സമ്പത്തല്ല സന്തോഷം, പരസ്പര വിശ്വാസം, എല്ലാറ്റിലും സംതൃപ്തി;ഫിന്‍ലന്‍ഡുകാരുടെ സന്തോഷത്തിന്റെ രഹസ്യം

എന്നും സന്തോഷം മാത്രം.. അതെന്താ ഫിന്‍ലന്‍ഡില്‍ പ്രശ്‌നങ്ങളൊന്നുമില്ലേ, എന്താണ് ഇവരുടെ സന്തോഷത്തിന്റെ രഹസ്യം

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാം തവണയും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ് ഫിന്‍ലന്‍ഡ്. എന്നും സന്തോഷം മാത്രം.. അതെന്താ ഫിന്‍ലന്‍ഡില്‍ പ്രശ്‌നങ്ങളൊന്നുമില്ലേ, എന്താണ് ഇവരുടെ സന്തോഷത്തിന്റെ രഹസ്യം എന്നെല്ലാം ചിന്തിക്കാത്തവര്‍ കുറവാണ്. ഏറ്റവും സന്തുഷ്ടിയുള്ള രാജ്യമായി ഫിന്‍ലന്‍ഡിനെ ഒന്നാംസ്ഥാനത്ത് നിലനിര്‍ത്തുന്നത് അവിടുത്തെ സര്‍ക്കാരും ജനങ്ങളും അവരുടെ സംസ്‌കാരവും ജീവിതശൈലിയും പ്രകൃതിയുമെല്ലാമാണ്. എല്ലാറ്റിലും സംതൃപ്തി മാത്രം കണ്ടെത്തുന്ന ഒരു ജനത.

ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ പച്ചക്കറികള്‍..ഒപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ആകുലതകളില്ലാതെയും സുരക്ഷാഭീഷണികളില്ലാതെയും ജീവിക്കാനുള്ള അന്തരീക്ഷം ഒരു രാജ്യത്തുണ്ടെങ്കില്‍ ആ രാജ്യത്തെ ജനത എങ്ങനെ സന്തുഷ്ടരല്ലാതിരിക്കും? അഴിമതി രഹിതം എന്നുപേരുകേട്ട രാജ്യമാണ് ഫിന്‍ലന്‍ഡ്. പരസ്പരമുള്ള വിശ്വാസം അതുകൊണ്ടുതന്നെ ദൃഢമാണ്. അയല്‍ക്കാരെയും പൊതുജനസേവകരെയും സ്ഥാപനങ്ങളെയും സര്‍ക്കാരിനെയും അവര്‍ കണ്ണുമടച്ച് വിശ്വസിക്കുന്നു. വ്യക്തിസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാഷ്ട്രീയ-സാമൂഹിക സ്വാതന്ത്ര്യവും ഇത്രമേല്‍ അനുഭവിക്കുന്ന മറ്റൊരു രാജ്യം തന്നെ ഉണ്ടാകില്ല. പരസ്പരമുള്ള വിശ്വാസവും സ്വാതന്ത്ര്യവും തുല്യതയുമാണ് ഫിന്‍ലന്‍ഡുകാരുടെ മുതല്‍ക്കൂട്ട്. ജീവിതത്തെ കുറിച്ച് ആശങ്കകളൊന്നുമില്ലാത്ത ജനവിഭാഗമാണ് ഫിന്നുകള്‍. നാളെയെക്കുറിച്ചുള്ള ചിന്ത ഇവരെ ഒരുതരത്തിലും വേട്ടയാടുന്നില്ല. ലാളിത്യം ഇഷ്ടപ്പെടുന്ന ഇവരെ സംബന്ധിച്ചിടത്തോളം സമ്പത്തും ധനസമ്പാദനവുമല്ല സന്തോഷത്തിന്റെ അളവുകോല്‍. ഫിന്‍ലന്‍ഡില്‍ പാവപ്പെട്ടവനെയും ധനികനെയും വേഷഭൂഷാദികളില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ തിരിച്ചറിയാനും സാധിക്കില്ല. പരസ്പരം താരതമ്യം ചെയ്യുക എന്നത് ഇവരുടെ ശീലമേ അല്ല. വലിയ സ്വപ്‌നങ്ങളും ഇവര്‍ക്കില്ല. നിശബ്ദതയെ ബഹുമാനിക്കുന്ന ഫിന്നുകള്‍ ഉള്ളത് ഉള്ളതുപോലെ പറയുന്ന നേരെ വാ നേരെ പോ ശീലക്കാരാണ്.

