വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച മൗലാന ഷഹാബുദ്ദീൻ റസ്‌വി ശരിക്കും ആരാണ് ?

നേരത്തെ, പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളയാളാണ് ഷഹാബുദ്ദീൻ. സിഎഎ മുസ്ലിങ്ങൾക്ക് എതിരല്ലെന്നും മോദിയും യോഗിയും അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്.

'നടൻ വിജയ്ക്ക് എതിരെ ആൾ ഇന്ത്യ മുസ്ലിം ജമാഅത്തിന്റെ ഫത്‌വ..'… മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞ വാർത്തയാണിത്. വിജയ് മദ്യപാനിയാണെന്നും റൗഡികളെ കൊണ്ടുവന്ന് ഇഫ്താർ സംഘടിപ്പെച്ചെന്നും, വിജയ്യുടെ സിനിമയായ ബീസ്റ്റിൽ മുസ്ലിങ്ങളെ അപമാനിച്ചെന്നും ആരോപിച്ച് ആൾ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി, വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച മൗലാന ഷഹാബുദ്ദീൻ റസ്‌വി ശരിക്കും ആരാണ് ? ഫത്‌വ പുറപ്പെടുവിച്ചെന്നായിരുന്നു ആരോപണം.

തമിഴ്‌നാട്ടിലെ സുന്നി വിഭാഗം വിജയ്ക്ക് എതിരാണെന്നും വിജയ്ക്ക് മുസ്ലിങ്ങൾ പിന്തുണ നൽകരുതെന്നും റസ്‌വി ബറേൽവി ഫത്‌വയിൽ പറയുന്നുണ്ട്. ബീസ്റ്റ് സിനിമ ഇറങ്ങിയിട്ട് വർഷങ്ങളായി. വിജയിയുടെ ഇഫ്താർ കഴിഞ്ഞിട്ടും ആഴ്ചകളായി. അപ്പോഴൊന്നുമില്ലാതിരുന്ന, മുസ്ലിം വിരുദ്ധത എന്ന, ആരോപണം ഇപ്പോഴെന്തിന് പൊട്ടിപ്പുറപ്പെടുന്നു എന്നിടത്താണ് ചില കാര്യങ്ങൾ ചേർത്തുപറയേണ്ടത്.

കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത്, വിജയ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. തമിഴ്നാട്ടിലെ മുസ്ലിങ്ങളുടെ വലിയ പിന്തുണയും ഇതിലൂടെ വിജയിക്ക് ലഭിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിജയ്‌യെ മുസ്ലിങ്ങൾ പിന്തുണയ്ക്കരുതെന്ന് പറഞ്ഞുകൊണ്ട് മൗലാന ഷഹാബുദ്ദീൻ റസ്‌വി രംഗത്ത് എത്തിയത്.

തീർച്ചയായും ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ആൾ ഇന്ത്യ മുസ്ലിം ജമാഅത്ത് എന്ന പേരിലിറങ്ങിയ ഈ ഫത്വ ആരുടെ നീക്കമാണ്? വിജയിക്കെതിരെ ഫത്വ പുറപ്പെടുവിക്കാൻ മൗലാന ഷഹാബുദ്ദീൻ റസ്‌വി, ആരാണ്? തമിഴ്നാട്ടിലെ മുസ്ലിങ്ങൾക്ക് മേൽ ഇയാൾക്ക് എന്തെങ്കിലും സ്വാധീനമുണ്ടോ? ഇയാളുടെ ഭൂതകാലമെന്താണ്? ആർക്കുവേണ്ടിയാണ് ഈ ചരടുവലികൾ ? വിശദമായി നോക്കാം.

ആൾ ഇന്ത്യ മുസ്ലിം ജമാഅത്ത് എന്ന പേര് കേൾക്കുമ്പോൾ മുസ്ലിം മതവിശ്വാസികളുമായി ബന്ധമുള്ള ഒരു നിയന്ത്രണ ബോഡിയായി ഒക്കെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ 2022 ൽ മാത്രം സ്ഥാപിതമായ ഒരു കടലാസ് സംഘടന മാത്രമാണിത്. മൗലാന ഷഹാബുദ്ദീൻ റസ്‌വി തന്നെയാണ് സംഘടനയുടെ സ്ഥാപക നേതാവ്. ഇത് ആദ്യമായിട്ടല്ല ഷഹാബുദ്ദീൻ വാർത്തകളിൽ നിറയുന്നത്. ഷഹാബുദ്ദീന്റെ ഇക്കാലമത്രയുമുള്ള പ്രസ്താവനകളും നിലപാടുകളുമെല്ലാം സംഘപരിവാറിന് അനുകൂലമോ അവരുടെ അജണ്ടകൾക്ക് വളമാകുന്നതോ ആയിരുന്നു.

കേന്ദ്രസർക്കാർ പാർലിമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയ ആളാണ് ഷഹാബുദ്ദീൻ. സംഘപരിവാറിന് അനുകൂലമായ കളമൊരുക്കാൻ ഷഹാബുദ്ദീൻ പണിയെടുക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് കുംഭമേളയുമായി ബന്ധപ്പെട്ട് ഇയാളുണ്ടാക്കിയ വിവാദം.

മഹാകുഭമേള നടക്കുന്ന സ്ഥലം വഖഫ് ഭൂമി ആണെന്നും മുസ്ലിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ സ്ഥലമെന്നും ഇയാളൊരു പ്രസ്താവന നടത്തി. ആ പരാമർശം വൻ വിവാദമാവുകയും മറുപടിയുമായി സംഘപരിവാർ നേതാക്കളും വിവിധ ഹിന്ദു സന്യാസികളും രംഗത്ത് എത്തുകയും ചെയ്തു.

