ചരിത്രപണ്ഡിതനായ എംജിഎസ് നാരായണൻ വിടപറയുമ്പോൾ യോജിപ്പുകളും വിയോജിപ്പുകളും ജനാധിപത്യപരമായി സംവദിക്കാൻ കഴിഞ്ഞിരുന്നൊരു വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം അനുസ്മരിക്കപ്പെടേണ്ടത്. വിയോജിക്കേണ്ടവയോട് കാര്യകാരണം പറഞ്ഞ് വിയോജിക്കാനും യോജിക്കേണ്ടവയോട് അതേനിലയിൽ യോജിക്കാനും അത് പരസ്യമായി പ്രകടിപ്പിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. ചരിത്രകാരൻ എംജിഎസ് നാരായണനുമായി 2017ൽ കലാകൗമുദി വാരികയ്ക്ക് വേണ്ടി ഒരു അഭിമുഖം നടത്താൻ അവസരമുണ്ടായി. വർത്തമാനകാല രാഷ്ട്രീയ വിഷയങ്ങളോട് എംജിഎസ് പ്രതികരിച്ച ആ അഭിമുഖത്തിൽ ഏറ്റവും സവിശേഷമായി തോന്നിയത് നിലപാട് പറയാൻ മടിക്കാത്ത അദ്ദേഹത്തിൻ്റെ കൂസലില്ലായ്മ തന്നെയായിരുന്നു.
ഇഎംഎസിൻ്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഓർമ്മയായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഇന്നും പുനർവായിക്കാൻ തോന്നുന്നത്. ഇഎംഎസ് വിമർശനങ്ങളുടെ പേരിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി വിലയിരുത്തപ്പെട്ടിരുന്ന എംജിഎസ് നാരായണൻ അന്ന് പങ്കുവെച്ച ഇഎംഎസ് ഓർമ്മ അതിനാൽ തന്നെ സവിശേഷമായ കൗതുകത്തോടെയായിരുന്നു കേട്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കും ഐക്യകേരള രൂപീകരണത്തിനും ഇടയില് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരിക്കുന്ന കാലഘട്ടത്തിലെ അനുഭവമായിരുന്നു എംജിഎസ് അന്ന് ഓർമ്മിച്ചെടുത്തത്.
അന്ന് എംജിഎസ് നാരായണൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എം എയ്ക്ക് പഠിക്കുകയാണ്. പരപ്പനങ്ങാടിയിലെ പ്രമാണിമാരായ കോയക്കുഞ്ഞി നഹ എംജിഎസിൻ്റെയും സുഹൃത്താണ്. അന്ന് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റാണ് കോയക്കുഞ്ഞി. കോയക്കുഞ്ഞി നഹയുടെ ആൾപ്പാർപ്പില്ലാതെ കിടക്കുന്ന, ഭാർഗ്ഗവി നിലയമെന്ന് എംജിഎസെല്ലാം വിളിച്ചിരുന്ന ഒരു കെട്ടിടമുണ്ടായിരുന്നു. പാർട്ടി നിരോധിച്ചിരുന്ന അക്കാലത്ത് കുറച്ച് കാലം ഇഎംഎസ് അവിടെ ഒളിവിൽ കഴിഞ്ഞിരുന്നു. എംജിഎസിനെയും സുഹൃത്തുക്കളെയുമെല്ലാം അവിടേയ്ക്ക് സ്റ്റഡിക്ലാസിനായി കോയക്കുഞ്ഞി നഹ ക്ഷണിച്ചു കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. രാത്രി 12 മണിയാകുമ്പോൾ തട്ടിൻപുറത്തു നിന്നും ക്ലാസ് എടുക്കാനായി ഇഎംഎസ് ഇറങ്ങിവരും. അന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിവിൽ കഴിയുന്ന ഷെൽട്ടർ ഇടയ്ക്കിടയ്ക്ക് മാറുന്ന പതിവുണ്ട്.
