കെ കെ കൊച്ച്: പൗരാണിക ബ്രാഹ്മണിസത്തിന്റെ നിശിത വിമര്‍ശകന്‍

മലയാളിയുടെ പൊതുബോധ്യങ്ങളെ തിരുത്തിയെഴുതിയ ചരിത്രകാരന്, സാമൂഹ്യനീതിയുടെ എക്കാലത്തെയും വലിയ പോരാളിക്ക്, അതുല്യനായ ചിന്തകന് വിനീത പ്രണാമം…

പുരാണങ്ങളും ഭക്തിയും വേദാന്തവും ഇഴ ചേരുന്ന ബ്രാഹ്‌മണിസം കീഴാള ബഹുജനങ്ങളുടെ പ്രാതിനിധ്യരാഷ്ട്രീയത്തെയും ജനാധിപത്യ അവകാശങ്ങളെയും റദ്ദ് ചെയ്യുന്ന പ്രതിലോമകരമായ ഹിംസാ രാഷ്ട്രീയമാണെന്ന് ആഴത്തില്‍ തിരിച്ചറിഞ്ഞ ബുദ്ധിജീവിയും ചിന്തകനുമായിരുന്നു കെ കെ കൊച്ച്. ബ്രാഹ്‌മണ്യം രാഷ്ട്രീയ മേല്‍ക്കോയ്മാ വ്യവസ്ഥയായി രാഷ്ട്ര ശരീരത്തെ കാര്‍ന്നുതിന്നുമ്പോള്‍ പൗരാണിക ബ്രാഹ്‌മണ്യത്തിന്റെ കുടിലതന്ത്രങ്ങളെക്കുറിച്ച് ദീര്‍ഘദര്‍ശനത്തോടെ ചരിത്രപരമായി വിമര്‍ശനവ്യാഖ്യാനങ്ങള്‍ അവതരിപ്പിച്ച കെ കെ കൊച്ചിന്റെ ചരിത്ര പഠനങ്ങള്‍ രാഷ്ട്രീയ ജാഗ്രതയുടെ പുതിയ പാഠങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേരളത്തെ, മലയാളിയെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊച്ചേട്ടന്റെ വിയോഗം, അദ്ദേഹം നിര്‍മിച്ച ജ്ഞാന വഴികളെയും , പ്രാതിനിധ്യ രാഷ്ട്രീയത്തെയും, വിമര്‍ശനാത്മകചരിത്ര ബോധ്യത്തെയും ആഴത്തില്‍ പഠിക്കുന്നതിനും പ്രത്യക്ഷീകരിക്കുന്നതിനും പ്രയോഗമാക്കി മാറ്റുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു.

ഭക്തിയെ കീഴാള സമുദായങ്ങളെ സ്വാംശീകരിക്കുന്നതിനുള്ള ബലതന്ത്രമാക്കി ഹിന്ദുത്വം പ്രയോഗിക്കുമ്പോള്‍, ഈ ഭക്തി കീഴാളവിരുദ്ധമാണെന്ന് കെ കെ കൊച്ച് വസ്തുതാപരമായി വിമര്‍ശിക്കുന്നു. ഭക്തി ഉപരി സമുദായങ്ങളുടെ സ്വത്വാവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും കീഴാള സമുദായങ്ങളെ പുറന്തള്ളുന്നതാണെന്നുമുള്ള കൊച്ചിന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.

'ചണ്ഡകര്‍മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍ / ചണ്ഡാലകുലത്തിങ്കല്‍' പിറക്കുന്നു എന്ന ഭക്തിരസപ്രധാനമായ പൂന്താനത്തിന്റെ ജ്ഞാനപ്പാന, ഭക്തിയിലൂടെ ജാതിയുടെ അസമത്വസിദ്ധാന്തങ്ങളെയാണ് ഉറപ്പിക്കുന്നത്. ഭക്തി കീഴാള സമുദായങ്ങളെ പുറന്തള്ളുന്നതാണെന്ന കൊച്ചേട്ടന്റെ ചരിത്രസിദ്ധാന്തത്തെ സാധൂകരിക്കുന്ന തെളിവുരൂപങ്ങള്‍ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലും ജ്ഞാനപ്പാനയിലും സമൃദ്ധമാണ്.

