അധികമൊന്നും എംടി പറഞ്ഞിട്ടില്ല, പക്ഷെ പറഞ്ഞത് കുറിക്ക് തന്നെ കൊണ്ടിരുന്നു; അപൂർവ്വവും ശക്തവുമായ ആ നിലപാടുകൾ

എം ടി ശക്തമായ രാഷ്ട്രീയ-സാമൂഹ്യ നിലപാട് പറഞ്ഞ അവസരങ്ങൾ മലയാളികൾ മറക്കില്ല

കൃത്യമായ രാഷ്ട്രീയ നിലപാട് സൂക്ഷിക്കുമ്പോഴും പരസ്യമായ രാഷ്ട്രീയ നിലപാടുകളോ സാമൂഹ്യ വിമർശനങ്ങളോ എം ടി ആ നിലയിൽ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ശക്തമായി പെരിങ്ങോം ആണവ നിലയത്തിനെതിരെ 1990കളിൽ എം ടി സ്വീകരിച്ച തീക്ഷണമായ നിലപാട് മറക്കാനാവില്ല. പിന്നീട് മുത്തങ്ങയിലെ നടപടിയിൽ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട ജോ​ഗി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടപ്പോഴും എം ടി പൊട്ടിത്തെറിച്ചിരുന്നു. അതിന് ശേഷം എംടിയിൽ നിന്ന് അതിശക്തമായ പ്രതികരണം വന്നത് നോട്ടുനിരോധന സമയത്തായിരുന്നു. ഏറ്റവും ഒടുവിൽ എം ടി നടത്തിയ പ്രതികരണമാകട്ടെ അതിരൂക്ഷമായിരുന്നു. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാമെന്ന് എം ടി പറഞ്ഞപ്പോൾ അത് പിണറായി സർക്കാരിൻ്റെ തുടർഭരണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എന്നായിരുന്നു പൊതുവെ ഉയർന്ന വിലയിരുത്തൽ. എന്നാൽ നരേന്ദ്ര മോദിക്കെതിരെയായിരുന്നു എംടിയുടെ വിമർശനം എന്ന് പറഞ്ഞായിരുന്നു ഇടതുപക്ഷം ഇതിന് പ്രതിരോധം തീർത്തത്.

1990 ൽ കോഴിക്കോട്ടു നടന്ന ആണവനിലയ വിരുദ്ധ റാലിയിലെ മുഖ്യാതിഥിയായിരുന്നു എം ടി. 2003-ൽ അൻ്റണി സ‍ർക്കാരിൻ്റെ കാലത്താണ് മുത്തങ്ങയിൽ പൊലീസ് വെടിവയ്പിൽ ജോ​ഗി കൊല്ലപ്പെടുന്നത്. അന്ന് പ്രതിഷേധിച്ചവരുടെ മുൻനിരയിൽ എംടിയുണ്ടായിരുന്നു. ‘മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണു പ്രധാനം. ചരിത്രം തിരുത്താൻ നാം തയാറാവണം. ഗോത്രവർഗക്കാരുടെ ഭൂമി തിരിച്ചുകൊടുക്കണം. സർക്കാർ അത് ചെയ്തേ ഒക്കൂ' എന്നായിരുന്നു അന്ന് താമരശ്ശേരിയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് എംടി പറഞ്ഞത്. ഈ രണ്ട് വിഷയങ്ങളിലും എം ടി സ്വീകരിച്ച നിലപാടുകൾ അതേ ആഴത്തിൽ കേരളീയ പൊതുസമൂഹം ച‍ർച്ച ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് നോട്ടുനിരോധനത്തിൻ്റെ കാലത്തായിരുന്നു എംടിയിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകുന്നത്. നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എം ടി പറഞ്ഞപ്പോൾ അത് നോട്ടുനിരോധനത്തിനെതിരായ അക്കാലത്തെ ഏറ്റവും രൂക്ഷമായ വിമർശനമായി മാറി. എംടിയുടെ നിലപാടിനെതിരെ ബിജെപി നേതാക്കളും രൂക്ഷപ്രതികരണങ്ങളുമായി രം​ഗത്ത് വന്നിരുന്നു. മോദിയെ വിമർശിക്കാൻ എംടി ആരാണെന്നായിരുന്നു എൻ രാധാകൃഷ്ണൻ്റെ പ്രതികരണം. എംടി വിമർശനത്തിന് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.

Also Read:

DEEP REPORT
പച്ചയും കത്തിയും നിറഞ്ഞാടിയ എഴുത്തുകൾ; കഥകളിയെ സ്നേഹിച്ച എം ടി

‘നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം ലക്ഷക്കണക്കിന് ആളുകൾക്കു കടുത്ത പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പുസ്തക പ്രകാശനവേളയിൽ എംടി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ എംടിക്ക് നേരേ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് കടുത്ത പ്രതികരണങ്ങളാണ് ഉണ്ടായത്. നോട്ട് നിരോധനത്തിൻ്റെ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന്, തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം ടി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെക്കുറിച്ചാണ് പലരും പറയുന്നതെന്നും ഇതെന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും എം ടി പ്രതികരിച്ചിരുന്നു. നോട്ട് നിരോധനത്തെ തുടർന്ന് തുഞ്ചൻ സാഹിത്യോത്സവം നടത്താൻ പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണെന്ന്, തന്നെ വീട്ടിലെത്തിക്കണ്ട സിപിഐഎം നേതാവ് എം എ ബേബിയോടും പിന്നീട് എംടി പറഞ്ഞിരുന്നു. പണ്ടായിരുന്നെങ്കിൽ ആരോടെങ്കിലും പണം വാങ്ങാമായിരുന്നു. എന്നാൽ ഇന്ന് ആരുടെ കയ്യിലും പണമില്ലാതായിരിക്കുകയാണ് എന്നും അന്ന് എംടി ബേബിയോട് പറഞ്ഞിരുന്നു.

