'മുടിയില്ലാത്ത പെണ്ണിനെ ആര് കെട്ടും?' ചോദ്യങ്ങളിൽ പതറാതെ അലോപേഷ്യയെ പോരാടി വിജയിച്ച നീഹാര്‍

'മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എന്റെ സംസ്കാരത്തിന്റെ ഭാ​ഗമാണ്. പുരികം എഴുതുന്നത് പോലും എനിക്കെന്തോ പ്രശ്നമുണ്ടെന്ന ചിന്തയാണ് പലരിലുമുണ്ടാക്കിയത്. ജീവിതം മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിലേക്ക് മാത്രം കടന്നപ്പോൾ എനിക്ക് എന്നിൽ തന്നെ സംശയങ്ങളുണ്ടാകാൻ തുടങ്ങി..'

സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോലായി മുടിയെ കണക്കാക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലം മാറുന്നതനുസരിച്ച് സൗന്ദര്യ സങ്കൽപങ്ങളിൽ മാറ്റം വരുത്താൻ സമൂഹം ശ്രമിക്കുന്നുണ്ടെങ്കിലും മുട്ടറ്റം നീളമുള്ള മുടിയാണ് സൗന്ദര്യമെന്ന് കരുതപ്പെടുന്നവരും ഏറെയാണ്. ‌എന്നാൽ ഈ സങ്കൽപങ്ങൾക്ക് വിപരീതമായൊരു വിവാഹമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ നീഹാർ സച്ഛ്ദേവ എന്ന യുവതിയാണ് സൗന്ദര്യ സങ്കൽപങ്ങളെ പാടെ തിരുത്തിക്കുറിച്ച് വിവാഹവേദിയിലെ താരമായി മാറിയത്. നീഹാറിനെ സംബന്ധിച്ച് ജീവിതം തന്നെ വലിയൊരു പോരാട്ടമായിരുന്നു. ശരീരത്തിലെ വിവിധ ഭാ​ഗങ്ങളിലെ മുടിയിഴകൾ കൊഴിഞ്ഞുപോകുന്ന അലോപേഷ്യ എന്ന രോ​ഗം സ്ഥിരീകരിക്കുമ്പോൾ നീഹാറിന് പ്രായം ആറ് മാസം മാത്രമായിരുന്നു. ആചാര പ്രകാരം തലമുണ്ഡനം ചെയ്യുന്ന ചടങ്ങുകൾ പൂർത്തിയായി. അധികം വൈകാതെ നീഹാറിന് വീണ്ടും മുടി വളരാൻ തുടങ്ങി. എന്നാൽ മാസങ്ങൾക്ക് ശേഷം അവ പൂർണമായും കൊഴിഞ്ഞു.

വളര്‍ന്നതോടെ ചുറ്റുമുള്ള തുറിച്ചുനോട്ടങ്ങൾക്കും ചോദ്യശരങ്ങൾക്കും മുൻപിൽ പകച്ചുപോയ നീഹാർ പുറത്തിറങ്ങുമ്പോഴെല്ലാം വി​ഗ് ധരിക്കാൻ തുടങ്ങി. സ്കൂളിലേക്കും വി​ഗ് ധരിച്ച് തന്നെയായിരുന്നു നീഹാർ എത്തിയത്. 'ദക്ഷിണേന്ത്യന്‍ സംസ്കാരം എന്റെ കുടുംബത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു. ഈ സംസ്കാരത്തിന്റെ ഭാ​ഗമായത് കൊണ്ടായിരിക്കണം പലപ്പോഴും മാതാപിതാക്കൾ എന്റെ കാര്യത്തിൽ വല്ലാതെ ഭയപ്പെടുകയും സ്വകാര്യത ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. കാരണം അവർ വളർന്നത് അത്തരമൊരു സമൂഹ​ത്തിലായിരുന്നു', നിഹാർ പറയുന്നു.

Also Read:

Life Style
പള്ളി കാവൽക്കാരനിൽ നിന്നും മൈക്രോസോഫ്റ്റിലേക്ക്; 39ാം വയസിൽ 30 കോടി സമ്പാദ്യവുമായി വിരമിച്ച് ടെക്കി

ആറ് വയസുള്ളപ്പോൾ പാർട്ടികൾക്കും മറ്റും പോകാൻ ഒരുങ്ങുന്ന തനിക്ക് പുരികം വരച്ചുതരാനായിരുന്നു അമ്മ പ്രയാസപ്പെട്ടിരുന്നതെന്ന് നീഹാർ ബ്രൗൺ​ഗേൾ മാ​ഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. 'പുരികം എഴുതുന്നത് എനിക്കെന്തോ പ്രശ്നമുണ്ടെന്ന ചിന്തയാണ് പലരിലുമുണ്ടാക്കിയത്. വളരുംതോറും മറ്റുള്ളവരിലുണ്ടാകുന്ന ഈ ചിന്ത എന്നെ ഏറെ അലോസരപ്പെടുത്താൻ തുടങ്ങി. സഹതാപനോട്ടങ്ങളും അടക്കംപറച്ചിലുകളും എനിക്ക് എന്നിൽ തന്നെ സംശയമുണ്ടാക്കുന്ന വിധത്തിലേക്ക് മാറി. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എന്റെ സംസ്കാരത്തിന്റെ ഭാ​ഗമാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതിനെ കുറിച്ച് ഞങ്ങൾ വല്ലാതെ ആശങ്കപ്പെടാറുണ്ട്', നീഹാർ പറഞ്ഞു.

