നാഷണല് ഹെറാള്ഡ് കേസും അതുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതിയാരോപണങ്ങളും കേരളത്തിലെ പൊതുചര്ച്ചകളില് ഇപ്പോഴും കാര്യമായി ഇടം നേടിയിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്ക്കാര് അവരുടെ കീഴിലുള്ള അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കള്ക്കെതിരെ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് ഈ കേസ് എന്നതാണ് കോണ്ഗ്രസ് ഉയര്ത്തുന്ന മുഖ്യ പ്രതിരോധം. ഡിഎംകെയും സിപിഐ (എം) ഉം ഉള്പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഈ നിലപാടിനെ പിന്തുണയ്ക്കുന്നു.
സോണിയ ഗാന്ധി, രാഹുല് ഗാന്ധി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി 2012ലാണ് ഈ കേസിന് തുടക്കമിട്ടത്. അന്ന് രാജ്യം ഭരിക്കുന്നത് കോണ്ഗ്രസാണ്, പ്രധാനമന്ത്രി കസേരയില് മന്മോഹന് സിങ്ങും. അതിനാല് തന്നെ, കോണ്ഗ്രസിനെതിരായ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് ഈ കേസ് എന്ന ഇരവാദം അത്രയ്ക്കങ്ങ് ദഹിക്കുന്നതല്ല. കാരണം, 2009-2014 ലെ രണ്ടാം യുപിഎ സര്ക്കാരിനെ കോണ്ഗ്രസ് നയിക്കുന്ന വേളയിലാണ് ഈ കേസില് ആരോപിക്കപ്പെട്ടിട്ടുള്ള അഴിമതി, ക്രിമിനല് വിശ്വാസ ലംഘനം, തട്ടിപ്പ്, ഫണ്ടുകളുടെ ദുരുപയോഗം എന്നീ കുറ്റങ്ങളെല്ലാം നടന്നിട്ടുള്ളത്. ഡല്ഹി മെട്രൊപൊളിറ്റന് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ആദ്യ കേസ് 2014ല് പരിഗണിച്ചത്. പിന്നീട് ഡല്ഹി ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും എത്തിയ ശേഷമാണ് 2018-ല് ഇഡി കൂടി ഈ കേസിലേക്ക് വരുന്നത്.
പണ്ഡിറ്റ് ജവഹര്ലാല് നെഹ്റു 1938 ല് സ്വാതന്ത്ര്യ സമരസേനാനികളായ 5000 കോണ്ഗ്രസ് പ്രവര്ത്തകരെ ഓഹരിയുടമകളാക്കി അസോസിയേറ്റഡ് ജേണല്സ് ലിമിറ്റഡ് (എജെഎല്) എന്ന പേരില് ഒരു മാധ്യമ കമ്പനി ആരംഭിച്ചു. ഇംഗ്ളീഷില് നാഷണല് ഹെറാള്ഡ്, ഉറുദുവില് ക്വാമി ആവാസ്, ഹിന്ദിയില് നവജീവന് എന്നിങ്ങനെ മൂന്ന് ദിനപത്രങ്ങളും എജെഎല്ലിന്റെ കീഴില് നല്ല നിലയില് കുതിപ്പോടെ പ്രവര്ത്തിച്ചു, കഴിഞ്ഞ നൂറ്റാണ്ടിന്റെ മുക്കാല് ഭാഗം വരെ. ആ കുതിപ്പ് പക്ഷേ പിന്നീട് കിതപ്പായി, ഒടുക്കം തലതല്ലി കിടപ്പുമായി. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്, 2008 ആയപ്പോഴേയ്ക്കും എജെഎല് എന്ന കമ്പനി അടച്ച് താഴിട്ട് പൂട്ടി. സ്ഥാപനം പൂട്ടിയെങ്കിലും അപ്പോളും കോണ്ഗ്രസ് പാര്ട്ടിയുടെ ഉടമാവകാശത്തിന്കീഴിലായിരുന്നു എജെഎല് കമ്പനി.
