മുസ്ലിം പള്ളികളുടെ അടിയിൽ ശിവലിംഗം തപ്പുന്നവരും പുൽക്കൂട് തകർക്കുന്ന ഭൂരിപക്ഷ പ്രാകൃത ദേശീയതയും

ഹിംസ ആഘോഷമാക്കുന്ന ഭൂരിപക്ഷ പ്രാകൃത ദേശീയതയെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.

1 min read|27 Dec 2024, 12:12 pm

ഒരു രാജ്യത്ത് അധിവസിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഉൽസവങ്ങൾ ഭയമില്ലാതെ ആഘോഷിക്കാൻ കഴിയാത്ത വിധം ദുരിതപൂർണ്ണമായ ഒരു രാഷ്ട്രത്തിലാണ് നാം ജീവിക്കുന്നത് എന്നാണ് ഇപ്പോൾ രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നും വരുന്ന വാർത്തകൾ നമ്മോട് പറയുന്നത്. ഭൂരിപക്ഷ പ്രാകൃത ദേശീയതയുടെ ഹിംസകൾ ന്യൂനപക്ഷത്തിന് നേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ ക്രൈസ്തവരും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ ആഘോഷങ്ങൾ നടക്കുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഈ ഭൂരിപക്ഷ ഹിംസ്രജന്തുക്കളുടെ വിളയാട്ടം കാണാമായിരുന്നു.

ഭ്രാന്തമായ ദേശീയതയുടെ വക്താക്കളായ സംഘപരിവാർ കൂട്ടത്തിന് ദഹിക്കാത്ത ഒരു വിഭാഗമാണ് ക്രൈസ്തവ സമൂഹം. അഥവാ ഗോൾവാൾക്കറുടെ വിചാരധാരയിലെ രണ്ടാമത്തെ ശത്രു. അതിനാൽ ആഘോഷങ്ങൾ അത്ര വിപുലമായി നടത്തേണ്ടതില്ല എന്നാണ് ഇവർ ആക്രോശിക്കുന്നത്. കേരളത്തിൽ പോലും പല സ്ഥലങ്ങളിൽ പുൽക്കൂടും കരോളും അക്രമിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. അതുകൊണ്ടാണ് 'ഡൽഹിയിൽ മെത്രാൻമാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് തകർക്കുന്നു' എന്ന് തൃശ്ശൂർ ഭദ്രാസന മെത്രാപൊലീത്തക്ക് പ്രധാനമന്ത്രിയുടെ വിരുന്നിനെതിരെ പ്രസ്താവന നടത്തേണ്ടി വന്നത്.

ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ഒരു വംശീയ ആക്രമണം എന്ന നിലയിൽ സംഘടിപ്പിക്കപ്പെട്ടത് മണിപ്പൂരിൽ ആയിരുന്നു. മുമ്പ് ഗുജറാത്തിൽ മുസ്ലിങ്ങൾക്ക് നേരെ നടത്തിയ വംശീയ ഉന്മൂലനത്തിന്റെ ക്രിസ്തീയ വേർഷൻ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു ഈ ഉന്മാദ ദേശീയതാ വക്താക്കളുടെ ആക്രമണം. ഹിംസ ആഘോഷമാക്കുന്ന ഭൂരിപക്ഷ പ്രാകൃത ദേശീയതയെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. പ്രബലമായ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ നിരന്തരം അക്രമം അഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യയിൽ ക്രൈസ്തവരുടെ ആഘോഷങ്ങൾക്ക് നേരെയും അക്രമങ്ങൾ അഴിച്ചുവിടുന്നു.