കോയക്കുഞ്ഞി നഹയുടെ കെട്ടിടത്തിലെ ഷെൽട്ടറിൽ നിന്ന് ഇഎംഎസിന് ഒരു പുലയക്കുടിലിലേക്കാണ് അടുത്തതായി പോകേണ്ടിയിരുന്നത്. അന്ന് ഇംഎംഎസിനെ ഷെൽട്ടറിലേയ്ക്ക് വഴികാണിക്കാൻ നിശ്ചയിച്ചിരിക്കുന്ന ആൾക്ക് എത്തിച്ചേരാൻ സാധിച്ചില്ല. അങ്ങനെയാണ് ഇംഎംഎസിന് പുലയക്കുടിലിലേക്ക് ഒന്നു വഴികാണിച്ചു കൊടുത്തുകൂടെയെന്ന് കോയക്കുഞ്ഞി എംജിഎസിനോട് ചോദിക്കുന്നത്. എംജിഎസിന് പരിചയമുള്ള പുലയകുടുംബമാണത്. അങ്ങനെ ഇംഎംഎസിനെ കോയക്കുഞ്ഞിയുടെ ഷെൽട്ടറിൽ നിന്നും അടുത്ത ഒളിവു കേന്ദ്രമായ പുലയ 'ചാള'യിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയത് എംജിഎസായിരുന്നു. ഇഎംഎസിനെപ്പോലെ പ്രമുഖനായ ഒരു നേതാവിൻ്റെ ഒളിവ് ജീവിതം കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന അക്കാലത്ത് വളരെ രഹസ്യമായി കൈകാര്യം ചെയ്യപ്പെട്ടിരുന്ന ഒന്നായിരിക്കുമെന്ന് തീർച്ചയാണ്. അത്തരമൊരു കാലത്ത് ഇഎംഎസിനെ ഒരു ഒളിവ് കേന്ദ്രത്തിൽ നിന്നും മറ്റൊരു ഒളിവ് കേന്ദ്രത്തിലേയ്ക്ക് എംജിഎസ് കൂട്ടിക്കൊണ്ട് പോയി എന്നത് വലിയ അതിശയത്തോടെയാണ് കേട്ടിരുന്നത്.
പിന്നീടൊരിക്കൽ ഇഎംഎസിനെ എംജിഎസിൻ്റെ പരപ്പനങ്ങാടിയിലെ തറവാട് വീടിനോട് ചേർന്ന പുത്തൻപുരയെന്ന വീട്ടിൽ ഒളിവിലിരുത്തിയ സംഭവവും എംജിഎസ് പറഞ്ഞു. അന്ന് എംജിഎസിൻ്റെ തറവാട് വീട്ടിൽ പ്രായമായ മുത്തശ്ശിമാർ ഒന്നിലേറെ പേർ ഉണ്ടായിരുന്നു. അന്നെല്ലാം എംജിഎസിൻ്റെ വ്യത്യസ്തമതസ്ഥരായ സുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ട്. വരുന്ന സുഹൃത്തുക്കളോട് ജാതി ചോദിക്കുന്ന പതിവ് പഴമക്കാരായ മുത്തശ്ശിമാർക്കുണ്ടായിരുന്നു. അതിനാൽ തന്നെ സുഹൃത്തുക്കൾ വന്നാൽ എംജിഎസ് സുഹൃത്തുക്കൾക്കൊപ്പം തറവാട് വീടിനോട് ചേർന്ന പുത്തൻ പുരയിലാണ് തമ്പടിക്കുക. ആ സമയം ഭക്ഷണമെല്ലാം തറവാട്ടിൽ നിന്ന് പുത്തൻ പുരയിലേക്ക് കൊണ്ടുവരികയാണ് പതിവ്.
