ഡൽഹി ബിജെപി ജയത്തിലെ കോൺഗ്രസിന്റെ പങ്ക്; 14 മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട്

ആംആദ്മി പരാജയം നേരിട്ട പതിനാല് മണ്ഡലങ്ങളിൽ ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് കോൺഗ്രസ് പിടിച്ച വോട്ടുകൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 26 വർഷങ്ങൾങ്ങൾക്ക് ശേഷം അധികാര കസേരയിൽ ബിജെപി എത്തുന്നതിന് കാരണമായത് ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം കൂടിയാണ്. രണ്ട് ശതമാനം വോട്ടിന്റെ വർധനവാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 43.57% ആയി കുറഞ്ഞു.

ഇൻഡ്യ മുന്നണിയിലെ കക്ഷികളായ കോൺഗ്രസും ആംആദ്മിയും പരസ്പരം മത്സരിച്ചതോടെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനും അത് ആം ആദ്മി പാർട്ടിയുടെ തോൽവിക്ക് കാരണമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരേ മുന്നണിയിലെ നേതാക്കളായ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതും തോൽവിയുടെ ആഘാതം വർധിപ്പിച്ചു.

2020 ലും 2015 ലും യഥാക്രമം 67ഉം 62 ഉം സീറ്റുകൾ നേടി ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, ഇത്തവണ അത് 22 സീറ്റുകളിൽ മാത്രമായി ഒതുങ്ങി. വർഷങ്ങൾക്ക് ശേഷം വീണ്ടും അധികാരത്തിൽ എത്തുന്ന ബിജെപി 45.56 ശതമാനം വോട്ട് നേടുകയും 48 സീറ്റുകൾ നേടുകയും ചെയ്തു. 2020-ൽ 38.51 ശതമാനവും 2015-ലെ തിരഞ്ഞെടുപ്പിൽ 32.3 ശതമാനവും ആയിരുന്ന വോട്ട് വിഹിതം ഇത്തവണ വർധിച്ചു.

1998 മുതൽ 2013 വരെ 15 വർഷം ഡൽഹിയിൽ അധികാരത്തിലിരുന്ന കോൺഗ്രസിന്, വോട്ട് വിഹിതത്തിൽ 2.1 ശതമാനം പുരോഗതി ഉണ്ടായി എന്നതായിരുന്നു ഏക ആശ്വാസം. എന്നാല്‍ കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാന്‍ സാധിച്ചില്ല.

ആംആദ്മി പരാജയം നേരിട്ട പതിനാല് മണ്ഡലങ്ങളിൽ ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് കോൺഗ്രസ് പിടിച്ച വോട്ടുകൾ. ഡൽഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെടുന്നതിന് പോലും കോൺഗ്രസ് പിടിച്ച വോട്ടുകൾ കാരണമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തിമർപൂർ, ബദ്ലി, നംഗ്ലോയ് ജാട്ട്, മാദിപൂർ, രാജേന്ദർ നഗർ, ന്യൂഡൽഹി, ജംഗ്പുര, കസ്തൂർബാ നഗർ, മാളവ്യ നഗർ, മെഹ്റൗളി, ഛത്തർപൂർ, സംഗം വിഹാർ, ഗ്രേറ്റർ കൈലാഷ്, ത്രിലോക്പുരി എന്നിങ്ങനെ 14 മണ്ഡലങ്ങളിലാണ് ആംആദ്മി പരാജയപ്പെട്ട ഭൂരിപക്ഷത്തിനേക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് പിടിച്ചത്.

ഇതിന് പുറമെ മെഹ്റൗളി, ഓഖ്ല, മുസ്തഫാബാദ് എന്നീ മൂന്ന് മണ്ഡലങ്ങളിൽ ആദ്യ മൂന്ന് സ്ഥാനത്ത് പോലും എത്താൻ കോൺഗ്രസിന് സാധിച്ചില്ല.

ജങ്പൂര സീറ്റിൽ ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ബിജെപിയുടെ തർവീന്ദർ സിംഗ് മർവയോട് 675 വോട്ടുകൾക്കാണ് തോറ്റത്. ഈ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഫർഹാദ് സൂരി 7350 വോട്ടുകളാണ് നേടിയത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് വർമ്മയോട് 4089 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. എന്നാൽ ഇതേമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ സന്ദീപ് ദീക്ഷിത് 4568 വോട്ടുകൾ നേടി.

Also Read:

Opinion
ഡല്‍ഹിയെ കാവി പുതപ്പിച്ച 4 കാരണങ്ങള്‍

ഗ്രേറ്റർ കൈലാസ് മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥി സൗരവ് ഭരദ്വാജ് ബിജെപിയുടെ ശിഖ റോയിയോട് 3,188 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇതേമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗർവിത് സിങ്‌വി 6711 വോട്ടുകൾ നേടിയിരുന്നു. സമാനമായ സാഹചര്യമാണ് മാളവ്യ നഗർ മണ്ഡലത്തിലും ഉണ്ടായത്. മണ്ഡലത്തിൽ മൂന്ന് തവണ എംഎൽഎയായിരുന്ന സോമനാഥ് ഭാരതിയെ ബിജെപിയുടെ ഉപാധ്യായ 2131 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതേമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജിതേന്ദർ കുമാർ കൊച്ചാർ 6770 വോട്ടുകളും നേടി.

രജീന്ദർ നഗറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല ബിജെപിയുടെ ഉമാങ് ബജാജ് ആണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. ആംആദ്മി നേതാവായ ദുർഗേഷ് പഥക് ആയിരുന്നു ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥി. 1231 വോട്ടുകളാണ് ഈ മണ്ഡലത്തിലെ ഭൂരിപക്ഷം. അതേസമയം കോൺഗ്രസിന്റെ വിനീത് യാദവ് 4105 വോട്ടുകളാണ് മണ്ഡലത്തിൽ നിന്ന് സ്വന്തമാക്കിയത്. അതേസമയം ആംആദ്മി വിജയിച്ച ചില മണ്ഡലങ്ങളിലും ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് പിടിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അതിഷി വിജയിച്ച കൽക്കാജി മണ്ഡലം ഇത്തരത്തിൽ ഒന്നാണ്. മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിധൂരിയെ ആണ് അതിഷി പരാജയപ്പെടുത്തിയത്.

Also Read:

Kerala
കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രം, ഡല്‍ഹിയില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കരുതായിരുന്നു: ജലീൽ

22 സീറ്റുകളാണ് ഡൽഹിയിൽ ആംആദ്മി പാർട്ടി നേടിയത്. 70 സീറ്റുകളുള്ള ഡൽഹിയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടിയിരുന്നത്. കോൺഗ്രസും ആംആദ്മിയും തമ്മിൽ ഇൻഡ്യ മുന്നണി മര്യാദ പ്രകാരം സീറ്റ് വിഭജനം നടത്തി മത്സരിച്ചിരുന്നെങ്കിൽ പതിനാല് സീറ്റുകളിൽ കൂടി വിജയം ഉറപ്പായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഡൽഹിയുടെ ഭരണം വർഷങ്ങൾക്ക് ശേഷം ബിജെപിയിലേക്ക് എത്തില്ലായിരുന്നു.

Content Highlights: Delhi Election 2025 Congress also a reason for BJP win and AAP lost in Delhi

To advertise here,contact us