ഡല്‍ഹിയെ കാവി പുതപ്പിച്ച 4 കാരണങ്ങള്‍

ശീഷ് മഹല്‍ വിവാദവും യമുനയിലെ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ആപ്പിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡല്‍ഹിയുടെ ഭൂപടം ആം ആദ്മി പാര്‍ട്ടിയുടെ നീലിമയില്‍ മുങ്ങിയ നിലയിലായിരുന്നു. 53.57 ശതമാനം വോട്ടും 62 സീറ്റുകളുമായി അതി ഗംഭീരമായ തുടര്‍വിജയം അന്ന് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നേടിയപ്പോള്‍ 38.5 ശതമാനം വോട്ടും 8 സീറ്റും മാത്രമേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരിന്നുള്ളൂ. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2025 ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഡല്‍ഹിയുടെ രാഷ്ട്രീയ ഭൂപടത്തിലാകെ കാവി പടര്‍ന്നിരിക്കുകയാണ്. 46.82 ശതമാനം വോട്ടും 48 സീറ്റുകളുമായി ബിജെപി ഡല്‍ഹിയില്‍ അട്ടിമറി വിജയം നേടിയിരിക്കുന്നു. വെറും 22 സീറ്റുകളിലേക്ക് കൂപ്പുകുത്തിയ ആം ആദ്മി പാര്‍ട്ടിക്ക് 40 സീറ്റുകളുടെ ഇടിവാണുണ്ടായത് വോട്ട് ശതമാനത്തിലാകട്ടെ പത്ത് ശതമാനത്തിന്റെ ഇടിവു സംഭവിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയ സപര്യയില്‍ പുതുവഴികള്‍ തെളിച്ചുവന്ന അരവിന്ദ് കെജ്രിവാള്‍, തന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ലബോറട്ടറിയായിരുന്ന ഡല്‍ഹിയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മണ്ഡലത്തില്‍ പോലും ദയനീയമായി പരാജയപ്പെട്ട വിധത്തില്‍ തകര്‍ന്നടിരിക്കുകയാണ്. കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പതനത്തിനും ബിജെപിയുടെ തിരിച്ചുവരവിലേക്കും നയിച്ച പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഭരണവിരുദ്ധ വികാരം

2015 ല്‍ മുതല്‍ ഡല്‍ഹിയുടെ ഭരണം ആപ്പിന്റെ കൈയിലാണ്. ഇന്ത്യയിലെ ഏറ്റവും മധ്യവര്‍ഗ സ്വഭാവമുള്ള സമൂഹം ജീവിക്കുന്ന ഡല്‍ഹിയില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ കേന്ദ്രീകരിച്ചും വൈദ്യുതിക്കും വെള്ളത്തിനും സബ്‌സിഡി നല്‍കിയും വലിയ ജനകീയ പിന്തുണ നേടാന്‍ തുടക്കത്തില്‍ തന്നെ ആപ്പിനായി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്യനയ അഴിമതിക്കേസിലടക്കം പെട്ട് ഒരു ഭരണസ്തംഭനം തന്നെയാണ് ഡല്‍ഹിയിലുണ്ടായത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലില്‍ പോവുന്ന സാഹചര്യമുണ്ടായി. കെജ്രിവാളിന്റെ ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ശീഷ് മഹല്‍ വിവാദവും കത്തിപ്പടര്‍ന്നു. യമുനയിലെ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ആപ്പിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

അരവിന്ദ് കെജ്രിവാളിന് നേരെയുണ്ടായ നിയമനടപടികളും അറസ്റ്റും ജയില്‍വാസവുമെല്ലാം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചെങ്കിലും അത് വലിയ തോതില്‍ വിജയം കണ്ടില്ല. അഴിമതിക്കെതിരായ ചെറുത്തുനില്‍പുകളുടെ പ്രതീകമായി ഉയര്‍ന്നുവന്ന നേതാവ് തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം അഴിമതിക്കേസില്‍ ജയിലിലായത് കെജ്രിവാളിന്റെ ഇമേജിന് വലിയ പോറലുകള്‍ തീര്‍ത്തു.

