ഗവര്‍ണറുടെ അധികാരം; അതിരുവിട്ടോ സുപ്രീം കോടതി?

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധികളില്‍ലൊന്നായി വിലയിരുത്തപ്പെട്ടെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഉയര്‍ത്തിപ്പിടിക്കാനുള്ള ആത്മാര്‍ഥമായ ശ്രമത്തിനിടയില്‍ സുപ്രീംകോടതി സ്വന്തം അധികാരപരിധി ലംഘിച്ചു എന്ന ആരോപണം ഉയര്‍ന്നുവരുന്നുണ്ട്.

7 min read|18 Apr 2025, 06:13 pm

ഇന്ത്യന്‍ ഫെഡറല്‍ രാഷ്ട്രീയ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന ഗവര്‍ണര്‍മാരുടെ നടപടികള്‍ക്ക് തടയിടുന്ന ചരിത്രപരമായ വിധിന്യായമാണ് ഏപ്രില്‍ 18-ന് തീയതി ഇന്ത്യന്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍, ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതിലൂടെ കോപ്പറേറ്റീവ് ഫെഡറലിസത്തിന് കോടതി പുതുജീവന്‍ നല്‍കി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധികളിലൊന്നായി വിലയിരുത്തപ്പെട്ടെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഉയര്‍ത്തിപ്പിടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിനിടയില്‍ സുപ്രീംകോടതി സ്വന്തം അധികാരപരിധി ലംഘിച്ചു എന്ന ആരോപണം ഉയര്‍ന്നുവരുന്നുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തുടങ്ങി നിരവധി പേര്‍ കോടതി സ്വന്തം അധികാരപരിധി ലംഘിക്കുകയും ഭരണഘടനാ ഭേദഗതി നടത്തുകയും ചെയ്തു എന്ന് പരാതിപ്പെടുന്നുണ്ട്.

പ്രധാനമായും രണ്ട് ആരോപണങ്ങളാണ്. ഒന്ന്, കോടതി ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നു. രണ്ട്, ഭരണഘടനയുടെ സുപ്രധാനമായ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍, അനുച്ഛേദം 145 (3) നിഷ്‌കര്‍ഷിക്കുന്നത് പോലെ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു. ഭരണകൂട സംവിധാനത്തിന്റെയും ജുഡീഷ്യറിയുടെയും അധികാരങ്ങള്‍ തമ്മിലുള്ള അനിയതമായ അതിര്‍വരമ്പും, ജനാധിപത്യ മൂല്യവും നടപടിക്രമങ്ങളും ഇഴചേരുന്ന സങ്കീര്‍ണതകളും നമ്മുടെ രാഷ്ട്രഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന അടിസ്ഥാന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.

കോടതിവിധി

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിനകത്ത് ഗവര്‍ണര്‍മാരുടെ അധികാരപരിധി എത്ര എന്നതാണ് തമിഴ്‌നാട് സംസ്ഥാന ഗവണ്‍മെന്റും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലുള്ള തര്‍ക്കത്തിന്റെ കാതല്‍. ഭരണഘടനയുടെ അനുച്ഛേദം 200, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുവാനോ, തിരിച്ചയയ്ക്കുവാനോ, അല്ലെങ്കില്‍ അതിന്മേല്‍ രാഷ്ട്രപതിയുടെ അഭിപ്രായം തേടാനോ ഉള്ള അവകാശം ഗവര്‍ണര്‍ക്ക് നല്‍കുന്നു. ഒരിക്കല്‍ തിരിച്ചയച്ച ബില്ല് നിയമസഭാ രണ്ടാമതും പാസാക്കുകയാണെങ്കില്‍ അതിന് അംഗീകാരം നല്‍കാനും ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പ്രശ്‌നം, ഭരണഘടനയില്‍ ഈ നടപടിക്രമങ്ങള്‍ക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല എന്നുള്ളതാണ്. ഇക്കാര്യം മുതലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ പാവകളായി പ്രവര്‍ത്തിക്കുന്ന പല ഗവര്‍ണര്‍മാരും ബില്ലുകള്‍ പരിഗണിക്കുന്നത് അനന്തമായി വൈകിപ്പിച്ച്, സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ വിറ്റോ ചെയ്യുന്നു. 2020 മുതല്‍ സമര്‍പ്പിച്ച പത്തുബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ഇങ്ങനെ തടഞ്ഞു വച്ചിരുന്നത്. ഇതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയില്‍ ജസ്റ്റിസ് പാര്‍ഡി വാല, ജസ്റ്റിസ് ആര്‍ മാധവന്‍ എന്നിവരുടെ ബഞ്ച് ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുക മാത്രമല്ല അനുച്ഛേദം 142 നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ബില്ലിന്മേല്‍ ഗവര്‍ണര്‍ക്ക് നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചു. മാത്രമല്ല തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച 10 ബില്ലുകള്‍ക്ക് നിയമസഭ രണ്ടാമത് അദ്ദേഹത്തിന് തിരിച്ചയച്ച തീയതി മുതല്‍ പ്രാബല്യവും നല്‍കി. ഈ നടപടി ഭരണഘടന മാറ്റി എഴുതുന്നതിന് തുല്യമാണെന്നാണ് ഒരു ആരോപണം.

