ലോസ് ആഞ്ചലസിനെ തിന്നുതീർക്കുന്ന കാട്ടുതീയുടെ കാരണങ്ങളെന്ത്? എന്തുകൊണ്ടാണ് തീ നിയന്ത്രിക്കാൻ സാധിക്കാത്തത്?

ഇതിനിടയിൽ കൂടിയാണ് ലോസ് ആഞ്ചൽസിനെ കാട്ടുതീയെ ആഘോഷിക്കുന്നവരും നമുക്കിടയിൽ ഉണ്ടാവുന്നത്. അമേരിക്കയിൽ കാട്ടുതീ ഉണ്ടായത് നല്ലതാണെന്നും കൂടുതൽ നാശനഷ്ടം അവിടങ്ങളിൽ ഉണ്ടാവണമെന്നുമാണ് ഇത്തരക്കാർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്

ലോസ് ആഞ്ചലസ് കത്തിയമരുകയാണ്. കൃത്യമായ കാരണം പറയാൻ കഴിയാതെ, സാങ്കേതിക വിദ്യക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ നഗരത്തെ തീ തിന്നുകയാണ്. പതിനായിരക്കണക്കിന് ഏക്കർ സ്ഥലം ഇതിനോടകം കത്തിയമർന്നു. നിരവധി പേർ മരിച്ചു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഹോളിവുഡ് സെലിബ്രിറ്റികൾ അടക്കമുള്ള നിരവധിപേരുടെ ആയുഷ്‌കാല സമ്പാദ്യം വെന്തുവെണ്ണീറായി. ജനുവരി ഏഴിന് ആരംഭിച്ച കാട്ടുതീ ഇപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ പടർന്നുപിടിക്കുകയാണ്. ഇതിനിടെ ചിലര്‍ അമേരിക്കയിലെ കാട്ടുതീയെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.

കാട്ടുതീ കാലിഫോർണിയ സംസ്ഥാനത്തിന് പുതുമയുള്ള കാര്യമൊന്നുമല്ല. അമേരിക്കൻ ഐക്യനാടുകളിലെ വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് കാലിഫോർണിയയും അവിടുത്തെ വലിയ നഗരത്തിൽ ഒന്നാണ് ലോസ് ആഞ്ചലസും. വിവിധ വർഷങ്ങളിൽ ലോസ് ആഞ്ചലസിലും പരിസര പ്രദേശങ്ങളിലും കാട്ടുതീ പടർന്ന് പിടിച്ചിരുന്നു. കാലിഫോർണിയയിൽ, കാട്ടുതീ സീസൺ സാധാരണയായി വേനൽ കാലമായ ജൂണിൽ ആരംഭിച്ച് ഒക്ടോബർ വരെയാണ് ഉണ്ടാവുക. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും ഈ സമയങ്ങളിൽ അവിടെ ഉണ്ടാവുക. വർഷാവസാനത്തോടെ മഴക്കാലവും പിന്നീട് ശൈത്യകാലവും ആരംഭിക്കും.

എന്നാൽ ഇതിൽ നിന്ന് വിപരീതമായി കാലിഫോർണിയയിൽ ശൈത്യകാലമായ ജനുവരിയിലാണ് ഇപ്പോൾ കാട്ടുതീ പടർന്നുപിടിക്കുന്നുണ്ട്. കടുത്ത കാലാവസ്ഥ വ്യതിയാനമാണ് ഇതിനുള്ള കാരണം. 2021 ൽ ഉണ്ടായ കാട്ടുതീക്ക് ശേഷം കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി കൂടുതൽ ആർദ്രതയുള്ള കാലവസ്ഥയാണ് കാലിഫോർണിയയിൽ ഉണ്ടായത്. ഇതു കാരണം കാലിഫോർണിയയിലും പരിസരപ്രദേശങ്ങളിലും മുൻകാലങ്ങളിൽ നിന്ന് വിപരീതമായി ധാരാളം മരങ്ങളും ചെടികളും ഉണ്ടായിവന്നു. എന്നാൽ 2024 - 2025 കാലഘട്ടത്തിൽ സാധാരണരീതിയിൽ ലഭിക്കുന്ന മഴയോ മഞ്ഞ് വീഴ്ചയോ ഉണ്ടായില്ല. റെക്കോഡ് ബ്രേക്കിംഗ് താപനിലയും കൊടും ചൂടും ഉണ്ടാവുകയും ചെയ്തു. സ്വഭാവികമായി ഈ മരങ്ങളും ചെടികളും ഉണങ്ങി നിൽക്കുകയായിരുന്നു.