ഇന്ത്യാ സഖ്യത്തിലെ വൈരുദ്ധ്യങ്ങള്‍

'കെജ്രിവാള്‍ ജീ, ഇന്‍ഡ്യ സഖ്യം നിങ്ങളോടൊപ്പമുണ്ട്. ഈ അനീതിക്കെതിരെ നമ്മള്‍ ഒരുമിച്ച് പോരാടും' എന്നായിരുന്നു മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. കെജ്രിവാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധി പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള ഇന്ത്യാ സഖ്യത്തിലെ പ്രമുഖര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. കെജ്രിവാള്‍ പുറത്തിറങ്ങിയ ശേഷവും പല വേദികളില്‍ രാഹുലും കെജ്രിവാളും കൈപിടിച്ച്, ഒത്തൊരുമയോടെ കാണപ്പെട്ടു. എന്നാല്‍ അതേ രാഹുല്‍ ഗാന്ധിയും കെജ്രിവാളും പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് ഈ നിയമഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കണ്ടത്. ഒരിക്കല്‍ നിരപരാധിയെന്ന് വിശേഷിപ്പിച്ച കെജ്രിവാളിനെ, ഇപ്പോള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് രാഹുല്‍ ആക്രമിച്ചത് മദ്യനയ അഴിമതിക്കേസിലെ സൂത്രധാരന്‍ എന്ന് പറഞ്ഞുകൊണ്ടാണ്.

ഇത് കേവലം കെജ്രിവാളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള തര്‍ക്കത്തിന്റെ പ്രശ്നമല്ല, ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന സാധ്യത തേടി രൂപംകൊണ്ട മുന്നണിയാണ് തകര്‍ന്നുതരിപ്പണമായിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് വേണ്ടി എന്ന അവകാശവാദവുമായി രൂപീകരിക്കപ്പെട്ട ഇന്‍ഡ്യ സഖ്യം, നിലംപതിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് പ്രകടമായത്.ഡല്‍ഹി മദ്യ കച്ചവടത്തിന്റെ ശില്‍പികള്‍ കെജ്രിവാളും സിസോദിയമാണെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ശീഷ് മഹല്‍ വിവാദവും സജീവ പ്രചാരണമാക്കി. ഇത് കെജ്രിവാളിന്റെ പ്രതിച്ഛായയെ തന്നെ ദുര്‍ബലമാക്കി. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ ഇത്തവണയുണ്ടായ വര്‍ധനവും ആപ്പിന് ആപ്പായി.

ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം

ഈ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ ബിജെപിക്ക് വലിയ തോതില്‍ മേധാവിത്വം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളും ബിജെപിക്കൊപ്പമായിരുന്നു. ഇതിലൂടെയാണ് കൃത്യമായ പദ്ധതികളുമായി വന്നാല്‍ ഡല്‍ഹി പിടിച്ചെടുക്കാം എന്ന പ്ലാനിലേക്ക് ആര്‍എസ്എസും ബിജെപിയുമെത്തുന്നത്. ആര്‍എസ്എസ് തന്നെ നേരിട്ടിറങ്ങി നടത്തിയ നീക്കങ്ങള്‍ കൂടിയാണ് വലിയ അട്ടിമറി വിജയത്തിലേക്ക് ബിജെപി എത്താന്‍ കാരണമായത്.

കെജ്രിവാളിനെയും മനീഷ് സിസോദിയെയും ജയിലിലാക്കിയത് അടക്കം ശക്തമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി. ആര്‍എസ്എസ് വീടുകള്‍ കയറി ഇറങ്ങി പ്രചാരണം ഏകോപിച്ചു. 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്തേക്ക് ഒരു തിരിച്ചുവരവ് ബിജെപിക്ക് അത്ര പ്രധാനപ്പെട്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന പ്രചാരകനായി നിറഞ്ഞുനിന്നപ്പോള്‍, അണിയറക്ക് പിന്നില്‍ അമിത് ഷാ തന്ത്രപരമായ ചരടുവലികള്‍ നടത്തി. ആപ്പിന്റെ സൗജന്യങ്ങള്‍ അതിലും മികച്ച രീതികള്‍ തങ്ങള്‍ നല്‍കുമെന്ന ഉറപ്പും ബിജെപി ഡല്‍ഹിക്കാര്‍ക്ക് നല്‍കി.

