അഞ്ച് പ്രസവം, അതില് ആദ്യ രണ്ടെണ്ണം ആശുപത്രിയില് വെച്ച്, ബാക്കിയുള്ള മൂന്നും വീട്ടില് വെച്ച്. എന്നാല് വീട്ടിലെ മൂന്നാമത്തെ പ്രസവത്തിനിടെ അമ്മ മരിക്കുന്നു. ചോരക്കുഞ്ഞാകട്ടെ, അതീവ ഗുരുതരാവസ്ഥയില് ആശുപത്രിയിലും. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തെ ചട്ടിപ്പറമ്പില് നടന്ന സംഭവമാണിത്. 35 കാരിയായ അസ്മ എന്ന യുവതി സ്വയം ആശുപത്രിയില് പോകാതിരുന്നതായിരുന്നില്ല, ഭര്ത്താവ് സിറാജുദ്ദീന്, ആശുപത്രിയില് പോകാന് സമ്മതിക്കാതെ യുവതിക്ക് ചികിത്സ നിഷേധിച്ച്, കൊലയ്ക്ക് കൊടുക്കുകയായിരുന്നു.
അസ്മയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. പ്രസവത്തിന് ആശുപത്രിയില് പോകുന്നത് തെറ്റാണെന്നുള്ള പ്രചാരണങ്ങള് നടത്തി, സ്ത്രീകളെയും നവജാത ശിശുക്കളെയും വലിയ അപകടങ്ങളിലേക്കും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും തള്ളിവിടുന്ന സംഘടിത ശക്തികള് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ട്. വിശ്വാസങ്ങളുടെ മറവില് ഇവര് നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങളില് വീണ് ആളുകള്ക്ക് ജീവന് നഷ്ടപ്പെടുന്നത് ആവര്ത്തിക്കുകയാണ്.
രാജ്യത്ത് ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായ, ആരോഗ്യ രംഗത്ത് നമ്പര് വണ്ണായ കേരളത്തിലാണ് അന്ധവിശ്വാസങ്ങളില് പെട്ട് മനുഷ്യര് മരിക്കേണ്ടി വരുന്നത്. അക്യുപങ്ചറിന്റെ മറവിലാണ് പലയിടങ്ങളിലും ഇത്തരം അശാസ്ത്രീയ പ്രചാരണങ്ങള് നടക്കുന്നത്. മൂന്ന് മാസവും നാല് മാസവുമൊക്കെയുള്ള ചില തട്ടിപ്പ് കോഴ്സുകള് ഓണ്ലൈനിലും അല്ലാതെയും പഠിച്ച്, ആളുകള് സ്വയം ചികിത്സിക്കുകയാണ്. വെല്ലുവിളി ഏറെയുള്ള പ്രസവം പോലും ആളുകള് സ്വയം നടത്തുന്ന സ്ഥിതി.
മതത്തെ കൂട്ടുപിടിച്ചാണ് ഇത്തരം അശാസ്ത്രീയതയ്ക്ക് എളുപ്പത്തില് പ്രചാരം നേടിയെടുക്കുന്നത്. സ്ത്രീകളുടെ ശരീരം അന്യപുരുഷന്മാരായ ഗൈനക്കോളജിസ്റ്റുകള് കാണുന്നത് പാപമാണെന്നും, വീട്ടില് നിന്ന് പ്രസവിക്കലാണ് അതിന് പരിഹാരമെന്നും പറഞ്ഞ്, അങ്ങേയറ്റം പ്രാകൃതമായ ചിന്തകള് പ്രചരിപ്പിച്ചാണ്, സ്ത്രീകളെയും നവജാത ശിശുക്കളെയും ഇക്കൂട്ടര് കൊല്ലാക്കൊല ചെയ്യുന്നത്.