മുസ്ലിം പള്ളികളുടെ അടിയിൽ ശിവലിംഗം തപ്പുന്ന അത്യപൂർവ്വമായ നടപടികൾക്കാണ് ഭരണകൂടം ഇപ്പോൾ പിന്തുണ നൽകുന്നത് എന്ന് നാം കാണുന്നു. എന്ന് മാത്രമല്ല സംഭാൽ മസ്ജിദിൽ സർവെ നടത്താൻ വന്നവർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ആറു മുസ്ലീങ്ങളെ യുപി പോലീസ് വെടിവെച്ച് കൊന്ന വാർത്തയും നാം വായിച്ചിരുന്നു. ഇപ്പോൾ ആ പ്രദേശത്തുള്ള മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസറുകൾകൊണ്ട് കൊണ്ട് ഇടിച്ചു നിരത്തുന്ന പ്രവർത്തികൾക്കാണ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. ഇങ്ങനെ എല്ലാ അർത്ഥത്തിലും മുസ്ലിം ന്യൂനപക്ഷത്തിന്റെ ജീവിതം ദുസ്സഹമാക്കി ഭീതിയുടെ നിഴലിൽ നിർത്തുമ്പോൾ മറുവശത്തെ ക്രിസ്തീയ ന്യൂന പക്ഷത്തിന് നേരെയും അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ് നാം കാണുന്നത്.

Also Read:

Opinion
മലയാളത്തിലെ ഏത് ചെറുകഥ വായിച്ചാലും അതിൽ എവിടെയെങ്കിലും ഒരു എം ടി നുഴഞ്ഞു കയറും; ഉണ്ണി ബാലകൃഷ്ണൻ

കേരളം പോലെ വ്യത്യസ്ത മതവിഭാഗങ്ങൾ സഹവർത്തിത്വത്തോടെയും സ്നേഹത്തോടെയും അധിവസിക്കുന്ന ഇടങ്ങളിൽ ഇത്തരത്തിൽ ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളെ പ്രതിരോധിക്കേണ്ടത് നമ്മുടെ നാടിൻറെ നിലനിൽപ്പിന് അനിവാര്യമാണ്. വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘപരിവാര്‍ ഗ്രൂപ്പിലെ വിഭാഗങ്ങൾ നടത്തുന്ന ഇത്തരം അക്രമങ്ങൾ നമ്മുടെ നാടിൻറെ മതമൈത്രിയെയും സാഹോദര്യത്തെയും തകർക്കുന്നതാണ്. നാടിൻറെ ഇത്തരം ശത്രുക്കളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും എല്ലാവരും തയ്യാറാവും എന്നാണ് കേരളീയ സമൂഹത്തിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലായത്.

ഇത്തരം ദേശീയ ഭ്രാന്തിന്റെ അപസ്മാരമിളകിയ കൂട്ടരുമായി അടുപ്പത്തിലാകാൻ ക്രൈസ്തവ സമൂഹത്തിലെ ചില ഗ്രൂപ്പുകൾ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്ന് ഓർമ്മപ്പെടുത്താൻ ക്രൈസ്തവ സമൂഹത്തിൽ തന്നെ ആളുണ്ടാവും എന്ന് വിശ്വസിക്കാം. അങ്ങനെയല്ല എങ്കിൽ ഇത്തരം ക്ഷുദ്ര ജീവികളുടെ അതിക്രമങ്ങൾക്ക് ഇരയായി ജീവിക്കേണ്ട ഗതികേടിലേക്ക് ക്രൈസ്ത സമൂഹം എത്തിപ്പെടും എന്ന വസ്തുത മറക്കരുത്. സംസ്കാരികമായും നാഗരികമായും ഉയർന്ന തരത്തിലുള്ള ഒരു ജനതയുടെ അടയാളമാണ് ആ രാജ്യത്ത് അധിവസിക്കുന്ന ന്യൂനപക്ഷ ജീവിതത്തിന്റെ സുരക്ഷിതത്വം എന്നത്.

ഭൂരിപക്ഷ പ്രാകൃത ദേശീയതയുടെ വക്താക്കൾ ഇവിടുത്തെ ന്യൂനപക്ഷ ജീവിതം അങ്ങേയറ്റത്തെ പ്രതിസന്ധിയിലാക്കുന്നതാണ് നാം കാണുന്നത്. അഥവാ നമ്മുടെ രാജ്യം സാംസ്കാരികമായി നാഗരികമായി ഇപ്പോഴും പ്രാകൃതാവസ്ഥയിലാണ് ഉള്ളത് എന്നർത്ഥം. യാതൊരു വിധ ദാക്ഷിണ്യവുമില്ലാതെ ന്യൂനപക്ഷ വേട്ട നടത്തുന്നതിന് രാഷ്ട്ര സംവിധാനത്തിനകത്ത് അന്തർഭവിച്ച മാനവിക വിരുദ്ധതയെ നാം തിരിച്ചറിയാതെ പോയി. അഥവാ ഇതിനെല്ലാം ഉതകുന്ന തരത്തിലുള്ള ഒരു ദേശീയ സങ്കല്പത്തിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.

