പ്രാര്‍ത്ഥനകള്‍ വിഫലമായ ഷിരൂര്‍... വയനാട്ടില്‍ ഉരുളെടുത്ത ജീവിതങ്ങള്‍...; മറക്കാനാകാത്ത ദിനങ്ങള്‍

ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള പ്രാർത്ഥനകള്‍ അവസാനിക്കുന്നതിന് മുമ്പാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം കേരളത്തെ നടുക്കിയത്

1 min read|03 Jan 2025, 06:20 pm

ലോകമൊന്നടങ്കം പ്രാർത്ഥനയോടെയും നടുക്കത്തോടെയും കേട്ട വാർത്തകളായിരുന്നു വയനാട്ടിലും കർണാടകയിലെ ഷിരൂരിലും ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍. ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള പ്രാർത്ഥനകള്‍ അവസാനിക്കുന്നതിന് മുമ്പാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം കേരളത്തെ നടുക്കിയത്.

അര്‍ജുന് വേണ്ടി പ്രാർത്ഥിച്ച ദിവസങ്ങള്‍

ജൂലൈ 15 ന് അര്‍ധരാത്രിയാണ് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ കോഴിക്കോട്ടുകാരന്‍ മനാഫിന്റെ കെ എ15എ 7427 രജിസ്‌ട്രേഷനിലുള്ള ഭാരത് ബന്‍സിന്റെ ഏറ്റവും നൂതനമായ ലോറിയുമായി യാത്ര ആരംഭിക്കുന്നത്. സാഗര്‍കോയ ടിംബേഴ്സിന്റെ ഏറ്റവും പുതിയ ലോറിയുമായി ബംഗളുരുവില്‍ നിന്നും മരം കയറ്റി കല്ലായിലേക്കായിരുന്നു യാത്ര. അക്വേഷയാണ് ലോഡ്. ജൂലൈ പതിനാറ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അവസാനമായി അര്‍ജുന്‍ വീട്ടിലേക്ക് വിളിക്കുന്നത്.

കര്‍ണാടകയിലെ ഷിരൂരില്‍ ജൂലൈ 16ന് രാവിലെ 8.30നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കിലെ ജിപിഎസ് സംവിധാനം അവസാനമായി പ്രവര്‍ത്തിച്ചത് അന്ന് രാവിലെ 8.49ന്. ലോറിയുടെ ലൊക്കേഷന്‍ അവസാനമായി കാണിച്ചതും ഷിരൂരില്‍ തന്നെ. ഷിരൂരില്‍ ലോറി ഓഫായി. അതിന് ശേഷം ഓഫ് ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പില്‍ കാണിച്ചത്. അര്‍ജുന്റെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഷിരൂരിലെ മണ്ണിടിച്ചിലിനെക്കുറിച്ച് അറിയുന്നത്. ആദ്യം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി തന്നെ അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു പ്രസാദ് എന്നിവര്‍ ഷിരൂരിലെത്തി. ലോറി ഉടമ മനാഫിന്റെ സഹോദരന്‍ മുബീനും സുഹൃത്ത് രഞ്ജിത്തും ഷിരൂരിലേക്ക് തിരിച്ചിരുന്നു.

അവിടെയെത്തിയ സംഘം കണ്ടത് തീര്‍ത്തും നിരാശജനകമായ കാഴ്ചയായിരിന്നു. ഒരു മണ്ണുമാന്ത്രിയന്ത്രവും ഒരു പൊലീസ് ജീപ്പും മാത്രമായിരുന്നു അവിടെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. പിന്നീട് അങ്ങോട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള പോരാട്ടമായിരുന്നു ലോറി ഉടമ മനാഫും കുടുംബവും നടത്തിയത്. അര്‍ജുന്റെ സഹോദരി അഞ്ജു കോഴിക്കോട് എംപി എം കെ രാഘവനെ പോയി കണ്ട് പരാതി പറഞ്ഞു. ഒപ്പം മാധ്യമങ്ങളെയും വിവരമറിയിച്ചു. മനാഫ് പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങി. അപ്പോഴേക്കും മണ്ണിടിച്ചിലുണ്ടായി മൂന്ന് ദിവസം പിന്നിട്ടിരുന്നു.

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവും, എംപി കെ സി വേണുഗോപാലും അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഷിരൂരിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. 'ഒരു ഡ്രൈവര്‍ക്കു വേണ്ടിയാണോ നിങ്ങള്‍ ഇത്ര കഷ്ടപ്പെടുന്നതെന്ന കര്‍ണാടക സര്‍ക്കാരിന്റെ ചോദ്യത്തിനു മുന്നില്‍ മലയാളികള്‍ ഒന്നടങ്കം അര്‍ജുനു വേണ്ടി മനസറിഞ്ഞിറങ്ങി. അര്‍ജുന്‍ മണ്ണിനടിയിലുണ്ടാകുമെന്ന പ്രതീക്ഷ പലരുടെയും അഭിപ്രായം മാനിച്ച് ആ രീതിയിലും തിരച്ചില്‍ ആരംഭിച്ചു. ദുഷ്‌കരമായ കാലാവസ്ഥയെ അവഗണിച്ച് സൈന്യം വരെ എത്തി. അതി വിദഗ്ധരായ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്ര ബാലന്‍, ഈശ്വര്‍ മാല്‍പെയും തുടങ്ങി എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ശ്രമം നടത്തി. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ ഗംഗാവലിപുഴയിലേക്ക് അടുക്കാന്‍ കഴിഞ്ഞില്ല.

