മരണം പടിവാതില്ക്കലുണ്ട്.. ഏതുനിമിഷം വേണമെങ്കിലും തണുത്ത കരങ്ങള് നീട്ടി അത് പിടിമുറുക്കിയേക്കാം.. ഗാസയിലെ ഓരോ ദിവസവും ഫാത്തിമ ഹസ്സൂന എന്ന ഫോട്ടോജേണലിസ്റ്റ് പിന്നിട്ടിരുന്നത് ആ സത്യം ഉള്ക്കൊണ്ടാണ്. കഴിഞ്ഞ 18 മാസങ്ങളായി അവള് ഗാസയിലെ യുദ്ധമുഖത്തുണ്ടായിരുന്നു. ജീവന് പണയം വച്ചും യുദ്ധം തന്റെ ക്യാമറക്കണ്ണുകള്ക്കുള്ളിലൂടെ രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു അവള്. ബോംബാക്രമണത്തിനും വെടിവെപ്പിനും ഇടയിലിരുന്നുകൊണ്ട് ജീവനുവേണ്ടിയുള്ള മനുഷ്യരുടെ പിടച്ചിലുകളും അവനുഭവിക്കുന്ന വേദനയും നിലവിളികളും അവള് പകര്ത്തി. 'മരിക്കുന്നെങ്കില് ലോകം അറിയുന്ന മരണം തന്നെവേണ'മെന്ന് അവള് ഉറപ്പിച്ചിരുന്നു. ഇസ്രയേല് ആക്രമണം ആരംഭിച്ചത് മുതലുള്ള ഗാസയിലെ ഫാത്തിമയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ 'പുട്ട് യുവര് സോള് ഓണ് യുവര് ഹാന്ഡ് ആന്ഡ് വാക്ക്' എന്ന ഡോക്യുമെന്ററി ഫ്രഞ്ച് ഫിലിംഫെസ്റ്റിവലില് പ്രദര്ശിപ്പിക്കുമെന്ന പ്രഖ്യാപനം വന്ന് 24 മണിക്കൂറുകള് പിന്നിട്ടിരുന്നതേയുള്ളൂ.. ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് ഫാത്തിമ മരണം വരിച്ചു.
'ഒരു ബ്രേക്കിങ് ന്യൂസായി, അല്ലെങ്കില് കൂട്ടത്തിലൊരക്കം മാത്രമായി എനിക്കൊടുങ്ങണ്ട. ലോകം ശ്രവിക്കുന്ന, കാലത്തെ അതിജീവിക്കുന്ന ശേഷിപ്പായിരിക്കണം എന്റെ മരണം. കാലത്തിനോ, സ്ഥലത്തിനോ കുഴിച്ചുമൂടാന് കഴിയാത്ത കാലതീതമായ ഒന്ന്.' മരണത്തെ കുറിച്ച് ഒരിക്കല് അവള് സോഷ്യല് മീഡിയയില് കുറിച്ചത് ഇങ്ങനെയാണ്. വിവാഹത്തിന് ദിവസങ്ങള് മാത്രം ബാക്കിയുള്ളപ്പോഴാണ് ബുധനാഴ്ച ഇരുപത്തിയഞ്ചുകാരിയായ ഫാത്തിമ ഇസ്രയേല് വ്യോമാക്രമണത്തില് കൊല്ലപ്പെടുന്നത്. ഇസ്രയേല് സൈന്യത്തിനും ജനങ്ങള്ക്കും നേരെ ആക്രമണം നടത്തിയ ഹമാസ് അംഗത്തെ ലക്ഷ്യം വച്ച് ഇസ്രേയല് നടത്തിയ വ്യോമാക്രമണത്തില് അവളുടെ വീട് പൂര്ണമായും തകര്ന്നു. ഫാത്തിമയും, ഗര്ഭിണിയായ സഹോദരിയും ഉള്പ്പെടെ 12 പേര്ക്ക് ഏപ്രില് 16ന് നടന്ന ആക്രമണത്തില് ജീവന് നഷ്ടപ്പെട്ടു.
ഗാസയില് ജനിച്ചുവളര്ന്ന ഫാത്തിമ മള്ട്ടിമീഡിയയില് ബിരുദമെടുക്കുന്നത് ഗാസയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ലൈഡ് സയന്സില് നിന്നാണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഗാസയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന അവളെടുത്ത ആയിരക്കണക്കിന് ചിത്രങ്ങള് ലോകം മുഴുവനും സഞ്ചരിച്ചു. മുത്തശ്ശിയുടെയും അടുത്തബന്ധുക്കളുടെയും മരണം ഉള്പ്പെടെയുള്ള വ്യക്തിപരമായ നഷ്ടങ്ങള്ക്കിടയിലും അവള് ഇടവേളയെടുത്തില്ല. താന് നിന്നുപോയാല് ഗാസയുടെ ശബ്ദവും നിലയ്ക്കുമെന്നു കരുതി അവള് യാത്ര തുടര്ന്നു. ഗാസയുടെ കണ്ണുകളെന്നാണ് അവള്ക്കൊപ്പം ഉണ്ടായിരുന്ന മറ്റുമാധ്യമപ്രവര്ത്തകര് അവളെ വിശേഷിപ്പിച്ചത്.