ഒന്നോ രണ്ടോ ആഴ്ച എംജിഎസിൻ്റെ തറവാടിനോട് ചേർന്നുള്ള പുത്തൻപുരയിൽ ഇഎംഎസ് ഒളിവിൽ താമസിച്ചിട്ടുണ്ട്. ഇഎംഎസിനുള്ള ഭക്ഷണമെല്ലാം പുത്തൻപുരയിലേക്ക് കൊണ്ടുവരുന്നതാണ് രീതി. അതിനാൽ തന്നെ അവിടെ ആരാ എന്താ താമസിക്കുന്നതെന്ന് വീട്ടിൽ ആരും തിരക്കാറില്ലായിരുന്നുവെന്ന് എംജിഎസ് ഓർമ്മിച്ചെടുത്തു. എംജിഎസും അമ്മാവൻ ഗംഗാധരനുമെല്ലാം അന്ന് പുത്തൻപുരയിൽ തന്നെയായിരുന്നു താമസം. എല്ലാവരെയും ഒരുപോലെ കാണുന്ന സ്വഭാവം അന്നും ഇ.എം.എസിന് ഉണ്ടായിരുന്നുവെന്നും എംജിഎസ് അനുസ്മരിച്ചു. അന്ന് തീരെ ചെറുപ്പക്കാരായിരുന്ന തങ്ങളോടെല്ലാം തർക്കിക്കാൻ ഇഎംഎസ് മടികാണിച്ചിരുന്നില്ലെന്ന് ചെറുചിരിയോടെയാണ് എംജിഎസ് ഓർമ്മിച്ചെടുത്തത്. തിരിച്ച് ഇംഎസിനെയും വിമർശിക്കാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും എംജിഎസ് അനുസ്മരിച്ചു.
ഒളിവിലായിരുന്നെങ്കിലും സിനിമ കാണുകയെന്നത് അന്ന് ഇഎംഎസിൻ്റെ ഒരു ദൗർബല്യമായിരുന്നു. പരപ്പനങ്ങാടിയിൽ അന്ന് സിനിമാ തീയറ്ററൊന്നുമില്ല. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് ടൂറിങ്ങ് ടാക്കീസ് ടെന്റടിച്ച് സിനിമ പ്രദർശനം നടത്തിയിരുന്നു. സിനിമയ്ക്ക് പോകണമെന്ന് മാത്രമല്ല 'തറടിക്കറ്റ്' എടുത്ത് നിലത്തിരുന്ന് സിനിമ കാണുക ചൂളം വിളിക്കുക കൂക്കുകയെന്നതെല്ലാം ഇഎംഎസിൻ്റെ രീതിയായിരുന്നുവെന്നും എംജിഎസ് ഓർമ്മിച്ചെടുത്തു. നമ്മുടെ വീട്ടിലല്ലെ താമസിക്കുന്നത്. അദ്ദേഹത്തെ ആരെങ്കിലും തിരിച്ചറിഞ്ഞുപോയാൽ നമ്മളും കൂടെ കുടുങ്ങില്ലെ എന്ന് പേടിച്ച് സിനിമയ്ക്ക് പോകുന്നതിൽ നിന്നും എംജിഎസ് ഇഎംഎസിനെ തടയുമായിരുന്നു. 'എന്നെയൊക്കെ ആരെങ്കിലും ഒറ്റിക്കൊടുക്കുമോ തിരിച്ചറിഞ്ഞാൽ തന്നെ പൊലീസിനൊന്നും പിടിച്ചു കൊടുക്കില്ല' എന്നെല്ലാം പറഞ്ഞ് അദ്ദേഹം സിനിമയ്ക്ക് പോകുമായിരുന്നുവെന്ന് ചെറുചിരിയോടെ എംജിഎസ് പറഞ്ഞപ്പോൾ വൈരുദ്ധ്യങ്ങളുടെ ചരിത്രവായനയായി അത് തോന്നി. ഐക്യ കേരള രൂപീകരണത്തിന് മുമ്പ് പൊലീസ് വേട്ടയാടിയ കാലത്ത് ഇഎംഎസിനെ ഒളിവിൽ പാർപ്പിക്കാൻ ധൈര്യം കാണിച്ച എംജിഎസ് നാരായണനാണ് പിന്നീട് കമ്മ്യൂണിസ്റ്റ് വിരുദ്ധനും സംഘപരിവാർ അനുകൂലിയുമായി ചിത്രീകരിക്കപ്പെട്ടതെന്ന വൈരുദ്ധ്യമായിരുന്നു അതിശയകരമായി തോന്നിയത്.