കേരളം വയനാട് ദുരന്തത്തിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോഴും ഗംഗാവലി പുഴയില്‍ എന്ത് സംഭവിക്കുവെന്നതിനെ കുറിച്ചും എല്ലാവരും ശ്രദ്ധിച്ചു. ഒടുവില്‍ നിരവധി പ്രയത്‌നത്തിനൊടുവില്‍ ഡ്രജ്ജര്‍ എത്തി. അങ്ങിനെ മൂന്നാംഘട്ടത്തില്‍ 71ാം ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നു. ജീവന്റെ തുടിപ്പ് പ്രതീക്ഷിച്ചെങ്കിലും ചേതനയറ്റ അര്‍ജുന്റെ ശരീരാവശിഷ്ടങ്ങള്‍ ആയിരുന്നു ലോറിയില്‍ അവശേഷിച്ചത്.

ഉരുളുകൊണ്ടു പോയ വയനാട്ടിലെ ജീവിതങ്ങള്‍

2024 ജൂലൈ 30, പകല്‍ ഉണരുന്നതിനു മുമ്പേ ചൂരല്‍മല ഗ്രാമവും ചെറുപട്ടണവും - മുണ്ടക്കൈയും അട്ടമലയുമൊക്കെ തുടച്ചുനീക്കപ്പെട്ടിരുന്നു. ഇരച്ചെത്തിയ പ്രളയജലവും, മണ്ണും ചെളിയും, കല്ലും പാറക്കഷണങ്ങളും, വനഭാഗങ്ങളും, ആ നാടിനെയും അവിടുത്തെ മനുഷ്യരേയും അപ്പാടെ വിഴുങ്ങിയിരുന്നു. വയനാട്ടിലെ പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുള്‍ ഇല്ലാതാക്കിയത് മുണ്ടക്കൈ, ചൂരല്‍മല മേഖലകളെയും അവിടത്തെ മനുഷ്യരെയും മാത്രമല്ല. മുഴുവന്‍ മലയാളികളെയുമായിരുന്നു. ദുരന്തം കഴിഞ്ഞ് ആറു മാസത്തിനു ശേഷവും വയനാടിനും കേരളത്തിനും അതിന്റെ നടുക്കത്തില്‍ നിന്ന് മാറാന്‍ കഴിഞ്ഞിട്ടില്ല.

ഉരുള്‍പൊട്ടല്‍ മുമ്പ് 48 മണിക്കൂറിനുള്ളില്‍ 570 മില്ലീമീറ്ററാണ് വയനാട് മേഖലയില്‍ പേമാരി അനുഭവപ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് പുഞ്ഞിരിമറ്റം, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ നിവാസികളെ 2024 ജൂലായ് 29 മുതല്‍ പ്രാദേശിക അധികാരികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതിരാവിലെ ഏകദേശം 02:17-ന് ഗ്രാമത്തിന് മുകള്‍ വശത്തായി ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥാനത്തിന് സമീപം, പുഞ്ഞിരിമറ്റം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങള്‍ക്കിടയില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമറ്റം, മുണ്ടക്കൈ എന്നീ രണ്ട് ഗ്രാമങ്ങളും ഒലിച്ചുപോവുകയുമായിരുന്നു.

ഇതിനെത്തുടര്‍ന്ന് ഏകദേശം 04:10-ന് അടുത്തുള്ള ചൂരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇത് ഇരുവഞ്ഞിപ്പുഴയുടെ ഗതി വഴിതിരിച്ചുവിട്ടു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ ചൂരല്‍മല ഗ്രാമമാകെ ഒലിച്ചുപോയി. കള്ളാടിപ്പുഴക്ക് കുറുകെ മുണ്ടക്കൈയും ചൂരല്‍മലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കില്‍ പുഴ ദിശമാറി ഒഴുകുകയും ചൂരല്‍മല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മലവെള്ളപ്പാച്ചിലില്‍ വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.

പിന്നീടങ്ങോട്ട് കണ്ടത് രക്ഷാപ്രവര്‍ത്തനത്തിന്റെ നാളുകളായിരുന്നു. നാട്ടുകാരും സൈന്യവും ഫയര്‍ഫോഴ്‌സും ജീവന്‍ ബാക്കിയുള്ള ഓരോരുത്തരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. സൈന്യവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ചൂരല്‍മലയില്‍ താത്കാലിക പാലം നിര്‍മ്മിച്ചു. ചൂരല്‍മലയേയും മുണ്ടകൈയേയും ബന്ധിപ്പിച്ചാണ് ഈ പാലം നിര്‍മ്മിച്ചത്. ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 481 പേരെ രക്ഷപ്പെടുത്തി.

2007 വീടുകളാണ് പുഞ്ചിരി മട്ടം- മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിത മേഖലയില്‍ ഉണ്ടായിരുന്നത്. അതില്‍ 1300 വീടുകള്‍ പൂര്‍ണ്ണമായി നിലം പതിച്ചു, 104 വീടുകള്‍ വാസയോഗ്യമല്ലാത്ത വിധം താറുമാറായി. 603 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദുരന്ത പ്രദേശത്തെ ഒന്നൊഴിയാതെയുള്ള വീടുകളെല്ലാം വാസയോഗ്യമല്ലാതായി മാറിയ ദുരന്തമായിരുന്നു മുണ്ടക്കൈ - ചൂരല്‍മല ദുരന്തം. 251 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 47 പേരെ കാണാതായി. 368 പേര്‍ക്കാണ് അതിഗുരുതരമായി പരിക്കുകള്‍ പറ്റിയത്. 638 കുട്ടികള്‍ പഠിക്കുന്ന രണ്ടു വിദ്യാലയങ്ങള്‍ അപ്പാടെ തകര്‍ന്നു. ഇന്ത്യ കണ്ട ഏറ്റവും ഭീതിദമായ ഉരുള്‍ പൊട്ടലായിരുന്നു അത്.

Content Highlights: wayanad and shirur disaster

To advertise here,contact us