കലയില്‍ ശരീരം സർ​ഗാത്മകമാകുന്നതിനെക്കുറിച്ച് എന്തറിയാം 'ലിങ്ക്' തേടുന്ന ഈ അശ്ലീലക്കൂട്ടങ്ങള്‍ക്ക്!!

ഏറെ അറപ്പുളവാക്കുന്ന വഷളന്‍ കമന്റുകളുമായി ഒരു വലിയ ആണ്‍കൂട്ടം ഈ പോസ്റ്റുകള്‍ക്ക് കീഴെ പ്രത്യക്ഷപ്പെടുന്നു. മര്യാദയുടെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള അശ്ലീല കമന്റുകളുടെ ഘോഷയാത്രയാണ് പിന്നീട് ഓരോ പോസ്റ്റുകള്‍ക്ക് കീഴിലും. ഈ നൂറ്റാണ്ടിലും ഇത്രമാത്രം ലൈംഗിക ദാരിദ്ര്യമാണോ മലയാളികള്‍ക്ക്?

4 min read|27 Nov 2024, 05:10 pm

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മലയാളി ആണുങ്ങളുടെ ഒരു വലിയ കൂട്ടം ഒരു ലിങ്കിന് വേണ്ടി കടിപിടി കൂടുകയാണ്. നിരവധി സൈബര്‍ ഗ്രൂപ്പുകളില്‍ ദിവ്യപ്രഭ എന്ന നടിയുടെ പേരില്‍ പലവിധ പോസ്റ്റുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഏറെ അറപ്പുളവാക്കുന്ന വഷളന്‍ കമന്റുകളുമായി ഒരു വലിയ ആണ്‍കൂട്ടം ഈ പോസ്റ്റുകള്‍ക്ക് കീഴെ പ്രത്യക്ഷപ്പെടുന്നു. മര്യാദയുടെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള അശ്ലീല കമന്റുകളുടെ ഘോഷയാത്രയാണ് പിന്നീട് ഓരോ പോസ്റ്റുകള്‍ക്ക് കീഴിലും. ഈ നൂറ്റാണ്ടിലും ഇത്രമാത്രം ലൈംഗിക ദാരിദ്ര്യമാണോ മലയാളികള്‍ക്ക് എന്ന് ആ കമന്റുകളിലേക്ക് നോക്കിയാല്‍ ആരും ചോദിച്ചുപോകും.

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി നിലകൊണ്ട, ഏറെ കലാമൂല്യമുള്ള ഒരു സിനിമയിലെ ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു സീനാണ് മലയാളി ആണ്‍കൂട്ടത്തിന്റെ ഞരമ്പുകള്‍ക്ക് പ്രശ്നമാകുന്നത്. ഇന്ത്യയിലെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാവുന്ന വിധത്തില്‍ കാന്‍ മേളയിലെ ചുവന്ന പരവതാനിയില്‍ അംഗീകാരങ്ങളുടെ നൃത്തം ചവിട്ടിയ ചലച്ചിത്ര പ്രവര്‍ത്തകരെ ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ ഒരു കൂട്ടം ഇവിടെയിരുന്ന് പരിഹസിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന് മുന്നില്‍ മലയാളികള്‍ നാണം കെടുന്ന അവസ്ഥ.

77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ഇന്ത്യന്‍ സിനിമയ്ക്ക് അപൂര്‍വമായി ലഭിച്ച ഈ നേട്ടത്തെ സിനിമാ ലോകവും മാധ്യമങ്ങളും ഭരണകൂടങ്ങളുമെല്ലാം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയവരില്‍ മിക്കവരും മലയാളികളായതിനാല്‍ കേരളത്തെ സംബന്ധിച്ച് ഈ നേട്ടം ഏറെ അഭിമാനകരമായ ഒന്നായിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അനീസ് നെടുമങ്ങാട് തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്.