ജനുവരി ഏഴിനാണ് ലോസ് ഏഞ്ചൽസിലെ വിവിധ ഭാഗങ്ങളിൽ തീ പടർന്നുപിടിച്ചു തുടങ്ങിയത്. ഇതിൽ ശ്രദ്ധിക്കേണ്ട ഒരുകാര്യം ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമല്ല ഇപ്പോഴത്തെ കാട്ടുതീ ഉണ്ടായിരിക്കുന്നത്. തീപിടിത്തം സൃഷ്ടിക്കുന്ന താപത്തിന്റെ അടിസ്ഥാനത്തിൽ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് തീ കണ്ടെത്തുന്ന ഫയർ അലേർട്ടുകൾ ഉണ്ടാവാറുണ്ട്. ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ തീ പടർന്നതോടെ ജനുവരി 9 വരെ 60-ലധികം ഫയർ അലേർട്ടുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അതായത് 2012 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ വർഷത്തിന്റെ ആദ്യം ഉണ്ടാവുന്ന അലേർട്ടുകളെക്കാൾ 40 ഇരട്ടിയിലധികമാണിത്. ഇതിന് പുറമെ വരണ്ട കാലാവസ്ഥയിൽ കാലിഫോർണിയ പ്രദേശത്ത് ഉണ്ടാവുന്ന സാന്താഅന കാറ്റ് വീശി അടിക്കുകയും ചെയ്തു. ഇത് കാട്ടുതീയെ പടർന്ന് പിടിക്കുന്നതിന് സഹായിച്ചു. മുമ്പ് 2021 ജനുവരി മുതൽ മാർച്ച് വരെ 10 ൽ അധികം ഫയർ അലേർട്ടുകൾ ഉണ്ടായിരുന്നു. ആ വർഷമാണ് കാലിഫോർണിയയിൽ ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും വലിയ കാട്ടൂതീ ഉണ്ടായത്. 700,000 ഹെക്ടറിലധികം മരങ്ങളാണ് അന്ന് കാലിഫോർണിയയിൽ കത്തി നശിച്ചത്.

Also Read:

International
ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം, 16 പേരെ കാണാതായി; തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസിന്റെ ഏറ്റവും വലിയ പ്രത്യേകത 'വൈൽഡ് ലാൻഡ്-അർബൻ ഇന്റർഫേസ്' കമ്മ്യൂണിറ്റികളാണ് കൂടുതലായി ഉള്ളത്. അതായത് കാടിനോട് ചേർന്ന പ്രദേശത്ത് നഗരം സ്ഥിതി ചെയ്യുന്നു. ഇതിലൂടെ കാട്ടുതീ ഉണ്ടാവുന്നതിന് പിന്നാലെ ഇത് നഗരത്തിലേക്കും കെട്ടിടങ്ങളിലേക്കും വളരെ എളുപ്പത്തിൽ പടർന്ന് പിടിക്കുന്നു.

കാട്ടുതീ കത്തിപിടിച്ചു തുടങ്ങിയത് എവിടെയാണെന്നോ എങ്ങനെയാണെന്നതിനോ വ്യക്തമായ ഒരു ഉത്തരം നൽകാൻ ഇപ്പോഴും അധികൃതർക്ക് സാധിച്ചിട്ടില്ല. കാലാവസ്ഥവ്യതിയാനം മൂലം ഉണ്ടായ മാറ്റമാണ് തീ പിടിക്കാനും പടരാനും കാരണമായതെങ്കിലും തീ എവിടെ നിന്നാണ് ആരംഭിച്ചതെന്നോ എങ്ങനെയാണ് പടർന്നതെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ല. 2021 ലെ കാട്ടുതീക്ക് രണ്ട് കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ശക്തമായ ഇടിമിന്നൽ കാരണമുണ്ടായ സ്പാർക് തീപിടുത്തതിന് കാരണമായി. മറ്റൊന്ന് സാന്താഅന കാറ്റ് വീശി അടിച്ചതോടെ കാലിഫോർണിയ പ്രദേശത്ത് ഉണ്ടായിരുന്ന ഇലക്ട്രിക് വയറുകൾ കൂട്ടിയുരസുകയും തീ ഉണ്ടാവുകയും ചെയ്തു എന്നതായിരുന്നു.

എന്നാൽ നിലവിലെ തീപിടിത്തത്തിൽ ഇടിമിന്നലിന്റെ സാധ്യത അധികൃതർ തള്ളികളയുന്നുണ്ട്. പ്രചരിക്കുന്ന മറ്റൊരു ആരോപണം ഹോളിവുഡ് ഹിൽ സ്റ്റേഷൻ അടക്കമുള്ള പ്രദേശത്ത് ഒരു വ്യക്തി പെട്രോൾ ഒഴിച്ച് തീ ഉണ്ടാക്കുകയും ഇത് പടർന്ന് കാട്ടുതീ ആയി മാറിയെന്നതുമാണ്. സിഎൻബിസി പോലുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു കോൺസ്‌പെറസി തിയറിയും ലോസ് ആഞ്ചലസിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. പ്രദേശത്തെ തീപിടുത്തം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും 2030 ൽ വരാനിരിക്കുന്ന എഐ സ്മാർട് സിറ്റിക്കായി സ്ഥലം ഒഴിപ്പിക്കുന്നതിനായിട്ടാണ് തീപിടിത്തം നിർമിച്ചതെന്നുമാണ് ഉയരുന്ന അവകാശവാദം.

