കാന്‍സര്‍ ചികിത്സയിലെ റോബോട്ടിക് സഹായം; ഗുണങ്ങള്‍ ഏറെ

എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയയും എളുപ്പത്തില്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

1 min read|03 Feb 2025, 03:39 pm

കാന്‍സറിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാമാര്‍ഗങ്ങളില്‍ ഒന്നാണ് ശസ്ത്രക്രിയാ രീതി. ഇതിന്റെ നൂതന വിഭാഗമാണ് റോബോട്ടിക് സര്‍ജറി. രോഗിയുടെ അവസ്ഥയെ മെഡിക്കല്‍ ഓങ്കോളജിസ്റ്റുമാരുടേയും, റേഡിയേഷന്‍ ഓങ്കോളജിസ്റ്റുമാരുടേയും ഓങ്കോസര്‍ജന്മാരുടേും നേതൃത്വത്തില്‍ വിശദമായ വിശകലനത്തിന് വിധേയമാക്കുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് പരസ്പരം നടത്തുന്ന അവലോകനത്തിനൊടുവിലാണ് രോഗിക്ക് അനുയോജ്യമായ ചികിത്സ നിര്‍ണയിക്കുന്നത്. മരുന്ന് ഉപയോഗിച്ച് ചികിത്സിക്കേണ്ടി വരുന്ന രോഗികളെ അതത് ഡിപ്പാര്‍ട്ടമെന്റുകളില്‍ വിദഗ്ദ്ധരായ ഓങ്കോളജിസ്റ്റുകളാണ് ചികിത്സിക്കുന്നത്. റേഡിയേഷന്‍ ആവശ്യമായ രോഗികളെ ആ മേഖലയിലെ വിദഗ്ദ്ധര്‍ പരിചരിക്കും, ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ചികിത്സ നടപ്പിലാക്കുന്നത് ഓങ്കോസര്‍ജറിയില്‍ പരിജ്ഞാനം നേടിയ ഡോക്ടര്‍മാരാണ്.

സ്തനങ്ങള്‍, പാന്‍ക്രിയാസ്, ഉദരവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, ഗര്‍ഭപാത്രം ഉള്‍പ്പെടുന്ന മേഖലകള്‍, ചര്‍മ്മം, തലയും കഴുത്തും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മുതലായ ശരീരഭാഗങ്ങളിലെല്ലാം തന്നെ റേഡിയേഷനും, കീമോതെറാപ്പിക്കും പുറമെ പ്രധാന ചികിത്സാരീതിയായ ശസ്ത്രക്രിയയും അവലംബിക്കാറുണ്ട്. ഇതില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന പ്രധാന കാന്‍സറുകള്‍ സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, മലാശയാര്‍ബുദം, അണ്ഡാശയാര്‍ബുദം, പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന കാന്‍സര്‍ എന്നിവയാണ്. ഇതിന് പുറമെ മറ്റ് ശരീരാവയവങ്ങളെ ബാധിക്കുന്ന പല അര്‍ബുദങ്ങള്‍ക്കും അതത് മേഖലയിലെ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നതിനനുസൃതമായി ശസ്ത്രക്രിയ ആവശ്യമായി വരും.

കാന്‍സര്‍ ശസ്ത്രക്രിയകളില്‍ ഏറ്റവും നൂതനമായ ചികിത്സാ രീതിയാണ് റോബോട്ടിക് സര്‍ജറിയെന്നു സൂചിപ്പിച്ചല്ലോ. അമേരിക്കന്‍ നിര്‍മ്മിതമായ ഡാ വിന്‍സി (Da Vinci) എന്ന റോബോട്ടിക് സംവിധാനമാണ് നിലവില്‍ നമുക്ക് ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ തന്നെ ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ നൂതന റോബോട്ടിക് ശസ്ത്രക്രിയ രീതി നിലവിലുള്ളു. 360 ഡിഗ്രിയില്‍ ചലിക്കുന്ന (മനുഷ്യ കരങ്ങള്‍ പരമാവധി 90 ഡിഗ്രി മാത്രമേ ചലിക്കുകയുള്ളൂ) 4 കരങ്ങള്‍ ഉപയോഗിച്ച് പ്രസ്തുത ശസ്ത്രക്രിയാ രീതിയില്‍ വിദഗ്ദ്ധനായ ഡോക്ടര്‍ ആണ് റോബോട്ടിക് ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്. സാധാരണഗതിയില്‍ ഡോക്ടറുടെ കണ്ണുകള്‍ കൊണ്ട് കാണാവുന്നതിനേക്കാള്‍ പതിന്മടങ്ങ് വലുപ്പത്തില്‍ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണാവുന്നതിനാല്‍ ഈ രീതിയില്‍ ശസ്ത്രക്രിയയുടെ ഫലപ്രാപ്തി വളരെയധികമായി മാറുന്നു.

വളരെ നേര്‍ത്ത മുറിപ്പാട്, രക്തനഷ്ടം ഇല്ലാതിരിക്കുക, വളരെ പെട്ടെന്ന് സജീവി ജീവിതത്തിലേക്ക് തിരിച്ചുവരിക, ഏറ്റവും മികച്ച ഫലപ്രാപ്തി തുടങ്ങിയ അനേകം നേട്ടങ്ങള്‍ റോബോട്ടിക് ശസ്ത്രക്രിയയ്ക്കുണ്ട്. എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയയും എളുപ്പത്തില്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശസ്ത്രക്രിയാ വിദഗ്ധന് ഏറ്റവും മികച്ച രീതിയില്‍ ഉള്‍ഭാഗങ്ങള്‍ കൃത്യതയോടെ കാണാന്‍ സാധിക്കും എന്ന മേന്മയും, 360 ഡിഗ്രിയില്‍ തിരിക്കാന്‍ സാധിക്കുന്ന കരങ്ങളുണ്ട് എന്നതും റോബോട്ടിക് സര്‍ജറിയുടെ നേട്ടമാണ്.

Content Highlights: Dr Salim VP Writes About Robotic Surgery

To advertise here,contact us