പിന്നീടാണ് ചില ട്വിസ്റ്റുകള് സംഭവിക്കുന്നത്. 2010 ല് യങ് ഇന്ത്യന് ലിമിറ്റഡ് (YIL) എന്ന പേരില് കോണ്ഗ്രസ് പുതിയൊരു കമ്പനി രജിസ്റ്റര് ചെയ്യുന്നു. അന്നത്തെ കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മകനും അന്ന് കോണ്ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല് ഗാന്ധി, കോണ്ഗ്രസ് ട്രഷറര് മോത്തിലാല് വോറ, വര്ക്കിങ് കമ്മിറ്റി മെമ്പര് ഓസ്കര് ഫെര്ണാണ്ടസ് എന്നിവരായിരുന്നു യങ് ഇന്ത്യന്റെ ഡയറക്റ്റര്മാര്. കമ്പനിയില് സോണിയ, രാഹുല് എന്നിവര്ക്ക് 38% വീതവും വോറയ്ക്കും ഓസ്കറിനും 12% വീതവുമാണ് ഓഹരികള് ഉണ്ടായിരുന്നത്. കടം കേറി പൂട്ടിപ്പോയ അസോസിയേറ്റഡ് ജേണല്സ് ലിമിറ്റഡ് പുനരുദ്ധരിക്കുന്നതിന് 2010-ല് കോണ്ഗ്രസ് ഹൈക്കമാന്ഡ് (AICC ) 90.21 കോടി രൂപ കമ്പനിക്ക് വായ്പ നല്കി. കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധിയും മൂലം പ്രവര്ത്തനം നിലച്ച അസോസിയേറ്റഡ് ജേണല്സ് ലിമിറ്റഡിനെ തിരികെ കൊണ്ടുവരുന്നതിനും നാഷണല് ഹെറാള്ഡ്, ക്വാമി ആവാസ്, നവജീവന് എന്നീ പത്രങ്ങള് ഓണ്ലൈന് എഡിഷനായെങ്കിലും പുനഃപ്രസിദ്ധീകരിക്കുന്നതിനുമാണ് കോണ്ഗ്രസ് 90.21 കോടി രൂപ എജെഎല്ലിന് വായ്പ നല്കിയത്. പണം കൈപ്പറ്റിയെങ്കിലും എജെഎല് എന്ന, നെഹ്റു തുടങ്ങിയ കമ്പനി പുനരുദ്ധരിക്കപ്പെട്ടില്ല. നാഷണല് ഹെറാള്ഡും മറ്റ് രണ്ട് പത്രങ്ങളും ഓണ്ലൈനായിപ്പോലും പിന്നീട് ഇറങ്ങിയതുമില്ല. പകരം മറ്റ് ചില ഗൂഢപദ്ധതികളാണ് ഈ ഇടപാടിന്റെ മറവില് തൊട്ടടുത്ത വര്ഷം അരങ്ങേറിയത്.
കോണ്ഗ്രസ് പാര്ട്ടി എജെഎല്ലിന് 90.21 കോടി രൂപ നല്കുമ്പോള് ഡല്ഹി, മുംബൈ, ലഖ്നൗ തുടങ്ങിയ പ്രദേശങ്ങളില് 2000 കോടിയില്പ്പരം രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും പുരയിടങ്ങളും എജെഎല്ലിന് സ്വന്തം പേരില് ഉണ്ടായിരുന്നു. ഇതിലേതെങ്കിലും ഒരു തുണ്ട് ഭൂമി വിറ്റ്,കോണ്ഗ്രസ് തങ്ങള്ക്ക് വായ്പ നല്കിയ 90.21 കോടി രൂപ അതിന്റെ പലിശ ഉള്പ്പെടെ എജെഎല്ലിന് അനായാസം അടച്ച് തീര്ക്കാവുന്നതേ ഉള്ളൂ.എന്നാല് അത് ചെയ്യാതെ ഇക്കാര്യത്തില് മറ്റൊരു അതിബുദ്ധി കാണിക്കുകയാണ് അവര് ചെയ്തത്. തങ്ങള്ക്ക് ലഭിച്ച 90.21 കോടി രൂപ തിരിച്ചടയ്ക്കുന്നതിന് പകരം ഈ തുകയെ 9.02 കോടി രൂപയ്ക്കുള്ള ഷെയറുകളായി ആദ്യം കണ്വെര്ട്ട് ചെയ്തു. തുടര്ന്നിതിനെ കോണ്ഗ്രസ് പാര്ട്ടിക്ക് എജെഎല് കമ്പിനിയിലുള്ള ഷെയറുകളാക്കി മാറ്റി. അത്യന്തം കൗശലത്തോടെയാണ്, ചുമതലപ്പെട്ടവര് ഇതാവിഷ്ക്കരിച്ചത്.
