രാജ്യത്തിന്‍റെ നികുതി ഭാരം ചുമക്കുന്നത് കോർപ്പറേറ്റുകളല്ല, സാധാരണക്കാര്‍? ബജറ്റ് പറയുന്നത്...

സാമൂഹിക സുരക്ഷയോ പെന്‍ഷനോ ഇല്ലാത്ത ജനങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്നത് എന്നതാണ് വസ്തുത.

ഓരോ ബജറ്റിനെയും പ്രതീക്ഷയോടെയാണ് മാസ ശമ്പളക്കാരായ ഇന്ത്യയിലെ മധ്യവര്‍ഗം ഉറ്റുനോക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരുന്ന ഇവരാണ് അടിസ്ഥാന വികസനത്തിനും ക്ഷേമ രാഷ്ട്രത്തിനും വേണ്ട പണത്തിന്‍റെ ഭൂരിഭാഗവും നല്‍കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2.24 കോടി ഇന്ത്യക്കാര്‍ അതായത് ജനസംഖ്യയുടെ 1.6 ശതമാനം വരുന്ന വിഭാഗമാണ് ആദായ നികുതിയും കോര്‍പ്പറേറ്റ് ടാക്സും ഉള്‍പ്പെടെയുളള പ്രത്യക്ഷ നികുതി അടച്ചത്.

പ്രത്യക്ഷ നികുതി (Direct Tax) വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. സാമ്പത്തിക മാനങ്ങളില്‍ ഇത് ശുഭസൂചനയാണ്. എന്നാല്‍ സര്‍ക്കാരിന് ലഭിക്കുന്ന പ്രത്യക്ഷ നികുതിയില്‍ കോര്‍പ്പറേറ്റ് നികുതി വരുമാനത്തെക്കാള്‍ കൂടുതലാണ് ആദായ നികുതി വരുമാനം. അതായത് രാജ്യത്തെ കോര്‍പ്പറേറ്റുകളെക്കാള്‍ കൂടുതല്‍ നികുതി സാധാരണക്കാരായ മാസ വരുമാനക്കാര്‍ സര്‍ക്കാരിലേക്ക് അടക്കുന്നു. ലോകത്ത് സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുളള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ എന്നതും ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

കണക്കുകള്‍ പറയുന്നത്…

2014-15 സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 2024-25 ലെത്തുമ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്ന കോര്‍പ്പറേറ്റ് നികുതിയിലെ വളര്‍ച്ച 2.3 ശതമാനമാണ്. ഇതേ കാലയളവിലെ ആദായ നികുതി വരുമാനത്തിലെ വളര്‍ച്ച 4.5 ശതമാനവും.

2023-24 സാമ്പത്തികവർഷം ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 19.58 ലക്ഷം കോടി രൂപയാണ്. ഇതില്‍ 53 ശതമാനം ആദായ നികുതിയും 47 ശതമാനം കോര്‍പ്പറേറ്റ് നികുതിയുമാണ്.

നടപ്പു സാമ്പത്തികവർഷം ഏപ്രിൽ ഒന്നുമുതൽ ജൂലായ് 11 വരെയുള്ള അറ്റ പ്രത്യക്ഷ നികുതി വരുമാനം 5,74,357 കോടി രൂപയാണ്. ഇതിൽ കോർപ്പറേറ്റ് നികുതി വരുമാനം 2,10,274 കോടി രൂപയും വ്യക്തിഗത നികുതിവരുമാനം 3,46,036 കോടി രൂപയുമാണ്.

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഓഹരി വിപണികള്‍ പല തവണ പുതിയ ഉയരങ്ങള്‍ കുറിച്ചു ബിഎസ്ഇ സെന്‍സെക്സ് 2012 ല്‍ 19,000 പോയന്‍റായിരുന്നത് 2024 ല്‍ 80,000 പോയന്‍റിലെത്തി. കമ്പനികള്‍ തന്നെ പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ലാഭം നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ഈ ലാഭത്തിന്‍റെ എത്ര ശതമാനമാണ് നികുതിയായി സര്‍ക്കാരിലേക്കെത്തുന്നത്?