ഇന്ത്യൻ ദേശീയതയുടെ സമ്പൂർണ ആവിഷ്കാരമായി തെറ്റിദ്ധരിച്ചിരിക്കുന്നത് ഇന്ത്യൻ തത്വചിന്തകളെയും ആശയങ്ങളെയും ആണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന് ഇഷ്ടാനുസരണം ന്യൂനപക്ഷത്തെ ഭരിക്കുവാനുള്ള ദൈവിക അവകാശമുണ്ടെന്ന് ഇന്ത്യൻ ദേശീയത വിശ്വസിക്കുന്നു. ഇനി ഇതിനെതിരെ ന്യൂനപക്ഷങ്ങൾ സംഘടിച്ചാൽ അതിനെ വർഗീയതയായി കണക്കാക്കുകയും ചെയ്യുന്ന ഒരു മതേതര സങ്കല്പമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്.

Also Read:

Opinion
ആരിഫ് മുഹമ്മദ് ഖാന് പകരം കേരള ഗവർണറായി ആര്‍ലെകറെത്തുമ്പോൾ...; ദൗത്യമെന്ത്‌?

അതിനാൽ മത സ്വത്വങ്ങൾക്ക് അവരുടെ സംസ്കാരികവും മതപരവുമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ ഉതകുന്ന ഇന്ത്യയെ പുനർ നിർമിക്കാനും ഭൂരിപക്ഷത്തിന്റെ പ്രാകൃത ദേശീയ ബോധത്തെ മറികടക്കാനും നമ്മുടെ സെക്യുലർ സങ്കല്പത്തിന് സാധ്യമാവേണ്ടതുണ്ട്. അതിന് മതത്തെ കുറിച്ചുള്ള സെക്യുലർ അന്ധവിശ്വാസം ഉപേക്ഷിക്കുകയും ഭൂരിപക്ഷത്തിൻ്റെ സാംസ്കാരിക ദേശീയതയ്ക്ക് കീഴൊതുങ്ങി ജീവിക്കുന്നതാണ് സെക്യൂലറിസം എന്ന ബോധത്തെ തകർക്കുകയും ചെയ്യേണ്ടതുണ്ട്. അഥവാ ഇന്ത്യൻ ദേശീയതയെ ഇപ്പോഴും നിർണ്ണയിക്കുന്ന സവർണതയെ പ്രതിരോധിച്ച് കൊണ്ട് മാത്രമെ അതിന് സാധ്യമാവുകയുള്ളൂ എന്നർത്ഥം.

ഇതിനെ പ്രതിരോധിക്കാൻ വ്യത്യസ്ത മത ജാതി സത്വങ്ങൾ സാമുദായികമായി സംഘടിച്ച് തങ്ങളുടെ പ്രാതിനിധ്യത്തിനും അവകാശത്തിനും വേണ്ടി സംസാരിച്ചാൽ അതിനെ വർഗീയമായി ചിത്രീകരിക്കുന്ന മുഖ്യധാര സെക്യൂലറിസ്റ്റ് പാർട്ടികളുടെ മറ്റൊരു അന്ധവിശ്വാസത്തെയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വരഹിതമായി ജീവിക്കുന്ന ഒരു രാജ്യം പ്രാകൃതമാണെന്ന് തിരിച്ചറിഞ്ഞ് ന്യൂനപക്ഷങ്ങളെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിച്ച് സാംസ്കാരിമായി നാഗരികമായി ഉയർന്ന ഒരു ജനതയായി നമുക്ക് മാറാൻ സാധ്യമാവേണ്ടതുണ്ട്.

Content Highlights: Article about Attack against minorities in India

To advertise here,contact us