'പ്രകാശം നിറഞ്ഞ പെണ്കുട്ടിയായിരുന്നു അവള്. കഴിവുള്ളവള്. അവളുടെ ചിരിയും, കണ്ണുനീരും, പ്രതീക്ഷകളും, നിരാശയുമെല്ലാം ഞാന് പകര്ത്തിയിരുന്നു.' 'പുട്ട് യുവര് സോള് ഓണ് യുവര് ഹാന്ഡ് ആന്ഡ് വാക്ക്' സംവിധായിക സെപിദേ ഫാര്സി ഓര്ക്കുന്നു. ഗാസ കടന്നുപോകുന്ന ദുരന്തനാളുകളെ കുറിച്ചും പലസ്തീനികളുടെ ദുരിതം നിറഞ്ഞ നിത്യജീവിതത്തെ കുറിച്ചും സെപിദേയുടെയും ഫാത്തിമയുടെയും സംഭാഷണങ്ങളിലൂടെ വിവരിക്കുന്നരീതിയിലാണ് അവര് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്. നിര്ഭയയായിരുന്ന ഫാത്തിമയെ കുറിച്ച് ഭയക്കാന് തനിക്കൊരു അവകാശവുമില്ലെന്നാണ് ഫാത്തിമയുടെ മരണത്തെ കുറിച്ചറിഞ്ഞ ശേഷം സെപിദേ പ്രതികരിച്ചത്. എന്നാല് ഒരു ഫോട്ടോജേണലിസ്റ്റ് എന്ന നിലയില് ഫാത്തിമ നേടിയ ലോകശ്രദ്ധയും തന്റെ ഡോക്യുമെന്ററിയുടെ ഭാഗമായതും ഇസ്രയേല് സൈന്യം അവളെ ലക്ഷ്യമിടാന് കാരണമാകുമോ എന്ന് താന് ഭയന്നിരുന്നതായി സെപിദേ തുറന്നുസമ്മതിക്കുന്നു.
ഹമാസ് അംഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേല് സൈന്യം വിശദീകരിക്കുമ്പോഴും ലക്ഷ്യം ഫാത്തിമയായിരുന്നോ എന്ന ചോദ്യം അനലിസ്റ്റുകളും ക്രിട്ടിക്കുകളും ഉയര്ത്തുന്നുണ്ട്. ഡോക്യുമെന്ററി പ്രദര്ശന പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിലാണ് വ്യോമാക്രമണം നടന്നതെന്നത് ഈ സംശയം ബലപ്പെടുത്തുന്നുമുണ്ട്. 'വാര്ത്ത അറിഞ്ഞപ്പോള് ഞാന് ആശുപത്രിയിലേക്ക് ഓടി. അവള്ക്കുവേണ്ടി തിരഞ്ഞു. അവസാനം ഒരു അയല്ക്കാരനാണ് പറഞ്ഞത് അവളുടെ മൃതദേഹം മറവുചെയ്തെന്ന്..ശിരസ്സ് ഇല്ലാതെ..ഞാന് തകര്ന്നുപോയി..' ഫാത്തിമയുടെ ഏറ്റവും അടുത്ത സുഹൃത്തായ അസ്മ അബോ ദ് ന്യൂ അറബിനോട് പ്രിയസുഹൃത്തിന്റെ വേര്പാടിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 2023 ഒക്ടോബര് ഏഴിന് ആരംഭിച്ച ഇസ്രയേല് ആക്രമണത്തില് 170ല് അധികം മാധ്യമപ്രവര്ത്തകര്ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല് 170 അല്ല 212 പേരാണ് മരിച്ചതെന്ന് ചില കണക്കുകള് ചൂണ്ടിക്കാണിക്കുന്നു. അവരില് പലരും ഇസ്രയേലിന്റെ നേരിട്ടുള്ള ആക്രമണത്തില് കൊല്ലപ്പെട്ടവരാണ്. ഗാസയിലെ മാധ്യമപ്രവര്ത്തകര് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേക്കുള്ള നേര്ക്കാഴ്ചയാണ് ഫാത്തിമയുടെ മരണം.
'അവളുടെ ഫോട്ടോകള് കാണൂ.., അവളുടെ വാക്കുകള് വായിക്കൂ.., അവളുടെ ഫോട്ടോകളിലൂടെ, ലെന്സിലൂടെ അവള് കാണിച്ചുതരുന്ന ഗാസയുടെ ജീവിതത്തിനും, യുദ്ധത്തില് ഗാസയുടെ കുട്ടികള് അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്ക്കും സാക്ഷ്യം വഹിക്കൂ..' ഗാസയിലെ മറ്റൊരു മാധ്യമപ്രവര്ത്തകനായ മിഖ്ദാദ് ജമീലിന്റെ വാക്കുകള് അടിവരയിട്ടുറപ്പിക്കുന്നത് ആ ചരിത്രം രേഖപ്പെടുത്തിയിട്ട് തന്നെയാണ് ഫാത്തിമ മടങ്ങിയിരിക്കുന്നതെന്നാണ്.. അവളാഗ്രഹിച്ച പോലെ ലോകം അവളുടെ മരണം ശ്രവിക്കുന്നുണ്ട്.. തന്റെ ചിത്രങ്ങളിലൂടെ അവള് പറയാനാഗ്രഹിച്ചത് ഗ്രഹിക്കുന്നുണ്ട്..
Content Highlights: ‘If I die, I want a loud death’: Gaza photojournalist killed by Israeli airstrike