വിധി ഭരണഘടനാഭേദഗതിയല്ല

സുപ്രീംകോടതി ഉത്തരവ് അനുച്ഛേദം 200-ല്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത സമയപരിധി ഏര്‍പ്പെടുത്തുകയും, അനുച്ഛേദം 201-ല്‍ വിശദമാക്കുന്ന ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും വിവേചനാധികാരത്തില്‍ കൈകടത്തുകയും ചെയ്തുവെന്നാണ് ആദ്യ ആരോപണം. ഇന്ത്യന്‍ ഭരണഘടനയില്‍ ജുഡീഷ്യറിയും നിയമനിര്‍മ്മാണസഭയും തമ്മിലുള്ള അന്തരം കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അനുച്ഛേദം 368 അനുസരിച്ച് ഭരണഘടനാഭേദഗതി നടത്തുവാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളു. ഇവിടെ, സുപ്രീംകോടതി ആധികാരം കയ്യാളിയിരിക്കുന്നു എന്നാണ് വാദം. എന്നാല്‍ ഇതിനുള്ള മറുപടി കോടതി വിധിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അനുച്ഛേദം 200 ഒരു നിയമനിര്‍മാണത്തിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന വകുപ്പാണ്. അതില്‍ കൃത്യമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും, ഗവര്‍ണര്‍ 'കഴിയാവുന്നത്ര വേഗത്തില്‍' ബില്ല് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഒഴിവാക്കാനാവുന്ന കാലതാമസം ഒഴിവാക്കിക്കൊണ്ട് പരമാവധി വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ഈ അനുച്ഛേദം അര്‍ത്ഥമാക്കുന്നതെന്ന് 1972-ല്‍ തന്നെ സുപ്രീംകോടതിയുടെ വ്യാഖ്യാനമുള്ളതാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ വിധിയും വന്നിട്ടുള്ളത്. 2022-ലെ പേരറിവാളന്‍ കേസിലും യുക്തിസഹമായ ഒരു സമയപരിധിക്കുള്ളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചായാല്‍, അതു ജനാധിപത്യ സംവിധാനത്തെയും ജനാഭിലാഷത്തെയും അട്ടിമറിക്കുന്നതാവും എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത്.

സമയപരിധി നിശ്ചയിക്കുന്നത് കൊണ്ട് അനുച്ഛേദം 200 കീഴിലുള്ള ഗവര്‍ണറുടെ അധികാരങ്ങളൊന്നും ഇല്ലാതാകുന്നില്ല, വിവേചന അധികാരവും കവര്‍ന്നെടുക്കുന്നില്ല, ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കും വിധം ബില്ലുകള്‍ അനന്തമായി തടഞ്ഞുവയ്ക്കുന്ന പ്രവണത ഇല്ലാതാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് ഭരണഘടനയുടെ മൂല്യബോധത്തിനും പ്രസ്തുത അനുച്ഛേദത്തിന്റെ ഉദ്ദേശ്യത്തിനും അനുപൂരകമാണ്. മാത്രമല്ല ഈ സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ജുഡീഷ്യല്‍ പരിശോധനയ്ക്കുള്ള ഒരു ബെഞ്ച്മാര്‍ക്ക് എന്ന നിലയ്ക്ക് മാത്രമാണ്. അമേരിക്കയുടെയോ പാകിസ്ഥാന്റെയോ ഭരണഘടനാ സംവിധാനത്തിന്‍ കീഴിലുള്ളതുപോലെ, നിശ്ചയസമയപരിധിക്കുള്ളില്‍ ഗവര്‍ണറോ രാഷ്ട്രപതിയോ തീരുമാനമെടുത്തില്ലെങ്കില്‍, പ്രസ്തുത ബില്ലിന് നിയമപ്രാബല്യം സ്വാഭാവികമായും വന്നുചേരും എന്നൊന്നും ഉത്തരവിലില്ല. ചുരുക്കി പറഞ്ഞാല്‍, ഗവര്‍ണറുടെ അധികാരം കവര്‍ന്നെടുക്കുകയോ, സമയപരിധി ലംഘിച്ചാല്‍ നിയമത്തിനു പ്രാബല്യം ലഭിക്കുമെന്ന തരത്തില്‍ പൊതു തീരുമാനമുണ്ടാവുകയോ ചെയ്തിട്ടില്ല. ഭരണഘടന പ്രതീക്ഷിക്കുന്ന തരത്തിലാണോ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത് എന്ന് പരിശോധിക്കുന്നതിന് ഒരു ജുഡീഷ്യല്‍ മാനദണ്ഡം ഏര്‍പ്പെടുത്തുക മാത്രമാണുണ്ടായിട്ടുള്ളത്. ഫെഡറല്‍ സംവിധാനത്തെ അപ്രസക്തമാക്കും വിധമുള്ള ഗവര്‍ണര്‍മാരുടെ തന്നിഷ്ടത്തിന് അറുതി വരുത്തുകയെന്ന ഭരണഘടനാപരമായ ദൗത്യനിര്‍വഹണമാണ് കോടതി നടത്തിയത്. അതില്‍ ഭരണഘടനാഭേദഗതിയൊന്നുമില്ല. എന്നാല്‍ രണ്ടാമത്തെ വിമര്‍ശനം കൂടുതല്‍ സങ്കീര്‍ണമാണ്. ഈ കേസ് പരിഗണിക്കേണ്ടിയിരുന്നത് ഒരു ഭരണഘടനാ ബെഞ്ചായിരുന്നു എന്നതാണ് ആക്ഷേപം.

