കുട്ടികള്‍ക്ക് അവരുടെ നിഷ്‌കളങ്കത നഷ്ടപ്പെടുന്നത് എവിടെ?

കുട്ടികള്‍ എന്ന് പറയുമ്പോള്‍ തന്നെ ഒരു നിഷ്‌കളങ്കത നമ്മുടെ ഉള്ളില്‍ വരും… എന്നാല്‍ ഇന്ന് കുട്ടിത്തം എന്ന വാക്ക് വരെ കളങ്കപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

3 min read|04 Mar 2025, 05:35 pm

മനുഷ്യമനസ്സിലെ സാത്വിക ഭാവങ്ങളെ ഉപേക്ഷിച്ച് ഭീകരമായ ഹിംസയുടെ ധൂമ്രവസ്ത്രം എടുത്തുടുത്ത് നില്‍ക്കുകയാണ് മലയാളി. പിഞ്ചു പൈതലിനെ കൊല ചെയ്യുന്ന അമ്മ മനസ്സും മാതാപിതാക്കളെ കോഴിയെ അറുക്കുന്ന ലാഘവത്തില്‍ അറുത്തു കൊല്ലുന്ന മക്കളും ഭീകര പീഡനങ്ങളുടെയും ആള്‍ക്കൂട്ട വിചാരണയുടെയും കൊലപാതകങ്ങളുടെയും തുടര്‍ച്ചയായി മാറുന്ന ക്യാമ്പസുകളും കേരളം മനോരോഗത്തിന്റെ മാരക ഭാവങ്ങളിലേക്ക് വഴുതിവീഴുന്നതിന്റെ നേര്‍ക്കാഴ്ചയാകുകയാണ്.

Also Read:

Opinion
'അക്രമ'കാലത്ത് പാരന്റിംഗ് എങ്ങനെ വേണം? നമ്മുടെ കുട്ടികൾ കരുതലോടെ വളരേണ്ടതുണ്ട്

എന്തുകൊണ്ടായിരിക്കും നമ്മുടെ നാട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇത്രമേല്‍ ഹിംസാത്മകമായി മാറിയത്?

എന്തുകൊണ്ടായിരിക്കും നമ്മുടെ നാട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇത്രമേല്‍ ഹിംസാത്മകമായി മാറിയത്?

കുട്ടികള്‍ എന്ന് പറയുമ്പേള്‍ തന്നെ ഒരു നിഷ്‌കളങ്കത നമ്മുടെ ഉള്ളില്‍ വരും… എന്നാല്‍ ഇന്ന് കുട്ടിത്തം എന്ന വാക്ക് വരെ കളങ്കപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു 15കാരന്‍ ഒന്ന് കൂവിയാല്‍, കളിയാക്കിയാല്‍….അവനെ കൊന്ന് പ്രതികാരം ചെയ്യുന്നു എന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്താണ് ഇതിനു കാരണം….?

കാരണങ്ങള്‍ പലതുണ്ടെങ്കിലും അതില്‍ ഏറ്റവും അടിയന്തര പ്രാധാന്യത്തോടെ അഭിമുഖീകരിക്കേണ്ടത് മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗം തന്നെയാണ്. ഒരു തലമുറയോടുമുള്ള യുദ്ധം എന്നാണ് മയക്കുമരുന്ന് വ്യാപാരത്തെ നിരീക്ഷിക്കപ്പെടേണ്ടത്. വരുന്ന ഒരു തലമുറയെ തന്നെ മാനസിക രോഗികള്‍ ആക്കി നശിപ്പിക്കുന്ന നാര്‍ക്കോട്ടിക്‌സ് എന്ന ഡേര്‍ട്ടി ഗെയിമിനെ നേരിടാതെ പറ്റില്ല.