പതിനഞ്ചുവയസ്സ് പ്രായമുള്ളപ്പോള്‍ മുടി വീണ്ടും വളരാന്‍ തുടങ്ങി. അന്ന് തഴച്ചുവളർന്ന കറുത്ത ചുരുണ്ട മുടിയിഴകളെ വി​ഗ് വെച്ച് മറയ്ക്കാതെയായിരുന്നു നീഹാർ സ്കൂളിൽ പോയിരുന്നത്. 15 വയസുള്ള പെൺകുട്ടിയെ സംബന്ധിച്ച് ആത്മവിശ്വാസം ഏറെ ഇരട്ടിപ്പിച്ച കാലഘട്ടമായിരുന്നു അത്. എന്നാൽ ആ സന്തോഷത്തിനും ആത്മവിശ്വാസത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസത്തിന് ശേഷം നീഹാറിന്റെ മുടികൾ വീണ്ടും കൊഴിഞ്ഞുതുടങ്ങി. തന്റെ ശാരീരിക അവസ്ഥയെ മനസിലാക്കി അത് മറച്ചുവെയ്ക്കാതെ ജീവിക്കുന്നതിൽ ആരെയാണ് ഭയപ്പെടേണ്ടത് എന്ന ചിന്ത നീഹാറിലുണ്ടാകുന്നതും അക്കാലയളവാണ്. ഇതോടെ മുടി പൂർണമായും കളയാൻ നീഹാർ തീരുമാനിച്ചു. സ്വാഭാവികമായും അക്കാലത്ത് നീഹാറിന്റെ തീരുമാനം ചുറ്റുമുള്ളവരെ അലോസരപ്പെടുത്തുന്നതായിരുന്നു. മുടിയില്ലാത്ത ഒരു ഇന്ത്യൻ പെണ്ണിനെ ആരാണ് വിവാഹം കഴിക്കുക എന്നതായിരുന്നു അന്ന് കുടുംബത്തിൽ നിന്നുമുയർന്ന പ്രധാന ചോദ്യം. അന്ന് പക്ഷേ ചുറ്റും കൂടി നിന്നവരുടെ ചോദ്യങ്ങൾ നീഹാറിനെ തളർത്തിയില്ല.

Also Read:

Life Style
വരവു പോലെ ചെലവും.. സാമ്പത്തിക പ്രയാസമനുഭവിക്കുന്നതിന്റെ കാരണമെന്താകാം?

സമൂഹ മാധ്യമങ്ങളിൽ നീഹാർ തന്റെ മുടി കൊഴിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചു. ഇന്നുവരെ അനുഭവിക്കാത്ത സ്വാതന്ത്ര്യം ലഭിച്ചതുപോലെ നീഹാർ തന്റെ സ്വത്വത്തെ സ്നേഹിക്കാനും ആഘോഷിക്കാനും തുടങ്ങി. ഇവിടെ നിന്നാണ് നീഹാർ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ മാറ്റത്തിന്റെ കാലം തുടങ്ങുന്നത്. മുടി മുറിക്കുമ്പോൾ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന പാർട്ടി നടത്തണമെന്നതായിരുന്നു നീഹാറിന്റെ തീരുമാനം. മുടി പൂര്‍ണമായും മുറിക്കുന്നത് തന്റെ തീരുമാനമാണെന്നും പ്രിയപ്പെട്ടവരെല്ലാം തന്റെ തീരുമാനത്തെ അം​ഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു നീഹാറിന്റെ ലക്ഷ്യം. ഏറ്റവും പ്രിയപ്പെട്ടവർ ഉൾപ്പെടുന്ന പാർട്ടിയിൽ അച്ഛൻ തന്നെയായിരുന്നു നീഹാറിന്റെ മുടി മുറിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ നീഹാറിനെ പിന്തുണച്ച് ഒട്ടേറെപേരാണ് രം​ഗത്തെത്തിയത്. നിരവധി പേർക്ക് പ്രചോദനമാകാനും നീഹാറിന് സാധിച്ചു. വിവാഹമെന്നത് അന്ന് സങ്കൽപ്പങ്ങളിൽ പോലുമില്ലാതിരുന്ന നീഹാറിന്റെ വിവാഹചിത്രങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. മുടിയില്ലാത്ത തന്റെ ജീവിതം ആസ്വദിക്കുന്നതിനിടെയാണ് ഡേറ്റിങ് ആപ്പിലൂടെ അരുൺ ​ഗണപതിയെ നീഹാർ പരിചയപ്പെടുന്നത്. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരാകാൻ തീരുമാനിച്ചത്.

തായ്ലാൻഡിലെ മനോഹരമായ ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗായിരുന്നു നീഹാറിന്റേത്. ചുവന്ന ലെഹങ്കയിൽ അതീവ സുന്ദരിയായാണ് നീഹാർ എത്തിയത്. യഥാർത്ഥ വിവാഹത്തിന് മുൻപ് ബ്രൗൺ​ഗേൾ മാ​ഗസിനിൽ ബാൾഡ് ബ്രൗൺ ബ്രൈഡ് എന്ന സീരീസിലൂടെ നീഹാർ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താനെടുക്കുന്ന ചെറിയ വലിയ ചുവടുകൾ മറ്റൊരാളുടെയെങ്കിലും ജീവിതത്തിന് പ്രചോദനമാകട്ടെയെന്നാണ് നീഹാർ പറയുന്നത്. 'അലോപേഷ്യയുള്ള അഥവാ മറ്റെന്തെങ്കിലും വെല്ലുവിളികളുള്ള വ്യക്തിക്ക് എന്നെ കാണുമ്പോൾ 'അവൾക്ക് മുടിയില്ലാതെ സന്തോഷവതിയായിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക് സാധിക്കില്ല' എന്ന് ചിന്തിക്കാനായാൽ അതു തന്നെയാണ് വിജയം', നീഹാർ പറയുന്നു.

Content Highlight: Neehar Sachdeva: The girl who fought against Alopecia, and the beauty standards

To advertise here,contact us