എന്താണ് നിങ്ങളുടെ സന്തോഷമെന്ന് ചോദിച്ചാല്‍ ഫിന്‍ലന്‍ഡുകാര്‍ വിരല്‍ചൂണ്ടുക പ്രകൃതിയിലേക്കാണ്. 3,38,145 കിലോമീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയുള്ള രാജ്യത്തിന്റെ 70 ശതമാനത്തോളം വനമാണ്. തകര്‍ക്കപ്പെടാത്ത പ്രകൃതിയുടെ ഈ സൗന്ദര്യത്തില്‍ അലിഞ്ഞ് ജീവിതം ആസ്വാദ്യകരമാക്കുന്നവരാണ് ഫിന്നുകള്‍. പ്രീസ്‌കൂള്‍ തലം മുതല്‍ തന്നെ പ്രകൃതിയുമായി ഇടപഴകാന്‍ ഇവരെ പഠിപ്പിക്കും. വീടിനകത്ത് അടച്ചിരിക്കാന്‍ ഇഷ്ടമില്ലാത്ത, ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മുഖം പൂഴ്ത്തിയിരിക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ ആഴ്ചാവസാനങ്ങള്‍ യാത്രകള്‍ക്കായി മാറ്റിവയ്ക്കുന്നു. ആ യാത്രകള്‍ നമ്മുടേത് പോലെ നഗരങ്ങളിലേക്കല്ല വനങ്ങളിലേക്കാണെന്ന് മാത്രം. നൈറ്റ് ലൈഫുകളേക്കാളും പാര്‍ട്ടികളേക്കാളും പ്രകൃതിയാണ് അവരുടെ ജീവിതത്തിന് ഉല്ലാസമേകുന്നത്. കടലില്‍ നിന്ന് ഉയര്‍ന്ന് സ്ഥലവിസ്തീര്‍ണം കൂടിവരുന്ന രാജ്യമെന്നൊരു പ്രത്യേകത കൂടി ഫിന്‍ലന്‍ഡിനുണ്ട്. മറ്റൊന്ന് തടാകങ്ങളാണ്. തടാകങ്ങളുടെ നാടെന്നറിയപ്പെടുന്ന ഈ രാജ്യത്ത് ഏകദേശം രണ്ടുലക്ഷത്തോളം തടാകങ്ങളാണ് ഫിന്‍ലന്‍ഡിലുള്ളത്. കടലില്‍ നിന്ന് ഉയര്‍ന്ന് സ്ഥലവിസ്തീര്‍ണം കൂടിവരുന്ന രാജ്യമെന്നൊരു പ്രത്യേകത കൂടി ഫിന്‍ലന്‍ഡിനുണ്ട്. കാടുകള്‍ ഏറെയുള്ള ഇവിടെ നിരവധി കടലാസ് ഫാക്ടറികളുമുണ്ട്.

പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയവയിലെല്ലാം മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. സര്‍വകലാശാല തലം വരെ ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ്. പത്താംതരം വരെ പരീക്ഷയുമില്ല. ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമെന്ന് പേരെടുത്ത ഫിന്‍ലന്‍ഡില്‍ പരീക്ഷകളേക്കാളും കാണാപാഠത്തേക്കാളും കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കുക, വിമര്‍ശനാത്മകമായി ചിന്തിക്കുക, ക്രിയാത്മകത വര്‍ധിപ്പിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവിടെ ഏറ്റവും കൂടുതല്‍ ശമ്പളവും ബഹുമാനവും ലഭിക്കുന്നത് പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കാണ്. അധ്യാപകരെയാണ് ആ രാജ്യത്തിന്റെ ശില്പികളായി വിലയിരുത്തുന്നതും. സ്വീഡനും റഷ്യയും അടക്കിഭരിച്ചിരുന്ന ഫിന്‍ലന്‍ഡ് ഒരുകാലത്ത് ദരിദ്രരാജ്യമായിരുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്ന് വികസിത സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. ലോകം മുഴുവന്‍ ആരാധകരുണ്ടായികുന്ന നോക്കിയ ഫോണ്‍, ഇപ്പോഴും പലരുടെയും പ്രിയ വിനോദങ്ങളായ കാന്‍ഡി ക്രഷ്, ആംഗ്രി ബേഡ് എന്നിവ ഫിന്‍ലന്‍ഡിന്റെ സംഭാവനയാണ്. ജീവിതച്ചെലവേറിയ ഇവിടെ മികച്ച ശമ്പളമാണ്. എന്നാല്‍ അതിനനുസരിച്ച് നികുതിയും ഈടാക്കും. 25-35 ശതമാനം നികുതിയാണ് ഇവിടെ ഈടാക്കുന്നത്. എന്നാല്‍ ഈടാക്കുന്ന നികുതിക്ക് അനുസൃതമായി രാജ്യത്തെ ഓരോ പൗരനും ആവശ്യമായ സാമൂഹ്യസുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുമുണ്ട്. എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായവും ലഭിക്കും. അതുപോലെ വരുമാനം നോക്കിയാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതും. അതായത് അധികവരുമാനമുള്ളവന് അധിക പിഴ. കുറവുള്ളവന് അയാള്‍ക്ക് താങ്ങാനാവുന്ന പിഴ.