പിന്നീട് മടപ്പള്ളി ഗവൺമെൻ്റ് കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച എം ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു. അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം ടിയുടെ പ്രതികരണം.

ഇടതുപക്ഷ അനുകൂല നിലപാടുള്ള എഴുത്തുകാരൻ എന്ന നിലയിലാണ് എം ടി വാസുദേവൻ നായ‍‍ർ കേരളീയ പൊതുമണ്ഡലത്തിൽ അറിയപ്പെട്ടിരുന്നത്. അപ്പോഴും പരസ്യമായി രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കാൻ പലപ്പോഴും എം ടി തയ്യാറായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ എം എൻ വിജയന് ശേഷം പിണറായി വിജയനെതിരെ ഏറ്റവും ശക്തമായ വിമർശനം ഉന്നയിച്ച സാംസ്കാരിക പ്രവർത്തകൻ എന്ന വിശേഷണവും പലരും എം ടിക്ക് ചാ‍ർത്തി നൽകിയിരുന്നു. പിണറായി വിജയനെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം പിണറായി വിജയനെ ഉദ്ദേശിച്ചായിരുന്നു എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ കേന്ദ്ര സ‍ർക്കാരിനും നരേന്ദ്ര മോദിയ്ക്കും എതിരായിരുന്നു എം ടിയുടെ വിമർശനമെന്നാണ് അന്ന് സിപിഐഎം വിശദീകരിച്ചിരുന്നത്. താൻ പ്രസം​ഗിച്ചത് ആ‍ർക്കെതിരെയെന്ന് എം ടി ഇതുവരെ മനസ്സ് തുറന്നിട്ടുമില്ല. എന്തുതന്നെയായാവും അധികാരത്തിലെ സർവ്വാധിപത്യം സംബന്ധിച്ച എംടിയുടെ ആ പ്രസം​ഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലായിരുന്നു കേരളം ശ്രവിച്ച ഏറ്റവും മൂർച്ചയുള്ള രാഷ്ട്രീയ വിമർശന പ്രസം​ഗങ്ങളിലൊന്ന് അരങ്ങേറിയത്. രണ്ട് പതിറ്റാണ് മുമ്പ് എം ടി തന്നെ എഴുതിയ ലേഖനം ആവ‍ർത്തിക്കുക മാത്രമാണ് എംടി ചെയ്തതെന്നും പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനം തുടക്കം മുതൽ ഒടുക്കംവരെ എം ടി ‌അതേപടി വായിക്കുകയായിരുന്നു. ഇതിൻ്റെ ആദ്യവും അവസാനവും ചില വാചകങ്ങൾ മാത്രമാണ് എം ടി കൂട്ടിച്ചേർത്തത്. 2003ൽ എഴുതിയ ലേഖനമായതിനാൽ അന്ന് ഭരിച്ചിരുന്ന ആൻ്റണിക്കെതിരെയുള്ള വിമർശനമായിരുന്നു അതെന്ന വ്യഖ്യാനവും ഈ വിഷയത്തിൽ ഉയർന്ന് വന്നിരുന്നു.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലെ എംടിയുടെ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപം

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗ്ഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയിഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാർക്‌സിയൻ തത്വചിന്തകനുമായിരുന്ന വിൽഹെം റീഹ് 1944- ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്ലിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജമെന്റ്കളെ ഏൽപ്പിക്കുമ്പോൾ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നൽകി.

വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം.

ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആർജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനിൽപ്പുള്ളൂ എന്നും രീഹിനേക്കാൾ മുൻപ് രണ്ടു പേർ റഷ്യയിൽ പ്രഖ്യാപിച്ചു - എഴുത്തുകാരായ ഗോർക്കിയും ചെഖോവും.

തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ സമൂഹമാണ് അവർ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാർക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.

സമൂഹമായി റഷ്യൻ ജനങ്ങൾ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകൾ ഗോർക്കി ഉദ്ധരിക്കുന്നു: 'റഷ്യക്കാരൻ ഒരു വിചിത്ര ജീവിയാണ്. അവൻ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിർത്താൻ അവനാവില്ല. ഒരാൾക്ക് ഒരു നല്ല ജീവിതം വേണമെങ്കിൽ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകൾ പണിതു കഴിഞ്ഞാൽ ശേഷിച്ച ജീവിതകാലം തീയേറ്റർ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടർ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാൽ സയൻസുമായി ബന്ധം വിടർത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെയും ഞാൻ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെൻസ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാൽ പിന്നെ സത്യത്തെ ഡിഫെൻഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.

1957 -ൽ ബാലറ്റ് പെട്ടിയുടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിർത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

സാഹിത്യ സമീപനങ്ങളിൽ തങ്ങൾക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാൽ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളിൽ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹം ബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാൻ പറ്റിയ വാദമുഖങ്ങൾ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാൻ കഴിഞ്ഞു എന്ന് ഇഎം എസ് പറയുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ എം എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോരൂപം കൊണ്ട ചില പ്രമാണങ്ങളിൽത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ എം എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

Content Highlights: M T Vasudevan Nair didn't say much, but what he said was on point

To advertise here,contact us