മാതൃത്വത്തെ കുറിച്ചും മാതൃത്വത്തിലെ വെല്ലുവിളികളെ കുറിച്ചും ടെന്നീസില് നിന്ന് വിരമിച്ചതിനെ കുറിച്ചുമെല്ലാം മനസ്സുതുറന്ന് സാനിയ മിര്സ. പോഡ്കാസ്റ്റര് മാസൂം മിനവാലയുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് മകന് ഇഹ്സാന് മിര്സയ്ക്കൊപ്പം കൂടുതല് സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ടെന്നീസില് നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് സാനിയ മിര്സ പറഞ്ഞത്.
ഗര്ഭകാലത്തെ 'ഒരു സ്വപ്നം' എന്ന് വിശേഷിപ്പിച്ച സാനിയ മുലയൂട്ടല് കാലം തന്നെ വൈകാരികമായി തളര്ത്തിയെന്ന് പറയുന്നു. മുലയൂട്ടുന്നതിന്റെ ശാരീരിക വശങ്ങളേക്കാള് വൈകാരികമായ വശങ്ങളാണ് തന്നെ തളര്ത്തിയത്. ഇനിയും മൂന്ന് തവണകൂടി ഗര്ഭിണിയാകാന് എനിക്ക് പ്രശ്നമില്ല, പക്ഷേ മുലയൂട്ടുന്ന കാര്യം ആലോചിക്കാന് കൂടി കഴിയുന്നില്ല' സാനിയ പറഞ്ഞു.
' മകനോടൊപ്പം സമയം ചെലവഴിക്കുന്നത് തന്റെ സ്വപ്നത്തിന്റെ ഭാഗമായിരുന്നു. ഞാന് ആദ്യമായി മകന് ഇസ്ഹാനെ വിട്ടുപോകുമ്പോള് അവന് ആറാഴ്ച മാത്രമായിരുന്നു പ്രായം. ഒരു പരിപാടിക്കായി ഡല്ഹിയിലേക്ക് പോയതായിരുന്നു അന്ന്. അവനെ വിട്ട് പോകാന് കഴിയില്ല എന്നാണ് ഞാന് ആദ്യം കരുതിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ യാത്രയായിരുന്നു അത്. നമ്മള് കുട്ടികളുടെ അടുത്തുനിന്ന് പോകുമ്പോള് അത് അവരെ ബാധിക്കില്ല. പക്ഷേ അമ്മമാര്ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടും കുറ്റബോധവും കാരണം അവര് സ്വയം ഉരുകുന്നു.
അവനെ വീട്ടിലാക്കി ഞാന് അന്ന് രാവിലെയുള്ള വിമാനത്തിലാണ് പോയത്. മുലയൂട്ടുന്ന കാലയളവായതുകൊണ്ടുതന്നെ എനിക്ക് വിമാനത്തില്വച്ച് പാല് പമ്പ് ചെയ്ത് കളയേണ്ടിവന്നു.അതൊരു ബുദ്ധിമുട്ടായിരുന്നു. രാവിലെ ഹൈദരാബാദില് നിന്ന് ഡല്ഹിയിലേക്ക് പോയി വൈകുന്നേരം തിരിച്ചെത്തി. പക്ഷെ അന്ന് ഞാന് ഒരുപാട് കരഞ്ഞു. അന്ന് ആ യാത്ര ഒഴിവാക്കിയിരുന്നെങ്കില് പിന്നീട് എനിക്ക് അവനെ വിട്ട് ജോലിക്ക് പോകാന് കഴിയുമായിരുന്നില്ല. തിരികെ വീട്ടില് എത്തിയപ്പോള് അവന് ഒരു കുഴപ്പവും ഇല്ലായിരുന്നു'. അന്ന് ആ യാത്രയ്ക്ക് തനിക്ക് ധൈര്യം തന്നത് അമ്മയാണെന്നും അവര് കൂട്ടിച്ചേര്ത്തു.
' ഞാന് മൂന്ന് മാസത്തോളം മുലയൂട്ടി. എന്നെ സംബന്ധിച്ച് അതിന്റെ ശാരീരിക വശമല്ല. മറിച്ച് വൈകാരികവും മാനസികവുമായ വശങ്ങളാണ് തളര്ത്തിയത്. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുലയൂട്ടല് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉറക്കമില്ലായ്മ മുതല് പല കാര്യങ്ങളും മുലയൂട്ടലിന്റെ സമയക്രമവുമായി കേന്ദ്രീകരിക്കേണ്ടി വരും. മൂന്ന് മാസത്തിന് ശേഷം ഡോക്ടറിന്റെ അടുത്ത് പോയി എനിക്ക് മുലയൂട്ടാന് കഴിയില്ലെന്ന് പറയുകയായിരുന്നു. പക്ഷേ ഒരു മാസം കൂടി തുടരാനാണ് ഡോക്ടര് പറഞ്ഞത്. എനിക്ക് ഭ്രാന്തുപിടിക്കും എന്നായിരുന്നു എന്റെ മറുപടി. കാരണം ഞാന് പ്രസവാനന്തരമുളള ഹോര്മോണുകളോടും വൈകാരിക അവസ്ഥകളോടും പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ഒരു ചെറിയ കുട്ടി ഭക്ഷണത്തിന് വേണ്ടി എന്നെ ആശ്രയിക്കുന്നു എന്ന അറിവ് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുളള കാര്യമായിരുന്നു. ഗര്ഭധാരണത്തേക്കാള് കഠിനമായി മുലയൂട്ടലിനെ എനിക്ക് തോന്നുകയും ചെയ്തു'.
പ്രസവത്തിന്റെ തലേദിവസം പോലും ടെന്നീസ് കളിക്കുകയും ആരോഗ്യവതിയായിരുന്നു താനെന്നും സാനിയ മിര്സ സംഭാഷണത്തില് പറയുന്നുണ്ട്.
Content Highlights : Sania Mirza talks about the emotional challenges of motherhood and breastfeeding