സാന്താക്ലോസിന്റെ നാടെന്നറിയപ്പെടുന്ന ഫിന്‍ലന്‍ഡ് തണുപ്പേറിയ ഒരു രാജ്യമാണ്. (192രാജ്യങ്ങളില്‍ നിന്നായി 7 ലക്ഷത്തോളം ആശംസാകാര്‍ഡുകളാണ് ഓരോ വര്‍ഷവും ക്രിസ്മസ് അപ്പൂപ്പനായി ഇവിടെയെത്തുന്നത്. ലാപ് ലാന്‍ഡിലാണ് ക്രിസ്മസ് അപ്പൂപ്പന്‍ ജീവിക്കുന്നത്.)വേനല്‍ക്കാലത്ത് ഇവിടെ 3-4 മാസത്തോളം സൂര്യനസ്തമിക്കില്ലെങ്കില്‍ തണുപ്പുകാലത്ത് 2-3 മാസത്തോളം സൂര്യന്‍ ഉദിക്കുകയുമില്ല. ഇത് ജനതയുടെ മനോനിലയെ ബാധിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍ഷത്തില്‍ ഏതാനും നാളുകള്‍ ഇരുട്ടില്‍ കഴിയുന്നതിനാല്‍ ഇവര്‍ അല്പം നാണക്കാരും ചിലപ്പോഴെങ്കിലും വിഷാദികളുമായിരിക്കുമത്രേ. തണുപ്പേറിയതിനാല്‍ തന്നെ മദ്യപാനവും പുകവലിയും ഇവിടെ സാധാരണമാണ്. തികഞ്ഞ കാപ്പിപ്രേമികളായ ഇവര്‍ ദിവസം ആറു കപ്പ് കാപ്പിവരെ കുടിക്കും. നല്ല രീതിയില്‍ പാലും. ഭക്ഷണം കഴിക്കുന്നത് രുചി മാത്രം നോക്കിയല്ലെന്ന പ്രത്യേകതയുമുണ്ട്. പോഷകസമ്പുഷ്ടമായ ഭക്ഷണം വയറുനിറച്ച് കഴിക്കും. ഉരുളക്കിഴങ്ങും മാംസവുമാണ് ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഇവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സംസ്‌കാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗന ബാത്. സ്റ്റീം ബാത്തെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സൗന ബാത് ചെയ്യുന്നവരാണ് ഇവര്‍.

കേരളത്തിലെ ഏഴിലൊന്ന് ജനസംഖ്യ മാത്രമാണ് ഫിന്‍ലന്‍ഡിലുള്ളത്. അതിനാല്‍ തന്നെ ഇവര്‍ കുടിയേറ്റത്തെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ്. കൂടുതല്‍ പേരും തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് താമസം. ഹെല്‍സിങ്കി സത്യസന്ധന്മാരുടെ നാടെന്ന രീതിയില്‍ പ്രശസ്തമാണ്. ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളിലൊന്ന് ഫിന്‍ലന്‍ഡിലേതാണ്. ഈ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 175 രാജ്യങ്ങളില്‍ വീസ കൂടാതെ യാത്ര ചെയ്യാം. അപ്പോ എങ്ങനെ, പോയാലോ ഫിന്‍ലന്‍ഡിലേക്ക്..

Content Highlights: Life In Finland all you need to know

To advertise here,contact us