സ്ത്രീകളോട് വീട്ടിൽ പ്രസവിച്ചാൽ മതിയെന്ന് പറയുന്നവരോട്, നിങ്ങള്‍ ചെയ്യുന്നത് കൊലപാതകത്തേക്കാൾ കുറഞ്ഞ കുറ്റമല്ല

പൂർണ വളർച്ചയെത്താതെയാണ് മനുഷ്യ കുഞ്ഞുങ്ങൾ പിറവി എടുക്കുന്നത്. അവരുടെ തലച്ചോർ പൂർണ വളർച്ച എത്താനായി കാത്തുനിന്നാൽ രണ്ടുകാലിൽ നിവർന്നു നിൽക്കുന്ന മനുഷ്യന് പ്രസവിക്കാൻ പറ്റില്ല

നാലുവർഷത്തോളം കുട്ടി ഗർഭപാത്രത്തിൽ കിടക്കുമെന്ന മണ്ടത്തരത്തിനു ശേഷം ഞാൻ കണ്ട ഒരു വിഡിയോയിൽ ഒരു മുസ്ലിയാർ മനുഷ്യരുടെ പ്രസവത്തെ ഉപമിക്കുന്നത് ആനയുടെയും നായയുടേയുമൊക്കെ പ്രസവങ്ങളോടാണ്. ആനയെക്കാൾ വലിയ പ്രസവവുമുണ്ടോ എന്നൊക്കെ ആവേശത്തോടെ പുള്ളി ചോദിക്കുന്നുണ്ട്. പക്ഷെ ഒരു പ്രശ്‌നമുണ്ട്. ഈ പറഞ്ഞ മറ്റു മൃഗങ്ങൾ നൽക്കാലികളാണ്, മനുഷ്യൻ രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ജീവിയും. അതാണ് മനുഷ്യന്റെ പ്രസവത്തെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാക്കി തീർക്കുന്നത്.

നമ്മുടെ ജീവപരിണാമത്തിൽ സംഭവിച്ച വൻ മാറ്റമാണ് മനുഷ്യർ രണ്ടു കാലിൽ നടക്കാൻ തുടങ്ങിയത്. കൈകൾ സ്വാതന്ത്രമായതോടെ കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നത് പോലെ കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാൻ നമുക്കായി, ഇരുകളിൽ നിവർന്നു നിന്നുകൊണ്ട് ശത്രുക്കളെ കൂടുതൽ വ്യക്തതയോടെ വീക്ഷിക്കാനായി. പക്ഷെ ഇങ്ങിനെ നിവർന്നു നില്കുന്നതിന് നമ്മൾ കൊടുത്ത വലിയ വില ഇടുപ്പെല്ല് (Pelvis) ചെറുതാവുകയും അതിന്റെ ഇടയിലുള്ള പ്രസവിക്കാനുള്ള ദ്വാരം (Birth Canal) വളരെ ചുരുങ്ങി പോവുകയും ചെയ്തു എന്നതാണ്. പ്രസവത്തിന് വേണ്ടി ഇടുപ്പെല്ല് രണ്ടുഭാഗത്തേക്കും മാറികൊടുക്കേണ്ട അവസ്ഥ മനുഷ്യനിൽ വന്നു ചേർന്നത് അങ്ങിനെയാണ്.

എല്ലു നുറുങ്ങുന്ന വേദനയാണ് പ്രസവത്തിന് എന്ന് പറയാൻ കാരണം ശരിക്കും എല്ല് നുറുങ്ങുന്നത് കൊണ്ട് തന്നെയാണ്. അതുപോലെ തന്നെ പൂർണ വളർച്ചയെത്താതെയാണ് മനുഷ്യ കുഞ്ഞുങ്ങൾ പിറവി എടുക്കുന്നത്. അവരുടെ തലച്ചോർ പൂർണ വളർച്ച എത്താനായി കാത്തുനിന്നാൽ രണ്ടുകാലിൽ നിവർന്നു നിൽക്കുന്ന മനുഷ്യന് പ്രസവിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ തലച്ചോർ പൂർണമായി വളർച്ച പ്രാപിക്കുന്നതിന് മുന്നേ തന്നെ, തലയോട്ടി ഉറക്കുന്നതിന് മുന്നേ തന്നെ കുട്ടികളെ പ്രസവിക്കുന്നതും, വർഷങ്ങളോളം കുട്ടികളെ നമ്മൾ സംരക്ഷിക്കേണ്ടി വരുന്നതും. മനുഷ്യനെ മനുഷ്യൻ ആക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വലിയ വിലയാണ് സ്ത്രീകളുടെ പ്രസവത്തിനോട് അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും വേദനയും.

ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ വേദന മാർക്കം (സുന്നത്ത്) കഴിഞ്ഞു മൂന്നാം ദിവസം ആ മുറിവിൽ ചൂട് വെള്ളം ഒഴിച്ച് കഴുകിയതാണ്, പ്രസവ വേദനയുടെ മുന്നിൽ ഇതൊന്നുമല്ല എന്നത് ഞാൻ എന്റെ ഭാര്യ പ്രസവിച്ചപ്പോൾ നേരിൽ കണ്ടതാണ്. കുട്ടിയുടെ തല പുറത്തേക്ക് വരുന്നില്ല എന്നും പറഞ്ഞു സർജിക്കൽ ബ്ലേഡ് എടുത്ത് യോനിയുടെ താഴെ ആയി ഒരു കീറൽ ഇടുന്നത് കണ്ടപ്പോൾ എന്റെ കിളി പോയതാണ്. പ്രസവ വേദന കഴിഞ്ഞു , ആ മുറിവ് ചെറു ചൂട് വെള്ളത്തിൽ മുക്കി ഇരിക്കുന്ന വേദന കൂടി സഹിക്കണം.

പ്രസവം എളുപ്പമാണ്, വീട്ടിൽ പ്രസവിക്കാം, സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്നൊക്കെ പറയുന്ന എല്ലാവരോടും കൂടി എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങളുടെ ഭാര്യമാർ ഓരോ തവണ പ്രസവിക്കുമ്പോഴും നിങ്ങൾ ഒന്ന് കൂടി മാർക്കം കഴിക്കുക. എന്നിട്ട് നല്ല തിളച്ച വെള്ളം ആ മുറിവിൽ ഒഴിക്കുക. എന്നിട്ട് ഒന്ന് കൂടി പറയുക, പ്രസവം എളുപ്പമാണ്, ആന പ്രസവിക്കുന്നത് കണ്ടില്ലേ, ആട് പ്രസവയ്ക്കുന്നത് കണ്ടില്ലേ എന്ന്. സ്ത്രീകളോട് വീട്ടിൽ പ്രസവിച്ചാൽ മതിയെന്ന് പറയുന്നവർ ചെയ്യുന്നത് കൊലപാതകത്തെക്കാൾ കുറഞ്ഞ കുറ്റമല്ല.മുസ്ലിം സമുദായത്തിലെ വിവരമുള്ളവർ ഈ മൊല്ലാക്കമാരെ നിലക്ക് നിർത്തിയില്ലെങ്കിൽ സ്ത്രീകൾ തന്നെ ഇവരെ കൈ വെക്കുന്ന കാലം വിദൂരമല്ല.

Content Highlights: Those who tell women to give birth at home are committing a crime no less than murder - Opinion

To advertise here,contact us