പുരാണങ്ങള്‍ അബ്രാഹ്‌മണ ജനതയുടെ ആഖ്യാനരൂപങ്ങളെയും ആരാധനാ വ്യവഹാരങ്ങളെയും സ്വാംശീകരിക്കുന്നതിനെ കുറിച്ചും 'കേരള ചരിത്രവും സമൂഹരൂപീകരണവും' എന്ന ഗ്രന്ഥത്തില്‍ കൊച്ചേട്ടന്‍ എഴുതുന്നുണ്ട്. ബ്രാഹ്‌മണരെ ഭൂദേവന്മാരായി, അമാനുഷിക സിദ്ധിയുള്ളവരായി വാഴ്ത്തിയ പൗരാണികാ ഖ്യാനങ്ങള്‍ ബ്രാഹ്‌മണരെയും ബ്രാഹ്‌മണ്യത്തെയും വിമര്‍ശനാതീതമാക്കിത്തീര്‍ത്തു എന്നും കെ കെ കൊച്ച് നിരീക്ഷിക്കുന്നുണ്ട്. കൂടല്‍മാണിക്യം സംഭവം ഇതിനുത്തമ ദൃഷ്ടാന്തമായി മലയാളിയുടെ മുന്നിലുണ്ട്. ബ്രാഹ്‌മണമതത്തിന്റെ പുരാണാഖ്യാനതന്ത്രമാണ് ജൈന - ബുദ്ധമതങ്ങളെ തകര്‍ത്തത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 'ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി ആ മതത്തിന്റെ ശോഭ കെടുത്താന്‍ ബ്രാഹ്‌മണര്‍ക്ക് കഴിഞ്ഞു ' എന്ന് കെ കെ കൊച്ച് എഴുതുന്നുണ്ട്.

ഭക്തിയില്‍ ചാലിച്ച സവര്‍ണദാരിദ്ര്യത്തിന്റെ അമ്മൂമ്മക്കഥകളെയും കൊച്ചേട്ടന്‍ ചോദ്യം ചെയ്യുന്നുണ്ട്. പൊതുവെയുള്ള ആഖ്യാനം അമ്പലവാസികള്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചാണ് ക്ഷേത്രസേവനം ചെയ്തു വന്നത് എന്നാണ്. ഈ ആഖ്യാനത്തെ വസ്തുതകളുടെ വെളിച്ചത്തില്‍ കൊച്ചേട്ടന്‍ തുറന്നു കാട്ടുന്നു. വിരുത്തിയായി ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശത്തിലൂടെ കാര്‍ഷിക- ഭൂ വ്യവസ്ഥയുടെ ഉടമകളായാണ് യഥാര്‍ത്ഥത്തില്‍ അമ്പലവാസി സമൂഹം നിലനിന്നത്. ഇക്കാര്യം പൊതുവെ മറച്ചുവച്ചാണ് സവര്‍ണ ദാരിദ്ര്യക്കഥകള്‍ മെനയുന്നത്.

അദ്വൈതത്തെയും ശങ്കരനെയും നിശിതമായി കൊച്ചേട്ടന്‍ വിമര്‍ വിധേയമാക്കുന്നുണ്ട്. 'രക്തരൂഷിതമായ മതകലാപങ്ങളിലൂടെ വൈദിക ഹിന്ദുമതത്തിന്റെ പുന:സ്ഥാപനമാണ് ശങ്കരന്റെ കാര്‍മികത്വത്തില്‍ നടന്നത്' എന്ന് കെ കെ കൊച്ച് നിരീക്ഷിക്കുന്നു. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് ബ്രഹ്‌മസൂത്രഭാഷ്യത്തില്‍ എഴുതിയ ശങ്കരന്റെ അദ്വൈതസിദ്ധാന്തം എത്രമേല്‍ ഹിംസാത്മകമാണെന്ന് തെളിയുന്നുണ്ട്. ശൂദ്രന്‍ സഞ്ചരിക്കുന്ന പട്ടടയാണെന്നും ശങ്കരന്‍ എഴുതി. ' ബഹുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ ഒരു ചെറു ന്യൂനപക്ഷത്തിലൊതുങ്ങി നിന്ന ശങ്കരന്റെ അറിവ് വിവിധ വിജ്ഞാന ശാഖകളുടെ വളര്‍ച്ച മുരടിപ്പിക്കുകയു അദൃശ്യമാക്കുകയും ചെയ്തു' എന്നും കൊച്ചേട്ടന്‍ എഴുതി.