സാധാരണ നിലയില് ഇങ്ങനെ ചെയ്യാന് പറ്റില്ല. അതുകൊണ്ട് അതിനൊരു നൂതന സങ്കേതം രൂപപ്പെടുത്തി. ഡെറ്റ് -ടു-ഇക്വിറ്റി കണ്വേര്ഷന് (Debt to Equity Conversion) എന്നതിലൂടെയാണ് ഈ അതിബുദ്ധി പ്രയോഗവല്ക്കരിച്ചത്. കോണ്ഗ്രസ് പാര്ട്ടി നല്കിയ 90.21 കോടി രൂപയുടെ വായ്പ ആദ്യം എജെഎല്ലില് കോണ്ഗ്രസ് പാര്ട്ടിക്കുള്ള ഓഹരികളാക്കി മാറ്റി. അതിന് ശേഷം ഈ ഓഹരികളുടെ മൂല്യം 9.02 കോടി രൂപയായി നിശ്ചയിച്ചു. നാഷണല് ഹെറാള്ഡ് കേസില് ആരോപിപ്പിക്കപ്പെടുന്ന അഴിമതി പ്രധാനമായും തുടങ്ങുന്നത് ഇവിടം മുതലാണ്. എജെഎല്ലിന് കോണ്ഗ്രസ് 90.21 കോടി രൂപയാണ് വായ്പ നല്കിയത്. ഈ വായ്പാത്തുകയെ ഡെറ്റ്-ടു-ഇക്വിറ്റി കണ്വേര്ഷനിലൂടെ 9.02 കോടി രൂപയാക്കി നിശ്ചയിച്ചപ്പോള് 90 കോടിയുടെ ബാധ്യത 9 കോടി എന്ന ഫിഗറിലേക്ക് അവിശ്വസനീയമായി കൂപ്പുകുത്തിയതെങ്ങനെ? ഇത്തരത്തിലൊരു വന് ഇടിവ് എങ്ങനെ സംഭവിച്ചു? യഥാര്ത്ഥത്തില് എത്ര രൂപയുടെ ഓഹരികള് നല്കേണ്ടിയിരുന്നു? തീരെ കുറഞ്ഞ മൂല്യത്തിന് കൈമാറ്റം നടന്നതെങ്ങനെ? ചോദ്യങ്ങള് അനവധിയാണ്. ഏതായാലും ഇതിലൂടെ എജെഎല്, കോണ്ഗ്രസ് പാര്ട്ടിക്ക് നല്കാനുള്ള കടബാധ്യത നിശ്ശേഷം ഇല്ലാതായി. അതേസമയം, എജെഎല്ലില് കോണ്ഗ്രസിന് ഓഹരി പങ്കാളിത്തം കിട്ടുകയും ചെയ്തു. കോണ്ഗ്രസ് നയിക്കുന്ന സര്ക്കാരാണ് അന്ന് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് കേന്ദ്ര കമ്പനി കാര്യ വകുപ്പിന്റെ പൂര്ണ പിന്തുണയോടെ ഇതൊക്കെ ചെയ്യാന് സാധിച്ചത്.
ഇക്കാര്യങ്ങളൊക്കെ അരങ്ങേറുമ്പോള് തന്നെ അണിയറയില് അതിന് തലേവര്ഷം മറ്റൊരു കമ്പനി ഉണ്ടാക്കപ്പെട്ടിരുന്നു. 2010 നവംബര് 23ന് നിലവില് വന്ന ആ കമ്പനിയുടെ പേര് യങ് ഇന്ത്യന് ലിമിറ്റഡ് എന്നാണ്. നാഷണല് ഹെറാള്ഡ് കേസിലെ അഴിമതിയുടെ അടുത്ത ഭാഗം യങ് ഇന്ത്യന് വഴിയാണ് നടപ്പാക്കപ്പെട്ടത്.