നികുതി ഭാരം ചുമക്കുന്ന ഇടത്തരക്കാര്‍

ആദായനികുതിക്ക് പുറമെ ജിഎസ്ടി അടക്കമുളള പരോക്ഷ നികുതിയുടെ ഭാരവും ഇടത്തരക്കാരുടെ ചുമലിലാണ്. ജിഎസ്ടി വഴി ഇടത്തരക്കാരുടെ ചെലവുകള്‍ക്ക് മേലും സര്‍ക്കാര്‍ നികുതി ചുമത്തുന്നു. മാസവരുമാനക്കാര്‍ ജിഎസ്ടി അടച്ചാല്‍ റീഫണ്ട് ലഭിക്കില്ല എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും.

വ്യക്തികള്‍ക്ക് വരുമാനത്തിന്‍ മേല്‍ നികുതി ചുമത്തുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വരുമാനത്തിൽ നിന്ന് ചെലവുകൾ കുറച്ചതിന് ശേഷമുള്ള ലാഭത്തിന്‍ മേലാണ് നികുതി. ഈ അന്തരം നികത്താനാണ് സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ അവതരിപ്പിച്ചത് എന്നാല്‍ അതില്‍ 25000 രൂപയുടെ വര്‍ധനമാത്രമാണ് ഇത്തവണ നല്‍കിയത്. മാത്രമല്ല ഇത് ന്യൂറെജിമിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. സ്റ്റാന്‍ഡേഡ് ഡിഡക്ഷനിലെ വര്‍ധനയും എന്‍പിഎസിലെ തൊഴിലുടമയുടെ വിഹിതം വര്‍ധിപ്പിച്ചതും ന്യൂറെജിമിന് മാത്രമാക്കുന്നതിലൂടെ ഇടത്തരക്കാരുടെ നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ആദായ നികുതി ഇളവ് നല്‍കുന്ന ഓള്‍ഡ് റെജിമിനെ കൂടുതല്‍ അനാകര്‍ഷകമാക്കുക കൂടി ചെയ്യുന്നു സര്‍ക്കാര്‍.

നികുതി സ്ലാബില്‍ വരുത്തുന്ന ചെറിയ മാറ്റമല്ലാതെ ആദായ നികുതിയില്‍ കാര്യമായ മാറ്റം വരുത്താറില്ല മാറി മാറി വരുന്ന സര്‍ക്കാരുകള്‍. സ്ലാബുകള്‍ പുതുക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട നികുതിക്കപ്പുറം സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പരിഗണിക്കാത്തതും സാധാരണക്കാരന്‍റെ നികുതിഭാരം കൂട്ടുന്നു. 2019 ല്‍ രണ്ട് ലക്ഷം കോടിയോളം രൂപയുടെ നികുതി ഇളവാണ് കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത്. ഇത്തവണയും കോര്‍പ്പറേറ്റ് ടാക്സില്‍ 5 ശതമാനത്തിന്‍റെ ഇളവാണ് പ്രഖ്യാപിച്ചിട്ടുളളത്.

2022 ഒക്ടോബറിലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ആകെ 15 ലക്ഷം സ്വകാര്യ കമ്പനികളുണ്ട്. സാമ്പത്തിക അസമത്വ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ ദേശീയ വരുമാനത്തിന്‍റെ 22.6 ശതമാനവും എത്തുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരിലേക്കാണ്. ഏറ്റവും സമ്പന്നരായ 0.1 ശതമാനം പേർ ദേശീയ വരുമാനത്തിന്റെ 10 ശതമാനം കൈയടക്കുന്നു. ഇങ്ങനെയൊക്കെ ആണങ്കിലും സാമൂഹിക സുരക്ഷയോ പെന്‍ഷനോ ഇല്ലാത്ത ജനങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്നത് എന്നതാണ് വസ്തുത.

To advertise here,contact us