ഇക്കഴിഞ്ഞ നവംബര്‍ 22 ന് കേരളത്തിലെ തിയ്യേറ്ററുകളില്‍ സിനിമ റിലീസിനെത്തി. ലോക സിനിമയുടെ മാറ്റങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സിനിമ നമ്മുടെ നാട്ടില്‍ നിന്നും സംഭവിക്കുമ്പോള്‍ ആ സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയത്തെയും അതിന്റെ കലാപരമായ സവിശേഷതകളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതിന് പകരം മലയാളികളില്‍ ഒരു വിഭാഗം ചര്‍ച്ച ചെയ്തത് ആ സിനിമയിലെ ഏതാനും സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ന്യൂഡിറ്റിയെ കുറിച്ചാണ്. ദിവ്യ പ്രഭ, കനി കുസൃതി എന്നീ നടിമാരെ സ്ലട്ട് ഷെയിം ചെയ്തുകൊണ്ട് നിര്‍വൃതിയടയുകയാണ് ഈ ആണ്‍കൂട്ടം.

സിനിമ എന്ന ഒരു കലാസൃഷ്ടിയ്ക്കും, അത് മുന്നോട്ടുവെക്കുന്ന പ്രമേയത്തിനും വേണ്ടി അഭിനയത്തിലൂടെ ശരീരത്തിന്റെ സകല സാധ്യതകളെയും സര്‍ഗാത്മകമായി പ്രയോഗിക്കുന്ന കലാപ്രവര്‍ത്തകരാണ് കനി കുസൃതിയും ദിവ്യ പ്രഭയും. അസാമാന്യമായ അവരുടെ പ്രകടനത്തെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കലാസ്വാദകര്‍ ഏറ്റെടുക്കുമ്പോഴാണ് അവരുടെ സ്വന്തം നാട്ടില്‍ നിന്ന് ഇത്രയ്ക്ക് ലജ്ജാകരമായ അനുഭവങ്ങളുണ്ടാകുന്നത്.

Also Read:

Opinion
‘ലിങ്ക് കിട്ടിയോ, കണ്ടോ' ചോദ്യക്കാരോട്; ഇത് സകല പോൺ സൈറ്റ് കണ്ടിട്ടും തീരാത്ത കൗതുകം അഥവാ ലൈം​ഗിക ദാരിദ്ര്യം!

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' പുരസ്‌കാരം നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ ഈ നാട്ടില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ദിവ്യപ്രഭ നല്‍കുന്ന മറുപടി. ഒരു അഭിനേതാവിന് അയാളുടെ ശരീരം ഒരു ഉപകരണമാണെന്നും മുന്നിലെത്തുന്ന തിരക്കഥയ്ക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും നമുക്കുണ്ടെന്നും ദിവ്യപ്രഭ പറയുമ്പോള്‍ ആ മറുപടിയില്‍ ഇച്ചാശക്തിയും നിലപാടുമുള്ള ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ കരുത്തുണ്ട്.

മലയാളി പുരുഷന്‍മാരുടെ സാമ്പ്രദായിക ഭാവനകളിലുള്ള നായികാ സങ്കല്‍പങ്ങള്‍ക്ക് പുറത്തുള്ളവരാണ് ദിവ്യ പ്രഭയും കനി കുസൃതിയുമെല്ലാം. ലോകത്തിന്റെയും കാലത്തിന്റെയും സിനിമയുടെയും പരിണാമങ്ങള്‍ക്കൊപ്പം കലയും കരിയറും ജീവിതവും മുന്നോട്ടുകൊണ്ടുപോകുന്നവര്‍.

ചിന്തകള്‍ക്ക് വികാസമില്ലാത്തവരുടെ കൂട്ടത്തില്‍ നിന്ന് ഇനിയും നിങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായേക്കാം. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പോലൊരു ഗ്ലോബല്‍ സിനിമയെ തുണ്ടുപടമെന്ന് വിളിച്ച് കളിയാക്കുന്നവര്‍ ഇന്നാട്ടിലിനിയും ധാരാളമുണ്ടായേക്കാം. അതൊന്നും ഗൗനിക്കാതെ നിങ്ങളിനിയും ഇതുപോലുള്ള കരുത്തുറ്റ കഥാപാത്രങ്ങളുമായി സിനിമാ ജീവിതം തുടരൂ… സിനിമയുടെ മറ്റൊരു ലോകം നിങ്ങള്‍ക്ക് മുന്നിലുണ്ട്.

Also Read:

Food
'അമ്പട പഹയാ, ഇജ്ജ് പേര്‍ഷ്യക്കാരനാ?' മൊഹബത്ത് നിറച്ചൊരു ബിരിയാണി കഥയിങ്ങനെ.....

Content Highlights: opinion on cyber attack against divyaprabha and all we imagine as light

To advertise here,contact us