ഇപ്പോള് മരണപ്പെട്ട അസ്മയുടെ കേസ് മാത്രം പരിശോധിക്കാം. ഇവരുടെ ഭര്ത്താവ് സിറാജുദ്ദീന്റെ ജോലിയെന്താണെന്ന് നാട്ടുകാര്ക്ക് പോലുമറിയില്ല. ഒന്നര വര്ഷമായി ഇയാള് മലപ്പുറത്തെ ചട്ടിപ്പറമ്പിലാണ് താമസം. നാട്ടുകാരുമായി യാതൊരു ബന്ധവും പുലര്ത്തിയിരുന്നില്ല. എന്തിന് അസ്മ ഗര്ഭിണിയാണെന്ന വിവരം, ആശ വര്ക്കര്മാരോടോ വാര്ഡ് മെമ്പറോടോ അറിയിച്ചില്ല, അതായത് ഗര്ഭിണികള്ക്ക് സര്ക്കാര് തലത്തില് നല്കേണ്ട യാതൊരു പരിപാലനവും ആനുകൂല്യവും ഇവര് കൈപ്പറ്റിയിട്ടുമില്ല. ഗര്ഭ സമയത്ത് ഒരു സ്ത്രീക്ക് ലഭിക്കേണ്ട ചികിത്സ മുഴുവന് അസ്മയ്ക്ക് നിഷേധിക്കപ്പെടുകയായിരുന്നു.
അറുപത്തിനാലായിരം പേര് സബ്സ്ക്രൈബേഴ്സായുള്ള ഒരു യുട്യൂബ് ചാനല് നടത്തുന്നയാളാണ് സിറാജുദ്ദീന്. മടവൂര് കാഫിലയെന്ന പേരിലുള്ള ഈ യുട്യൂബ് ചാനലില് അന്ധവിശ്വാസങ്ങളുടെ ഘോഷയാത്രയാണ്. കേരളത്തിലെ സൂഫി പണ്ഡിതനായിരുന്ന സിഎം മടവൂര് എന്ന പേരില് അറിയപ്പെടുന്ന സിഎം അബൂബക്കര് മുസ്ലിയാരുടെ കഥകള് പ്രചരിപ്പിക്കലാണ് ഈ യൂട്യൂബ് ചാനലിന്റെ പ്രധാന ഉദ്ദേശ്യം. നമ്മള് പലപ്പോഴായി കേട്ട ഇല്ലാ കഥകള് ഒരു വലിയ ഓഡിയന്സിന് മുമ്പാകെ അവതരിപ്പിക്കുകയാണ് ഇയാള് ചെയ്യുന്നത്. മടവൂര് മരിച്ചവരെ ജീവിപ്പിച്ചു, കുഞ്ഞുങ്ങളുണ്ടാക്കത്തവര്ക്ക് കുഞ്ഞുങ്ങളുണ്ടായി, രോഗശാന്തി ലഭിച്ചു തുടങ്ങി മടവൂരുമായി ബന്ധപ്പെട്ട അന്ധവിശ്വാസ കഥകളാണ് യുട്യൂബ് ചാനലില് പ്രചരിപ്പിക്കുന്നത്. ഇതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം ഇയാള് തന്നെ സ്വന്തം ഭാര്യയുടെ പ്രസവം നടത്തിയതും മരണത്തിലേക്ക് തള്ളിവിട്ടതും.
സിറാജുദ്ദീന് മാത്രമല്ല, അക്യുപങ്ചര് പഠിച്ചെന്ന് അവകാശപ്പെട്ട് വീട്ടില് വെച്ച് പ്രസവം നടത്തുന്ന നിരവധി പേരെ സമീപ കാലത്ത് കാണാം. വീട്ടില് വെച്ച് പ്രസവിച്ചതിനാല്, ജനനസര്ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി ദമ്പതികള് വന്ന വാര്ത്ത നാമെല്ലാവരും ഈയിടെ ശ്രദ്ധിച്ചതാണ്. ഇവരും അക്യുപങ്ചര് പഠിച്ചവരായിരുന്നു. മാത്രമല്ല, ഇരുവരും ഒരു ഓണ്ലൈന് ചാനലിന് നല്കിയ അഭിമുഖത്തില് ബ്ലേഡ് ഉപയോഗിച്ചാണ് പ്രസവം നടത്തിയെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സര്ജിക്കല് ഉപകരണങ്ങള് മാത്രമുപയോഗിച്ച് ചെയ്യേണ്ട പ്രക്രിയകളെയാണ് ഇവര് ഇത്തരത്തില് ലഘൂകരിക്കുന്നത്.