ഹിന്ദുക്കളുടെ സ്ഥലം വഖാഫാണെന്ന് പറഞ്ഞ് തട്ടിയെടുക്കുന്നത് മുസ്ലിങ്ങളുടെ പതിവാണെന്നും അതിന് ഉദാഹരണമാണ് മൗലാന ഷഹാബുദ്ദീൻ റസ്‌വിയുടെ പരാമർശങ്ങൾ എന്നും സംഘപരിവാർ നേതാക്കൾ മറുപടി പറഞ്ഞു.

വഖഫിനെതിരായ പ്രചാരണങ്ങൾ നടത്താനായി സംഘപരിവാറിന് ഒരു അവസരമുണ്ടാക്കി കൊടുക്കുന്ന ദൗത്യമായിരുന്നു അന്ന് ഷഹാബുദ്ദീൻ നിർവഹിച്ചത്. കുംഭമേളക്ക് മുമ്പായി മുസ്ലിങ്ങൾക്കെതിരെ വിദ്വഷം ഉയർത്താനും വഖഫുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്താനും അതിലൂടെ തത്പര കക്ഷികൾക്ക് സാധിച്ചു.

നേരത്തെ, പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളയാളാണ് ഷഹാബുദ്ദീൻ. സിഎഎ മുസ്ലിങ്ങൾക്ക് എതിരല്ലെന്നും മോദിയും യോഗിയും അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചും ഇദ്ദേഹം രംഗത്ത് വന്നിരുന്നു.

ഷഹാബുദ്ദീന്റെ വിവാദമായ ഏത് പ്രസ്താവന നോക്കിയാലും അതിലൊരു സമാനത കാണാം. മുസ്ലിം പക്ഷത്ത് നിന്ന് എന്ന രീതിയിൽ,പൊതു സമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത വിചിത്ര ആരോപണങ്ങൾ മുന്നോട്ടുവെച്ച്, ജനങ്ങൾക്കിടയിൽ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷം സൃഷ്ടിക്കുക എന്നതാണ് ഇയാളുടെ രീതി. ഒരുപക്ഷേ, അയാൾ ഇതിനായി നിയോഗിക്കപ്പെട്ടതായിരിക്കാം. പുതുവത്സരാഘോഷം ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് ഇയാൾ ഫത്‌വ ഇറക്കി. മുസ്ലിംകൾ പുതുവത്സരാഘോഷങ്ങളെ അഭിമാനത്തോടെ കാണരുതെന്നും പരസ്പരം ആശംസകൾ അർപ്പിക്കുകയും ചെയ്യരുതെന്ന് പറഞ്ഞു.

നോമ്പുകാലത്ത് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വെള്ളം കുടിച്ചത് ശരിഅത്ത് നിയമപ്രകാരം കുറ്റമാണെന്നും ദൈവത്തിന്റെ കോടതിയിൽ മാപ്പ് പറയണമെന്നും പറഞ്ഞ് രംഗത്ത് വന്നു. ദിപാവലി ആഘോഷിച്ച ഷമിയുടെ മകൾക്കെതിരെയും ഇയാൾ പ്രസ്താവനയുമായി രംഗത്ത് എത്തി. ഷാരുഖ് ഖാൻ തന്റെ മകനെ മദ്രസയിൽ പറഞ്ഞ് അയക്കണമെന്ന് പറഞ്ഞ് രംഗത്ത് വന്നതും ഇതേ ഷഹാബുദ്ദീൻ തന്നെയാണ്. ഈ പ്രസ്താവനകൾ എല്ലാം തന്നെ സമൂഹത്തിൽ മുസ്ലിം വിരുദ്ധത ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്.

തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ് തന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ സംസാരിച്ച വിജയ്, മുസ്ലിം - ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിക്കുകയും തന്റെ പാർട്ടിയിൽ ഈ വിഭാഗങ്ങളിൽ ഉള്ളവർക്ക് പ്രാതിനിത്യം നൽകുകയും ചെയ്തിട്ടുണ്ട്. വഖഫ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അതുകൊണ്ടാണ്.

ആദ്യമായിട്ടല്ല വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്. വർഷങ്ങളായി റമദാൻ മാസത്തിൽ തന്റെ ആരാധകർക്കൊപ്പം ഇഫ്താർ ആഘോഷിക്കാറുണ്ട്. അന്ന് ഒന്നുമില്ലാത്ത എതിർപ്പാണ് ഇപ്പോൾ മൗലാന ഷഹാബുദ്ദീൻ റസ്‌വിയെ പോലുള്ളവർ നടത്തുന്നത്.

വിജയുടെ തന്നെ ഏറ്റവും ഹിറ്റായ സിനിമയായ പോക്കിരിയിലെ വടിവേലുവിനെ പോലെയാണ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ഏത് വേഷം കെട്ടി വന്നാലും തലയിലെ കുടുമ കാണുന്ന പോലെ ആൾ ഇന്ത്യ മുസ്ലിം ജമാഅത്തിന്റെ പേരിൽ വന്ന് ഇന്ത്യയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ലബോറട്ടറികൾക്ക് വേണ്ടി ഓവർടൈം പണിയെടുക്കുകയാണ് അയാൾ...

Content Highlights: Who is Maulana Shahabuddin Razvi, who issued a fatwa against Vijay

To advertise here,contact us