അനുച്ഛേദം 145(3)

അനുച്ഛേദം 145(3) അനുസരിച്ച്, ഭരണഘടനയുടെ സുപ്രധാനമായ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ തീരുമാനമെടുക്കേണ്ടത് ചുരുങ്ങിയത് 5 ന്യായാധിപരെങ്കിലും ഉള്‍പ്പെടുന്ന ബെഞ്ചാണ്. തമിഴ്‌നാട് കേസ് കൈകാര്യം ചെയ്തത് രണ്ടംഗ ബെഞ്ചാണ്. ഗവര്‍ണറുടെ നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത് പോലുള്ള പുതിയ കാര്യങ്ങളും, അനുച്ഛേദം 142 നല്‍കുന്ന പ്രത്യേക അധികാരത്തിന്റെ ധീരമായ ഉപയോഗവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നു എന്ന വാദം തള്ളിക്കളയാന്‍ കഴിയില്ല. അനുച്ഛേദം 200, ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ ഘടന, ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പരിധി, തുടങ്ങിയ സുപ്രധാനമായ പല വിഷയങ്ങളും ഇവിടെ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരവും മറ്റും മുന്‍കാല കേസുകളില്‍ തീര്‍പ്പ് നല്‍കിയിട്ടുള്ള നിയമതത്വങ്ങളാണെങ്കില്‍ പോലും സമയപരിധി നിശ്ചയിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ഭരണഘടനയുടെ ക്രിയാത്മകമായ വ്യാഖ്യാനത്തിലൂടെ കോടതി കൂട്ടി ചേര്‍ത്തതാണ്. എന്നാല്‍ ഇത് സമ്പൂര്‍ണ്ണമായും പുതിയൊരു വ്യാഖ്യാന പദ്ധതിയാണ് എന്ന വാദം നിലനില്‍ക്കുന്നതല്ല. മാത്രമല്ല വളരെ വേഗം ഈ കേസ് തീര്‍പ്പാക്കേണ്ടത് തമിഴ്‌നാടിന്റെ സ്വാഭാവികമായ ഭരണ നിര്‍വഹണത്തിന് അനിവാര്യവുമായിരുന്നു.

അനിവാര്യമായ ഇടപെടല്‍

തമിഴ്‌നാട് ഗവര്‍ണറുടെ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉണ്ടാവാന്‍ ഇടയായ സാഹചര്യവും, വിധിയുടെ അനിവാര്യതയും, വിധി പുറത്തുവന്ന രാഷ്ട്രീയ കാലഘട്ടവും കണക്കിലെടുക്കാതെ സാങ്കേതികത്വങ്ങളില്‍ ചാരി ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ല. ആഗോള സൂചികകളില്‍, ജനാധിപത്യ രാജ്യമെന്ന സ്ഥാനം പോലും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, അധികാര കേന്ദ്രീകരണത്തിന്റെ ദുഷിച്ച പ്രവണത മുന്‍പങ്ങുമില്ലാത്തവിധം ശക്തമായ സമയത്ത്, വൈവിധ്യങ്ങളെയെല്ലാം നിഷേധിക്കുന്ന ഏകാധിപത്യ പ്രവണത രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോ എന്ന് ഭയപ്പെടുന്ന വിഷമസന്ധിയില്‍, ഭരണഘടനാ കോടതികള്‍ ഭരണകൂട കോടതികളെപ്പോലെ പ്രവര്‍ത്തിച്ചു പോന്നിരുന്ന സമകാലിക ചരിത്രത്തില്‍, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിധി ഉണ്ടായിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.