ഈ സംഭവത്തിന് പിന്നാലെ അക്യുപങ്ചര് പഠിച്ച് വീട്ടില് പ്രസവം നടത്തിയ നിരവധി സ്ത്രീകളെ ഒരു ചടങ്ങില് വെച്ച് ആദരിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പണ്ട് കാലത്ത് വീട്ടില് തന്നെയായിരുന്നില്ലേ പ്രസവമെന്നും, ആശുപത്രിയില് പോകാന് പ്രസവം ഒരു രോഗമല്ലെന്നും, സുഖമമായി വീട്ടില് നടക്കേണ്ട പ്രക്രിയയാണെന്നുമാണ് പ്രധാനമായും ഇക്കൂട്ടര് ഉയര്ത്തുന്ന വാദം. എന്നാല് അന്നത്തെ സാഹചര്യമല്ല ഇന്ന് എന്ന് മാത്രമല്ല, അന്നത്തെ ശിശു-മാതൃ മരണ നിരക്കിനെക്കുറിച്ചും ഇക്കൂട്ടര് ബോധ്യരല്ല.
ഒരു കുഞ്ഞിന് ഒരു സ്ത്രീ ജന്മം നല്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദന അനുഭവിച്ചാണ്. ജന്മം നല്കുന്ന അമ്മയും കുഞ്ഞും പൂര്ണ ആരോഗ്യത്തോടെയിരിക്കാന് വേണ്ടി കൃത്യമായ ചികിത്സ പ്രസവസമയത്തും അതിന് മുമ്പും ശേഷവും നല്കേണ്ടതുണ്ട്. അതിന് വേണ്ടി നിരവധി പദ്ധതികള് വര്ഷങ്ങളായി സര്ക്കാര് തലത്തില് ക്രമീകരിക്കുന്നുമുണ്ട്. സ്ത്രീകള്ക്കും കുട്ടികള്ക്കും ഈ ചികിത്സകളെല്ലാം നിഷേധിച്ച് അവരെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത് ക്രിമിനല് കുറ്റകൃത്യമാണ്.
കേരളത്തില് 2023 മാര്ച്ച് മുതല് 2024 മാര്ച്ച് വരെ മാത്രം 523 വീട്ടുപ്രസവങ്ങള് നടന്നതായാണ് കണക്ക്. ഇതില് 253 എണ്ണം മലപ്പുറം ജില്ലയിലാണ്. ഇതില് കുഞ്ഞുങ്ങള് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രിയ, രണ്ട് പേരുടെ ജീവനെ ബാധിക്കുന്ന പ്രസവത്തെ ലഘൂകരിച്ച് അതിന്റെ ഗൗരവത്തെ ഇല്ലാതാക്കുന്നവരുടെ ഒരു നിര തന്നെയുണ്ടായി വരുന്നുണ്ട്. കീശയില് പണം നിറക്കാന് വേണ്ടി ഇത്തരം വ്യാജ പണ്ഡിതര് സോഷ്യല് മീഡിയ വരെ ഉപയോഗിക്കുന്ന കാലത്ത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില് ആളുകളെ കബളിപ്പിക്കാന് വലിയൊരു കൂട്ടര് തന്നെ കാത്തിരിക്കുന്നുണ്ട്. ഈ വലയില് വീഴാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണ്.
Content Highlights: Home Birth is serious concern and Kerala have many team to promote this