ഇത്തരം കമന്റുകൾ പറയാറുണ്ടോ? പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം!

ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ഇല്ലെങ്കില്‍ ഏട്ടിന്റെ പണി കിട്ടും

3 min read|21 Nov 2024, 03:35 pm

പലതരത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ നിത്യജീവിതത്തിൽ കേൾക്കുന്നതാണ്. നീ വല്ലാതങ്ങു കറുത്തു പോയല്ലോ, വണ്ണം കൂടിയല്ലോ, മേലിഞ്ഞ് പോയല്ലോ മുടിയെല്ലാം കൊഴിഞ്ഞു മൊട്ടത്തല ആകുന്നുണ്ടല്ലോ.. ഇത്തരം കമന്റുകൾ സ്ഥിരം പറയുന്നവർ നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ ഏട്ടിന്റെ പണി കിട്ടും.

പലപ്പോഴും ആത്മവിശ്വാസം തകർത്തുന്ന തരത്തിലാണ് പലരും ഇത്തരം പ്രയോ​ഗങ്ങൾ ഉപയോഗിക്കുന്നത്. സ്വന്തം ശരീരത്തെ വെറുക്കുക, അപകർഷതാബോധം കൂടുക, ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടുക, മാനസിക സമ്മർദം ഉണ്ടാകുക തുടങ്ങി ബോഡി ഷെയ്മിങ്ങിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. കുട്ടികളെയും കൗമാരക്കാരെയുമാണ് കൂടുതലായി ഇത് ബാധിക്കുന്നത്. വണ്ണം, ഉയരം, നിറം, തലമുടി, അവയവങ്ങളുടെ വലുപ്പം, ശബ്ദത്തിന്റെ പ്രത്യേകത, പ്രായം, വേഷം തുടങ്ങി എന്തും ബോഡി ഷെയ്മിങ്ങിനു വിഷയമാകാറുണ്ട്.

എന്നാൽ ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഇത്തരം പ്രയോ​ഗങ്ങൾ നടത്തുന്നവർ ഇനി നിയമ കുരുക്കിൽപ്പെടുന്നതാണ്. ബോഡി ഷെയ്‌മിങ് നടത്തി വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഹർജിക്കാരി. ഭർത്താവും അമ്മായിയച്ഛനും ആണ് ഒന്നും രണ്ടും പ്രതികൾ. മൂവർക്കുമെതിരെ ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2019 ൽ ഭര്‍ത്തൃവീട്ടിൽ എത്തിയതായിരുന്നു യുവതി. എന്നാൽ അധിക്ഷേപം സഹിക്കാൻ കഴിയാതെ 2022ൽ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

യുവതിക്ക് നല്ല ശരീരാകൃതിയില്ലെന്നും ‌ഭർത്താവിന്റെ സഹോദരന് കൂടുതൽ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ എംബിബിഎസ് യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.എന്നാൽ, ഇതൊന്നും ഗാർഹികപീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു എതിര്‍കക്ഷിയുടെ വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നും കോടതി വിലയിരുത്തി.

Also Read:

DEEP REPORT
നൈന സാഹ്നി, തന്തൂർ അടുപ്പിൽ വെന്തൊടുങ്ങിയ പെണ്ണുടൽ; രാജ്യത്തെ ഞെട്ടിച്ച ഒരു കൊലപാതകകഥ

ബോഡി ഷെയ്മിങും മാനസികാരോഗ്യവും

നിത്യജീവിതത്തിൽ കേൾക്കുന്ന ബോഡി ഷെയ്മിങ് പരാമര്‍ശങ്ങള്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം പ്രയോ​ഗങ്ങൾ നടത്തുന്നത് ചിലരിൽ അമിതമായ ദേഷ്യത്തിനും കാരണമാകുന്നുണ്ട്. കുശലന്വേഷണത്തിന്റെ ഭാ​ഗമായി ചോദിക്കുന്ന പല ചോദ്യങ്ങളാണ് പലരെയും ഇത്തരം അവസ്ഥകളിൽ കൊണ്ടുചെന്ന് എത്തിക്കുന്നത്. എന്നാൽ ഇങ്ങനെ ബോഡി ഷെയിമിങ് ചെയ്യുന്ന പലർക്കും തങ്ങൾ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് അറിയില്ല എന്നതാണ് വസ്തുത. ഇത്തരം കളിയാക്കലുകള്‍ മാനസികാരോഗ്യത്തെ തകരാറിലാക്കും. അതുമാത്രമല്ല ഭക്ഷണ രീതികളിൽ പോലും മാറ്റം വരുത്തി പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇത് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും ബോഡി ഷെയിമിങ്ങിന്, പ്രത്യേകിച്ച് വണ്ണം കൂടുന്നത് ചൊല്ലിയുള്ള ഫാറ്റ് ഷെയിമിങ്ങിന് ഇരയാകാറുണ്ട്. ബോളിവുഡ് താരങ്ങളായ വിദ്യാബാലനും സോനാക്ഷി സിൻഹയുമൊക്കെ മലയാളിതാരമായ നിത്യാ മേനനും വണ്ണം കൂടിയതിന്റെ പേരിൽ ഏറെ പഴി കേട്ടവരാണ്.

Content Highlight : No body shaming; People who keep saying body shaming should pay attention...

To advertise here,contact us