ലോകം മായയാണെന്ന് പറഞ്ഞ ശങ്കരസിദ്ധാന്തം ഭൗതികാസ്പദങ്ങളുടെ വളര്‍ച്ചയെ തടഞ്ഞു എന്നത് പരിപൂര്‍ണ സത്യമാണ്. 'അദ്വൈതത്തിന്റെ വ്യവഹാര ഭൂമിക പ്രത്യക്ഷത്തിന് അതീതമായ ബ്രഹ്‌മത്തില്‍ അധിഷ്ഠിതമായിരിക്കുന്നതിനാല്‍ വസ്തുനിഷ്ഠ ലോകം തത്വചിന്തയിലൂടെ പുറത്താക്കപ്പെടുന്നു ' എന്ന കെ കെ കൊച്ചിന്റെ നിരീക്ഷണം ചരിത്രപരമാണ്. ശങ്കരന്റെ അദ്വൈതവേദാന്തം സമൂഹവികാസത്തിനെതിരായ പ്രതിവിപ്ലവമാണെന്ന കൊച്ചേട്ടന്റെ നിരീക്ഷണം അത്യഗാധവും സാമൂഹ്യശാസ്ത്രപരവുമാണ്. 'ജാതിവ്യവസ്ഥയുടെ അനിവാര്യ ഭാഗമായ അനാചാരങ്ങള്‍ രാഷ്ട്രമീമാംസയുടെ ഭാഗമാക്കുക വഴി ശാസ്ത്രസാങ്കേതിക ജ്ഞാനത്തിന്റെ വളര്‍ച്ചയും കാര്‍ഷിക വ്യാപാര മേഖലയുടെ വികാസവും നിഷേധിക്കപ്പെടുകയായിരുന്നു, ചുരുക്കത്തില്‍ മധ്യകാല കേരളത്തെ ജാതിവ്യവസ്ഥയില്‍ തളച്ചിട്ടുകൊണ്ട് സാമൂഹ്യപുരോഗതിയെ തടയുന്ന പ്രതിവിപ്ലവകരമായ പങ്കാണ് ശങ്കരന്റേതെന്ന് വിലയിരുത്താം'- എന്ന് കൊച്ചേട്ടന്‍ എഴുതി. ചുരുക്കത്തില്‍ ഭക്തി, വേദാന്തം, പൗരാണിക ബ്രാഹ്‌മണ്യം എന്നിവയെ മുന്‍ നിര്‍ത്തിയുള്ള കെ കെ കൊച്ചിന്റെ ചരിത്ര പഠനങ്ങള്‍ അതുല്യമായ ഉള്‍ക്കാഴ്ച്ച നിറഞ്ഞതും കീഴാള ബഹുജനങ്ങളെ ബ്രാഹ്‌മണ്യ രാഷ്ട്രീയത്തില്‍ നിന്നും തടയുന്നതും വിമോചിപ്പിക്കുന്നതുമാണ്. ഇങ്ങനെ നോക്കിയാല്‍ കൊച്ചേട്ടന്റെ ജ്ഞാന വഴികള്‍ ദലിത്ബഹുജനതകളുടെ സാമൂഹ്യവികാസത്തിന് പുത്തന്‍ വിമോചന പാത നിര്‍മിച്ചെടുക്കുകയായിരുന്നു എന്ന് കാണാം.

ബ്രാഹ്‌മണ്യം ഭക്തിയായും വേദാന്തമായും ഇന്ത്യയെ പിടിമുറുക്കുന്ന സമകാലിക സാഹചര്യത്തില്‍ കൊച്ചേട്ടന്‍ പകര്‍ന്നു വച്ച അറിവൊലി മുന്നോട്ടെടുക്കുക എന്നതായിരിക്കും അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവ്. പ്രാതിനിധ്യ ജനാധിപത്യ രാഷ്ട്രീയത്തെ തകര്‍ക്കുന്നതിനായി ബ്രാഹ്‌മണിസം ഭക്തി - വേദാന്ത - പുരാണ പട്ടത്താനങ്ങളായി പകര്‍ന്നാടുമ്പോള്‍ അതിന്റെ യഥാര്‍ത്ഥസ്വരൂപത്തെ തുറന്ന് കാട്ടിയ വിമോചനാത്മക ചരിത്രരചന നിര്‍വഹിച്ച നീതിയുടെ പോരാളിയായ എഴുത്തുകാരനും സാമൂഹ്യചിന്തകനുമായിരുന്നു കെ കെ കൊച്ച്. ആപല്‍ക്കരമായി ദലിത് - ബഹുജനതക്കായി സ്വജീവിതം ധന്യമായി സമര്‍പ്പിക്കാന്‍ കെ കെ കൊച്ചിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മഭാവമായ വിമോചന സ്വപ്നങ്ങളായിരുന്നു. മലയാളിയുടെ പൊതുബോധ്യങ്ങളെ തിരുത്തിയെഴുതിയ ചരിത്രകാരന്, സാമൂഹ്യനീതിയുടെ എക്കാലത്തെയും വലിയ പോരാളിക്ക്, അതുല്യനായ ചിന്തകന് വിനീത പ്രണാമം…

Content Highlights: Dr T S Shyamkumar About K K Kochu

To advertise here,contact us