സംഘപരിവാറിനെ വിറളിപിടിപ്പിച്ച 'തുറന്നുപറച്ചിൽ'; Grok AIയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടെന്താകും?

ബിജെപി ഐടി സെല്ലിന് വരെ തലവേദനയായ ചില മറുപടികളാണ് ഇപ്പോള്‍ ഗ്രോകിന് നേരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനിന്റെ കാരണം

ഒരു രാജ്യത്തിന്റെ പരമാധികാരം കയ്യാളുന്ന സര്‍ക്കാരിനെതിരെ ആഗോള ഭീമനായ ഒരു ടെക് കമ്പനി കേസിന് പോകുകയാണ്. ഒരുപക്ഷെ നമ്മള്‍ ഒരുപാടായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്ന് മാത്രമായിരിക്കും ഇതും. എന്നാല്‍ ഇവിടെ ഒരു പ്രത്യേകതയുണ്ട്. കേസിന് പോയത് ഇലോണ്‍ മസ്‌കിന്റെ എക്സും, കേസ് കൊടുത്തിരിക്കുന്നത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെതിരെയുമാണ്. കേന്ദ്രസര്‍ക്കാര്‍ നിയമം കയ്യിലെടുത്ത് അനാവശ്യമായി തങ്ങളുടെ സോഷ്യല്‍ മീഡിയ കണ്ടെന്റുകളില്‍ കൈകടത്തുന്നു എന്നതാണ് എക്‌സിന്റെ ആരോപണം. കര്‍ണാടക ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, എക്‌സ് പറയുന്നത് പോലെ ഒന്നും ഉണ്ടായിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടെങ്കിലും, ഗ്രോക് എന്ന ചാറ്റ്‌ബോട്ടിലെ ചില കണ്ടന്റുകളില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിനാണ് ഇപ്പോള്‍തന്നെ മസ്‌കിന്റെ ഗ്രോക്കിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് സംഘപരിവാര്‍ അനുകൂലികളും. ബിജെപി ഐടി സെല്ലിന് വരെ തലവേദനയായ ചില മറുപടികളാണ് ഇപ്പോള്‍ ഗ്രോകിന് നേരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനിന്റെ കാരണവും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി, ആര്‍എസ്എസ് തുടങ്ങിയവര്‍ക്കെതിരെ ഗ്രോകില്‍ നിന്നുണ്ടായ ചില മറുപടികളാണ് ബിജെപി ക്യാമ്പില്‍ വലിയ തലവേദനയായിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയോ മോദിയോ മികച്ച രാഷ്ട്രീയനേതാവ് എന്ന ചോദ്യത്തിന് ഗ്രോകിന്റെ മറുപടി ഇങ്ങനെയായിരുന്നു.' എല്ലാ മതസ്ഥരെയും ഒരുമിച്ച് നിര്‍ത്തി, രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവ് രാഹുല്‍ ഗാന്ധിയാണ്. നരേന്ദ്രമോദി വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരിലും, സിഎഎയുടെ പേരിലും വലിയ വിമര്‍ശനം നേരിടുന്നയാളാണ്. രാഹുലിന്റെ രീതി എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ്' എന്നാണ്. വ്യാപക വിമര്‍ശനമാണ് ഈ അഭിപ്രായത്തിനെതിരെ ഉണ്ടായത്. വലതുപക്ഷ ഹാന്‍ഡിലുകള്‍ ഇതിനെതിരെ കൂട്ടത്തോടെ രംഗത്തുവന്നു.

ഒരുപടി കൂടി കടന്ന്, രാഹുല്‍ ഗാന്ധി വിദ്യാഭ്യാസമുള്ള നേതാവാണെന്നും എന്നാല്‍ മോദിയുടേത് സംശയം ഉണ്ടെന്നും കൂടി ഗ്രോക് മറുപടി നല്‍കി. മോദി ഇതുവരെ മുറയ്ക്ക് ഒരു പത്രസമ്മേളനം നടത്തിയിട്ടില്ലെന്നും, മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ വിവരങ്ങള്‍ മാത്രമാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുന്നത് എന്ന് കൂടി ഗ്രോക് മറുപടി നല്‍കിയപ്പോള്‍ ആക്രമണം കനത്തു.

ആര്‍എസ്എസിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എന്തായിരുന്നു റോള്‍ എന്ന ഒരു ചോദ്യത്തിനും ഗ്രോകിന് മറുപടിയുണ്ടായി. ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്നും, ഹിന്ദു ദേശീയത മുന്‍നിര്‍ത്തി ആര്‍എസ്എസ് മാറിനില്‍കുകയാണ് ചെയ്തത് എന്നും ഗ്രോക് മറുപടി നല്‍കി. മറ്റൊരു മറുപടിയില്‍ മുസ്ലിം സമുദായത്തിന് പോലും സ്വതന്ത്ര സമര സേനാനികള്‍ ഉണ്ടായിരുന്നു എന്ന് കൂടി ഗ്രോക് കൂട്ടിച്ചേര്‍ത്തു. അതോടെ ഗ്രോകിനെതിരായ വലതുപക്ഷ ആക്രമണം ശക്തമായി. ലൗ ജിഹാദ് മുട്ടന്‍ നുണയാണെന്ന് വരെ ഗ്രോക് പറഞ്ഞുകളഞ്ഞു.

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഏതെല്ലാം മാധ്യമങ്ങളെയും രാഷ്ട്രീയനേതാക്കളെയുമാണ് ജയിലില്‍ അടയ്ക്കേണ്ടത് എന്ന ചോദ്യത്തിനും ഗ്രോകിന് ഉത്തരമുണ്ടായിരുന്നു. റിസേര്‍ച് പറയുന്നത് മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, ഗിരിരാജ് സിംഗ് എന്നിവരാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ അടക്കമുളള മാധ്യമങ്ങളും ഇതിന്റെയെല്ലാം ഭാഗമാണ് എന്നാണ്. കൂടാതെ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം വര്‍ധിച്ചു എന്നതും ഗ്രോക് ചൂണ്ടികാണിക്കുന്നുണ്ട്.

ബിജെപിക്കെതിരായി ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും കേസുകളും നിരത്തിക്കാട്ടിയാണ് ഗ്രോക് ഓരോ ചോദ്യത്തിനും മറുപടി നല്‍കിയത്. ഇതിനെതിരെയാണ് സംഘപരിവാര്‍ അനുഭാവികള്‍ വലിയ രീതിയില്‍ ആക്രമണം അഴിച്ചുവിടുന്നത്. ഇതിനെല്ലാമിടയില്‍ ഇവര്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഗ്രോക് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം. ഈ വിഷയത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഗ്രോകുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.

അതിനിടയിലാണ് എക്‌സ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനെല്ലാമിടയിലാണ് സംഘപരിവാര്‍ അനുഭാവികളുടെ ആക്രമണവും. കാത്തിരുന്ന് കാണാം, എന്തായിരിക്കും ഗ്രോകിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടെന്ന്.

Content Highlights: Why BJP sympathizers are attacking GrokAI?

To advertise here,contact us