വാടകവീടൊഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടോ? ഇക്കാര്യങ്ങൾ ഓർത്തുവെക്കൂ

താമസക്കാരൻ വീടൊഴിയുന്ന സമയത്ത് ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ വീട്ടുടമ ബാധ്യസ്ഥനാണ്

ഇന്നത്തെ കാലത്ത് ഒരു പ്രോപ്പർട്ടി വാടകയ്‌ക്കെടുത്താൽ മുൻകൂറായി കുറച്ച് തുക ഡെപ്പോസിറ്റ് ആയി നൽകേണ്ടത് അത്യാവശ്യമാണ്. എല്ലാ പ്രോപ്പർട്ടി ഉടമകളും അത്തരത്തിലൊരു തുക ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും രീതിയിൽ താമസിക്കുന്ന വ്യക്തിക്ക് വാടക തരാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായാലോ, വീടിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലോ ആ തുക ഉടമയ്ക്ക് ഉപയോഗിക്കാം. എന്നാൽ താമസക്കാരൻ വീടൊഴിയുന്ന സമയത്ത് ആ തുക തിരികെ നൽകാൻ വീട്ടുടമ ബാധ്യസ്ഥനാണ്. അഥവാ, വീട്ടുടമ പണം നൽകാൻ തയ്യാറായില്ലെങ്കിൽ പണം ലഭിക്കേണ്ടയാൾക്ക് നിയമനടപടിക്ക് പോകുകയും ചെയ്യാം.

സാധാരണയായി നിയമനടപടിക്ക് മുൻപായി എങ്ങനെയെങ്കിലും പണം തിരികെ ലഭിക്കാനുള്ള വഴിയാണ് അവിടം താമസിച്ചിരുന്നയാൾ ആലോചിക്കുക. ആ വഴികളെല്ലാം അടഞ്ഞാൽ ഒരു അഭിഭാഷകനെ സമീപിച്ച്, വീട്ടുടമയ്ക്ക് ഒരു നോട്ടിസ് നൽകാം. നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകണമെന്നും അല്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നുമായിരിക്കും ആ കത്തിൽ ഉണ്ടാകുക. ഈ രീതിയും ഫലം കണ്ടില്ലെങ്കിൽ പണം തിരികെ ലഭിക്കാനായി സിവിൽ സ്യൂട്ട് ഫയൽ ചെയ്യാം.

താമസക്കാരൻ തുക നൽകിയതിനുള്ള എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കണം. വാടക എഗ്രിമെന്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കൊടുത്ത തുകയുടെ തെളിവ്, പണം തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാർ, താമസക്കാരൻ കയറിത്താമസിക്കുമ്പോഴും ഇറങ്ങുമ്പോഴും പ്രോപ്പർട്ടിയുടെ ചിത്രങ്ങൾ എന്നിവയെല്ലാം കോടതിയിൽ ഹാജരാക്കണം. രേഖകൾ എല്ലാം കൃത്യമായാൽ കോടതി നടപടികളും വേഗത്തിലായേക്കും.

ചില നിയമങ്ങളെപ്പറ്റിയും താമസക്കാർ ബോധവാന്മാരായിരിക്കേണ്ടതാണ്.ഇന്ത്യൻ കോണ്ട്രാക്റ്റ് ആക്ട് 1872 പ്രകാരം, ഉടമ ഏതെങ്കിലും രീതിയിൽ ഡെപ്പോസിറ്റ് കരാർ ലംഘിച്ചാൽ, താമസക്കാരന് കേസ് കൊടുക്കാം. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരവും ഉടമയ്‌ക്കെതിരെ പരാതി നൽകാവുന്നതാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് 1881 പ്രകാരം, ഉടമ തന്ന ചെക്ക് മടങ്ങിവന്നാൽ പരാതി നൽകാവുന്നതാണ്.

ഇങ്ങനെ നിയമനടപടികൾ സ്വീകരിക്കാമെങ്കിലും അവയ്ക്ക് രേഖകൾ കൃത്യമായി ഉണ്ടാകണം എന്നത് നിർബന്ധമാണ്. എത്ര തുക നൽകി, കരാർ എത്തരത്തിൽ, തുക കിഴിക്കാൻ സാധിക്കാവുന്ന സന്ദർഭങ്ങളേത്, തുക തിരികെ ലഭിക്കാനുള്ള സമയകാലാവധി എന്നിവ സംബന്ധിച്ച രേഖകൾ ആണ് കൃത്യമായി ഉണ്ടാകേണ്ടത്.

Content Highlights: Ways to recover deposit fund when the owner didn't do so

To advertise here,contact us