തീപിടിത്തത്തിന്റെ കാരണം എന്തുതന്നെയായാലും ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് തീ നിയന്ത്രിക്കാൻ സാധിക്കാത്തത് ?

Also Read:

International
വെള്ളമില്ല; കാട്ടുതീ കെടുത്തുന്നതിൽ അമേരിക്കയിൽ അസാധാരണ പ്രതിസന്ധി

തീപടർന്ന് പിടിച്ച സ്ഥലങ്ങളിൽ പലതും ജനവാസ കേന്ദ്രങ്ങളാണ്. ഒരു കെട്ടിടത്തിൽ തീ പിടിച്ചാൽ വളരെ എളുപ്പത്തിൽ മറ്റു കെട്ടിടങ്ങളിലേക്കും തീ എളുപ്പത്തിൽ പടർന്നുപിടിക്കും. പ്രദേശം മൊത്തം ഡ്രൈ ലാൻഡ് ആയത് കൊണ്ട് തന്നെ ഈ തീപിടിത്തതിന് ശക്തി കൂടും. ഫയർഫോഴ്‌സിന്റെ വിമാനങ്ങളും വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലാണ് സാന്തഅന കാറ്റ് വീശുന്നത്. തീപിടിത്തം കാരണം ഇതിനോടകം ചൂടുകാറ്റായി സാന്തഅന മാറി കഴിഞ്ഞിട്ടുണ്ട്. സ്വഭാവികമായി വിമാനം പറപ്പിക്കാനുള്ള അന്തരീക്ഷ സാഹചര്യം പലപ്പോഴും ഉണ്ടാവുന്നില്ല.

മറ്റൊന്ന് റോഡ് മാർഗമുള്ള അഗ്നിശമന മാർഗങ്ങളാണ്. എന്നാൽ ലക്ഷകണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിക്കുന്നുണ്ട്. പലരും സ്വന്തം വണ്ടിയിലാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. എന്നാൽ വാഹനങ്ങൾ ഒന്നിച്ച് നിരത്തിൽ എത്തിയതോടെ വലിയ ട്രാഫിക് ജാം ആണ് പ്രദേശത്ത് ഉണ്ടാവുന്നത്. പലരും വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് നടന്നും ഓടിയുമൊക്കെയാണ് രക്ഷപ്പെടുന്നത്. സ്വാഭാവികമായി റോഡ് മാർഗം തീപിടിത്ത ഏരിയയിലേക്ക് എത്താൻ അഗ്നിശമനസേന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എല്ലാത്തിനും ഉപരിയായി ലോസ് ആഞ്ചലസ് പ്രദേശത്ത് വെള്ളത്തിന്‍റെ ലഭ്യത കുറയുന്നതും വലിയ പ്രശ്നമാണ്.

നിലവിലെ തീ നിയന്ത്രണ വിധേയമാക്കിയാലും ഗുരുതര പ്രശ്‌നങ്ങൾ ഇനിയും ലോസ് ഏഞ്ചലൻസ് നേരിടേണ്ടി വരും. ഒന്ന് പ്രദേശത്ത് വേനൽ കാലം അടുത്ത ജൂണിൽ ആരംഭിക്കാൻ ഇരിക്കുന്നതെ ഉള്ളു. മറ്റൊന്ന് ഇനി മഴ പെയ്താൽ തീ പിടിത്തം മൂലം ഉണ്ടായ കരിയും മറ്റ് അവശിഷ്ടങ്ങളും നഗരത്തിനെ കൂടുതൽ പ്രശ്‌നബാധിതമാക്കും ഇത് ക്ലീൻ ചെയ്യാൻ തന്നെ കോടി കണക്കിന് രൂപ ആവശ്യമാണ്. നിലവിൽ ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ലോസ് ആഞ്ചൽസിൽ മാത്രം ഉണ്ടായിരിക്കുന്നത്.

ഇതിനിടയിൽ കൂടിയാണ് ലോസ് ആഞ്ചൽസിനെ കാട്ടുതീയെ ആഘോഷിക്കുന്നവരും നമുക്കിടിയിൽ ഉണ്ടാവുന്നത്. അമേരിക്കയിൽ കാട്ടൂതീ ഉണ്ടായത് നല്ലതാണെന്നും കൂടുതൽ നാശനഷ്ടം അവിടങ്ങളിൽ ഉണ്ടാവണമെന്നുമാണ് ഇത്തരക്കാർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. യഥാർത്ഥത്തിൽ ആഗോള കാലാവസ്ഥവ്യതിയാനത്തിന്റെ ഭാഗമായി ലോസ് ഏഞ്ചൽസിലെ ഇപ്പോഴത്തെ കാട്ടുതീ ഒരു സൂചനയാണ്. ലോകത്തിന്റെ ഏത് ഭാഗത്തും ഇത്തരത്തിൽ ദുരന്തങ്ങൾ ഏത് നിമിഷവും ഉണ്ടായേക്കാമെന്ന സൂചന. ആ സൂചനയിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളുകയാണ് ഇപ്പോൾ വേണ്ടത്.

Content Highlights: What are the causes of wildfires in Los Angeles

To advertise here,contact us