സാങ്കേതികത്വത്തിനപ്പുറം വ്യാഖ്യാനങ്ങളിലെ പിഴവുകള്‍ നമുക്ക് കണ്ടെത്താനാവില്ല. കൃത്യമായ കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രധാനമായ ഭരണഘടനാബെഞ്ചുകളുടെ മുന്‍കാല വിധികളുടെ പിന്തുടര്‍ച്ചയായാണ് ഇത് വന്നിട്ടുള്ളത്. കൂടാതെ ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ച സര്‍ക്കാരിയ കമ്മീഷന്റെയും, പുഞ്ചി കമ്മീഷന്റെയും നിര്‍ദ്ദേശങ്ങളും, ആഭ്യന്തരമന്ത്രാലയത്തിന്റെ തന്നെ 2016-ലെ മെമ്മോറാണ്ടവും പരിഗണിച്ചാണ് കോടതി തീരുമാനത്തിലെത്തിയിട്ടുള്ളത്. അനുച്ഛേദം 142-ന്റെ ഉപയോഗമാകട്ടെ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധിക്ക് പരിഹാരം തേടികൊണ്ടുള്ള ധീരവും സര്‍ഗാത്മകവുമായ നടപടിയായി വേണം മനസ്സിലാക്കുവാന്‍. മാത്രവുമല്ല, കേസ് എന്തായ വാദം പരിഗണിക്കുന്ന വേളയില്‍ ഒന്നും ആരും ഇതൊരു തടസ്വാദമായി ഉന്നയിച്ചിരുന്നുമില്ല. ഇതിനു മുന്‍പും ഭരണഘടന പ്രാധാന്യമുള്ള പല കേസുകളിലും രണ്ട് അംഗ ബെഞ്ചുകള്‍ വിധി പറഞ്ഞ ചരിത്രവുമുണ്ട്. ഗവര്‍ണറുടെ പദ്ധതിയ്ക്ക് ഇതിലൂടെ സുപ്രീംകോടതി തടയിട്ടു. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള സുധീരമായ ഇടപെടലായി ഭാവി ചരിത്രം രേഖപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

കോപ്പറേറ്റീവ് ഫെഡറലിസമാണ് നമ്മുടെ ഭാവി. നൂറുകണക്കിന് നാട്ടുരാജ്യങ്ങളുടെയും, ജാതിമത ഭാഷാവൈവിധ്യങ്ങളുടെയും സമന്വയ സാംസ്‌കാരിക ഭൂമികയായ ഇന്ത്യയ്ക്ക് മറ്റൊരു അസ്ഥിത്വമില്ല തന്നെ. ഈ വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യം നമ്മള്‍ ശ്രദ്ധാപൂര്‍വ്വം പരിലാളിച്ചു പോരേണ്ടതുണ്ട്. നാനാത്വങ്ങളെ അംഗീകരിച്ചും, അപരത്വങ്ങളെ ചേര്‍ത്തുനിര്‍ത്തിയും, എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും വേണം നമുക്കു മുന്നോട്ടു നടക്കുവാന്‍. നമ്മുടെ രാഷ്ട്രശില്പികളും ഭരണഘടനാനിര്‍മ്മാണ സഭയും മുന്നോട്ടുവച്ച ദര്‍ശനവും അതുതന്നെയാണ്. എന്നിരുന്നാലും അധികാര വിഭജനത്തിന്റെ അതിരുകള്‍ തൊടുമ്പോള്‍, കോടതികള്‍ സസൂഷ്മമായ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ കേവലം ഔപചാരികത മാത്രമല്ല, സുസ്ഥിരമായ ജനാധിപത്യ ഭരണ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ അടിത്തറയാണ്. അനുച്ഛേദം145(3) കോടതിയുടെ വിശ്വാസത്തെയും, നിയമ വൈജ്ഞാനികതയുടെ സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ്. ഭാവിയില്‍, ഗവര്‍ണര്‍ സമയപരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉണ്ടാവുമ്പോള്‍ ഈ വിഷയവും ചര്‍ച്ചയാവുക തന്നെ ചെയ്യും.

Content Highlights: Supreme Court's judicial overreach? Vice President joins experts with fierce criticism

To advertise here,contact us