'ഡ്രോയിങ് റൂം' മീറ്റിങ്ങുകളിലൂടെയാണ് ഡല്‍ഹി പിടിക്കാന്‍ ആര്‍എസ്എസ് ബിജെപിയെ സജ്ജരാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ ആര്‍എസ്എസ് ഡല്‍ഹിയില്‍ അവരുടെ ജോലി തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്തെ എട്ട് 'വിഭാഗു'കള്‍ ആക്കി തിരിച്ചും, അവയില്‍ തന്നെ കൃത്യമായി വികേന്ദ്രീകരണം കൊണ്ടുവന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചത്. ഈ രീതി പ്രകാരം 173 'നഗറു'കളായി ഡല്‍ഹിയെ അവര്‍ തിരിച്ചു. ഇവിടങ്ങളില്‍ ആര്‍എസ്എസ് പ്രചാരകന്മാര്‍ക്ക് കൃത്യമായ ജോലികള്‍ നല്‍കി.

പ്രാദേശിക ചുറ്റുവട്ടങ്ങള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, തുടങ്ങി ജനങ്ങളുള്ള എല്ലാ മേഖലകളിലും ഡ്രോയിങ് റൂം മീറ്റിങ്ങുകള്‍ പ്രചാരകര്‍ സംഘടിപ്പിച്ചിരുന്നു. വളരെ ചെറിയ ആള്‍ക്കൂട്ടം മാത്രം ഉണ്ടാകുന്ന കൂടിക്കാഴ്ചകളെയാണ് ഡ്രോയിങ് റൂം മീറ്റിങ്ങുകള്‍ എന്ന് ആര്‍എസ്എസ് വിളിച്ചിരുന്നത്. ഇത്തരത്തിലുള്ള മീറ്റിങ്ങുകളിലൂടെ ബിജെപിക്ക് വോട്ടുകള്‍ ഉറപ്പിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞു.

മധ്യവര്‍ഗവും പൂര്‍വാഞ്ചലി വോട്ടര്‍മാരും

40 ശതമാനത്തോളം വരും ഡല്‍ഹിയിലെ മധ്യവര്‍ഗം. ഇവരില്‍ മഹാഭൂരിപക്ഷവും ആദായ നികുതി പരിധി 12 ലക്ഷം വരെ ഉയര്‍ത്തിയ കേന്ദ്രം തീരുമാനം ആവേശത്തോടെയാണ് സ്വീകരിച്ചത്. എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചതും ബിജെപിക്ക് നേട്ടമായി. അതേസമയം വായു-ജല മലിനീകരണം, അടിസ്ഥാന സൗകര്യ വികസനത്തിലെ മെല്ലേപ്പോക്ക് എന്നിവ മധ്യവര്‍ഗത്തിനിടയില്‍ ആം ആദ്മിക്കെതിരെയായ അതൃപ്തിക്ക് കാരണമായി. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍നിന്നും ബിഹാറില്‍ നിന്നുമെത്തി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ നിര്‍ണായക വോട്ടുബാങ്കാണ് പൂര്‍വാഞ്ചലി വിഭാഗം. യമുന നദിയുമായി ഉയര്‍ന്ന വിവാദങ്ങള്‍ യമുന നദിയെ ബഹുമാനിക്കുന്ന ഈ സമൂഹത്തെ ആം ആദ്മിയില്‍നിന്ന് അകറ്റിയെന്നാണ് പുറത്തുവരുന്ന വിലയിരുത്തല്‍.

Content Highlights: Four Reasons Behind BJP's Win

To advertise here,contact us