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി. ആ ബഹുമതികള്‍ ഉഷയ്ക്ക് തനിക്കൊപ്പമില്ലാത്ത ഉദയന്റെ സ്‌നേഹത്തിനുള്ള സമ്മാനമാണ്. കൊല്ലം ചൈതന്യയുടെ നാടകം ഒരുതവണയെങ്കിലും കണ്ടിട്ടുള്ളവർക്ക് ഉദയനും ഉഷയും പ്രിയപ്പെട്ടവരാണ്. ഉദയനെ വാഹനാപകടം കവർന്നെടുത്തതിന് 32 വർഷത്തിനിപ്പുറവും നാടകപ്രേമികൾക്ക് ഉദയനും ചൈതന്യയും തെളിച്ചമുള്ള ഓർമ്മയാണ്.

അതുപോലെ തന്നെയാവും കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ നാടകങ്ങൾ കണ്ടിട്ടുള്ളവർക്ക് ജെസിയും അഞ്ജലിയും. അവർ ചെയ്ത കഥാപാത്രങ്ങൾ കാലമെത്ര കഴിഞ്ഞാലും കാഴ്ച്ചക്കാരുടെ മനസിൽ നിറഞ്ഞുനിൽക്കട്ടെ….

Also Read:

Kerala
കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Content Highlights: Remembering artist Udayan of Kollam Chaithanya

To advertise here,contact us