യങ് ഇന്ത്യന് എജെഎല്ലിന്റെ ഉടമസ്ഥാവകാശവും അതിലെ കോണ്ഗ്രസിന്റെ ഷെയറുകളും കൈമാറ്റം ചെയ്തത് 2011 ലാണ്. നവംബര് 23, 2010-നാണ് യങ് ഇന്ത്യന് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കപ്പെട്ടത്. ഡിസംബര് 2010ന് യങ് ഇന്ത്യന്, എജെഎല്ലിന്റെ 99% ഓഹരികളും ഏറ്റെടുത്തു. ഇതിലൂടെ എജെഎല്ലിന്റെ ഉടമസ്ഥാവകാശം യങ് ഇന്ത്യന് ലഭിച്ചു. എജെഎല്, കോണ്ഗ്രസ് പാര്ട്ടിക്ക് നല്കേണ്ടിയിരുന്ന 90 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി, 9 കോടി ഓഹരികള് യങ് ഇന്ത്യന് കൈമാറാന്, 2011 ഫെബ്രുവരി 26നാണ് തീരുമാനിച്ചത്. എജെഎല്ലിന്റെ വായ്പാ ബാധ്യത അതോടെ ഒഴിഞ്ഞു.
മാര്ച്ച് 1, 2011 ന് 90.21 കോടി രൂപയുടെ വായ്പാ ബാധ്യത ഡെറ്റ് -ടു-ഇക്വിറ്റി കണ്വേര്ഷനിലൂടെ 9.02 കോടി രൂപയായി കുറച്ച് നിശ്ചയിച്ചത് സോണിയ - രാഹുല് ഗാന്ധിമാര്ക്ക് 76% ഷെയറുള്ള യങ്ങ് ഇന്ത്യന് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു എന്ന് ഇതിലൂടെ കൂടുതല് വ്യക്തമായി. 90 കോടി രൂപ യുടെ വായ്പ കുടിശ്ശിക വെറും 9 കോടി രൂപയുടെ ഓഹരികളാക്കി ചുരുക്കുന്ന ജാലവിദ്യ. കോണ്ഗ്രസ് പാര്ട്ടിയുടെ ഉടമസ്ഥതയിലേക്ക് വന്നു ചേര്ന്ന പ്രസ്തുത ഓഹരികള് മുഴുവനും സോണിയക്കും രാഹുലിനും 76% ഉടമാവകാശമുള്ള യങ് ഇന്ത്യന് എന്ന കമ്പനിയിലേക്ക്, ഒരു നയാ പൈസ പോലും വിലയായി വാങ്ങാതെ കോണ്ഗ്രസ് ഹൈക്കമാന്ഡ് രേഖാമൂലം കൈമാറ്റം നടത്തുന്ന മഹാജാലമാണ് പിന്നിട് നടന്നത്. ഈ ഇടപാടിനുള്ള നോക്ക് കൂലിയായി 50 ലക്ഷം രൂപ 2011 മാര്ച്ച് 1-ന് യങ് ഇന്ത്യന് കമ്പനി, ഇന്ഡ്യന് നാഷണല് കോണ്ഗ്രസ് എന്ന ഗ്രാന്ഡ് ഓള്ഡ് പാര്ട്ടിക്ക് നല്കുകയും ചെയ്തു. ഈ ഇടപാടുകളിലൂടെ എജെഎല്ലിന്റെ ഉടമസ്ഥാവകാശവും അതിലെ ഭൂരിഭാഗം ഷെയറുകളും യങ്ങ് ഇന്ത്യന് പ്രൈവറ്റ് ലിമിറ്റഡിന്റെ അധീനതയിലും നിയന്ത്രണത്തിലുമായി. ഈ കൈമാറ്റത്തിലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇപ്പോള് കള്ളപ്പണം വെളുപ്പിക്കല് ആരോപണവുമായി കളം കൊഴുപ്പിക്കുന്നത്. പിഎംഎല്എ കേസുകള് ഡല്ഹിയില് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിലാണ് 2021ല് ഇഡി ഈ വിഷയത്തില് രജിസ്റ്റര് ചെയ്ത കേസ് ഇനിയതിന്റെ തുടര് നടപടികളിലേക്ക് കടക്കുക.