2025 തുടങ്ങിയതില്‍ പിന്നെ നമ്മെ ഞെട്ടിച്ച വാര്‍ത്തകളേറെയും മയക്കുമരുന്നിന്റെ സ്വാധിനത്താല്‍ നടന്ന കുറ്റകൃത്യങ്ങളാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന 63 കൊലപാതങ്ങളില്‍ 30 എണ്ണത്തിലും മയക്കുമരുന്ന് ഉപയോഗം പ്രധാനകാരണമാണ്. സംസ്ഥാനത്ത് ഈ കാലയളവില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 20 ശതമാനവും ലഹരിയുടെ കൂട്ടിലാണ്. കുട്ടികള്‍ കൊലപാതകികള്‍ ആയ കേസുകള്‍ ഇരട്ടിയായി. രണ്ടു മാസത്തിനിടെ 153 കിലോ കഞ്ചാവ്, 1.31 കിലോ എംഡിഎംഎ എന്നിവയും ബ്രൗണ്‍ ഷുഗര്‍ അടക്കമുള്ള മയക്കുമരുന്നും പിടികൂടി. പിടികൂടാത്ത കേസുകള്‍ നിരവധിയാണ്.

ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മയക്കുമരുന്ന് പുതുതലമുറയെ കാര്‍ന്നു തിന്നു തുടങ്ങി എന്ന് തന്നെയാണ്.

ആദ്യകാലങ്ങളില്‍ പേടിയോടെയാണ് യുവജനത മയക്കുമരുന്ന് എന്ന കാര്യത്തെ സമീപിച്ചിരുന്നത്. എന്നാല്‍ ഇന്നത് ഹരം മാത്രമാണ്. നശിക്കും എന്ന് ഉറപ്പുണ്ടായിട്ടും അതിലേക്ക് എടുത്ത് ചാടാന്‍ എന്താണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രചോദനം. അത് കണ്ടെത്തി ചികിത്സ നല്‍കിയേ മതിയാവു.

വിദ്യാഭ്യാസരംഗത്തിന് വന്ന മൂല്യച്യുതിയും ആ മേഖലയില്‍ നടമാടുന്ന അരാജകത്വവും ഹിംസാത്മകതയെ വളര്‍ത്തുന്നതില്‍ കാരണമാകുന്നുണ്ട്. ക്യാമ്പസ് രാഷ്ട്രീയം ഏതാണ്ട് ഇല്ലാതായി പലയിടത്തും. കുട്ടികള്‍ക്ക് സൗഹൃദങ്ങളില്ലാതായി. പകരം കൂട്ടായി വന്നത് ഡിജിറ്റല്‍ ഡിവൈസുകള്‍. ഫലമോ ആവശ്യമുള്ളതും ഇല്ലാത്തതും വിരല്‍ തുമ്പില്‍ കിട്ടിതുടങ്ങി. ഇതും പുതുതലമുറയെ സ്വാധീനിക്കുന്നുണ്ട്.

സുകുമാര കലകളില്‍ ഏറ്റവും ജനകീയമായത് സിനിമയാണ്. കലകള്‍ കാലത്തിനു നേരെ, സമൂഹത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടികള്‍ ആണെന്ന് പറയാറുണ്ടല്ലോ. അങ്ങനെയെങ്കില്‍ അക്രമത്തിന്റെ അതിപ്രസരമുള്ള, ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ നമുക്ക് ചുറ്റുമുള്ള ഒരു സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ക്രൂരതയും ഭയരഹിതമായ നരഹത്യയും നിര്‍ദയമായ ശാരീരിക പീഡനങ്ങളും ഇരയുടെ നിലവിളികളിലും പിടച്ചിലിലും ഹരം കൊള്ളുന്ന സമകാലിക മലയാളി സമൂഹത്തിന്റെ രോഗാതുരമായ മനസ്സിനെയാണ് ഇവ ആവിഷ്‌കരിക്കുന്നത്. ഇത്തരം സിനിമ കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കുന്നുണ്ട്.

പുതിയ തലമുറ മുഴുവന്‍ പ്രശ്‌നക്കാരാണ് എന്ന് പറയുന്നതില്‍ വാസ്തവമില്ല. പക്ഷേ യാഥര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കാനാവില്ല. തിരുത്തേണ്ടത് തിരുത്തി മുമ്പോട്ടു കൊണ്ടുപോകാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുമ്പിട്ടിറങ്ങണം. അതിന് കഴിഞ്ഞില്ലെങ്കില്‍…. ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നാളെ ആവര്‍ത്തിക്കും. അത് സംഭവിക്കാതെ ഇരിക്കട്ടെ.

Content Highlights: Violence Epidemic: What's Behind the Soaring Crime Rates in Kerala

To advertise here,contact us