നാഷണല് ഹെറാള്ഡ് കേസില് സോണിയയ്ക്കും രാഹുലിനുമെതിരെ ഇന്കം ടാക്സ് ഡിപ്പാര്ട്ട്മെന്റും അന്വേഷണങ്ങള് നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല് ഗാന്ധി എന്നിവരുടെ 2011-12 കാലത്തെ ആദായനികുതി രേഖകള് പുന:പരിശോധിക്കാന് കേന്ദ്ര സര്ക്കാര് 2018 ഏപ്രിലിലാണ് ആദായ നികുതി വകുപ്പിന് അനുമതി നല്കിയത്. ഈ അനുമതിക്കെതിരെ സോണിയയും രാഹുലും ഡല്ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, 2018 സെപ്റ്റംബര് 10 ന് ഡല്ഹി ഹൈക്കോടതി ഗാന്ധിമാരുടെ ഹര്ജി തള്ളുകയും, ആദായ നികുതി വകുപ്പിന് സോണിയ, രാഹുല് ഗാന്ധിമാരുടെ 2011-12 വര്ഷത്തെ ആദായനികുതി രേഖകള് പുന:പരിശോധിക്കാന് അനുമതി നല്കുകയുമുണ്ടായി. ഇതിനെതിരെ ഇന്കം ടാക്സ് ഇന്ററിം സെറ്റില്മെന്റ് ബോര്ഡ് മുമ്പാകെ സോണിയയും രാഹുലും അപ്പീല് നല്കിയിട്ടുണ്ട് എന്നാണറിയുന്നത്. നാഷണല് ഹെറാള്ഡ് കേസില് വാദി സുബ്രഹ്മണ്യന് സ്വാമിയാണ്. കേസിലെ പ്രതികള് സോണിയ ഗാന്ധി, രാഹുല് ഗാന്ധി, ഗാന്ധി കുടുംബവുമായി ബന്ധമുള്ള മാധ്യമ പ്രവര്ത്തകന് സുമന് ദുബെ, ഓവര്സീസ് കോണ്ഗ്രസിന്റെ തലവന് സാം പിത്രോഡ, യങ് ഇന്ത്യന് പ്രൈവറ്റ് ലിമിറ്റഡ്, ഡോട്ടെക്സ് മെര്ക്കന്ഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, ഡോട്ടെക്സ് ഉടമ സുനില് ഭണ്ഡാരി എന്നിവരാണ്.
ഈ കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്ഹി പിഎംഎല്എ കോടതിയില് ഇപ്പോള് കുറ്റപത്രം സമര്പ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമത്തിലെ (പിഎംഎല്എ) വിവിധ വകുപ്പുകള് ചുമത്തി സമര്പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങള് ഇവയാണ്;
യങ് ഇന്ത്യന് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, നാഷണല് ഹെറാള്ഡ് പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണല്സ് ലിമിറ്റഡിന്റെ (എജെഎല്) 2000 കോടി രൂപ വിലമതിക്കുന്ന ആസ്തികള് വെറും 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഇതില് സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കും 38 ശതമാനം വീതം ഓഹരിയുണ്ട്.
കോണ്ഗ്രസ് പാര്ട്ടി എജെഎല്ലിന് നല്കിയ 90.21 കോടി രൂപയുടെ വായ്പ 9.02 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളാക്കി മാറ്റി. ഈ ഷെയറുകള് പിന്നീട് യങ് ഇന്ത്യന് തുച്ഛമായ വിലയ്ക്ക് കൈമാറി.ഇതിലൂടെ സോണിയ ഗാന്ധിയും രാഹുല് ഗാന്ധിയും എജെഎല്ലിന്റെ ആസ്തികളുടെ ഗുണഭോക്താക്കളായി മാറി. യങ്ങ് ഇന്ത്യന് 'ലാഭരഹിത' (നോണ് പ്രോഫിറ്റ്) കമ്പനിയായാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്, പക്ഷേ ലാഭ രഹിത കമ്പനികള് ചെയ്യുന്ന യാതൊരു വിധ ചാരിറ്റബിള് പ്രവര്ത്തനവും ഈ കമ്പനി നടത്തിയിട്ടില്ല.
യങ് ഇന്ത്യന് വ്യാജ സംഭാവനകളിലൂടെയും മുന്കൂര് വാടകയിലൂടെയും വ്യാജ പരസ്യ വരുമാനത്തിലൂടെയും കോടിക്കണക്കിന് രൂപയുടെ 'കള്ളപ്പണം' നേടിയതായി ഇ ഡി പറയുന്നു. ഈ കേസില് സോണിയ ഗാന്ധിയും രാഹുല് ഗാന്ധിയും ഉള്പ്പെടെയുള്ള പ്രതികള്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കണമെന്നും ശിക്ഷ നല്കണമെന്നുമാണ് ഇഡിയുടെ ആവശ്യം. ഏപ്രില് 25ന് കോടതി കേസ് പരിഗണിക്കും.
Content Highlights: Opinion On National Herald Case