സംഘപരിവാർ സഹയാത്രികനെന്ന വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'ഞാൻ ഒരിക്കലും സംഘപരിവാറിനൊപ്പം അനുയാത്ര ചെയ്തൊരു ചരിത്രകാരനല്ല. എന്റെ ശത്രുക്കൾ എനിക്ക് ബോധപൂർവ്വം ചാർത്തി തന്നൊരു വിശേഷണമായിരുന്നു അത്' എന്നുമായിരുന്നു എംജിഎസിൻ്റെ പ്രതികരണം. മോദികാലത്തെ ഹിന്ദുത്വ പ്രത്യശശാസ്ത്രത്തിൻ്റെ രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പ് പരോക്ഷമായി പ്രകടിപ്പാക്കാനും എംജിഎസ് ആ അഭിമുഖത്തിൽ മടിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളുമെല്ലാം ചരിത്രമായി മാറുന്നത് ബോധപൂർവ്വമല്ലെ എന്ന ചോദ്യത്തോട് ഒരു ചരിത്രപണ്ഡിതനെന്ന തൻ്റെ സ്വീകാര്യതയോടെ നൂറ് ശതമാനം നീതി പുലർത്തിയായിരുന്നു എംജിഎസിൻ്റെ മറുപടി. ശാസ്ത്ര കോൺഗ്രസിൽ ഗണപതിയുടെ തുമ്പിക്കൈ ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെന്ന് പറയൂന്നതെല്ലാം എന്തൊരു വിഡ്ഡിത്തമാണ് എന്നായിരുന്നു എംജിഎസ് ചോദിച്ചത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അങ്ങനെയെല്ലാം പറഞ്ഞു എന്നത് തന്നെ ആലോചിക്കാൻ കഴിയുന്നില്ല. പുഷ്പക വിമാനം ആദ്യത്തെ വിമാനമായിരുന്നു എന്നെല്ലാം പറയുന്നതിന്റെ ശാസ്ത്രീയ പിൻബലമെന്താണെന്ന് ചോദിക്കാനും എംജിഎസ് മടിച്ചില്ല. രാമായണം ചരിത്രഗ്രന്ഥമായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട് എന്ന് തുറന്ന് പറയാൻ എംജിഎസ് തയ്യാറായി. ശ്രീരാമനെ സഹായിക്കാൻ നടക്കുന്ന, നന്നായി സംസാരിക്കുന്ന വാലുള്ള വാനരസൈന്യം അങ്ങനെയൊക്കെ ഏത് ചരിത്രത്തിലാണ് കാണാൻ സാധിക്കുക എന്നായിരുന്നു പുരാണത്തെ ചരിത്രമായി കാണുന്ന ചരിത്രവിരുദ്ധതയോട് ചരിത്രകാരനായ എംജിഎസിൻ്റെ ചരിത്രപരമായ ചോദ്യം. അതൊക്കെ നമുക്ക് അറിയാവുന്ന വസ്തുതൾക്ക് എതിരല്ലെ. ശ്രീലങ്കയിലെ രാക്ഷസൻമാർ, തെക്കേ ഇന്ത്യയിലെ വാനരൻമാർ, വടക്കോട്ടേയ്ക്ക് ഉത്തമരായ നല്ല മനുഷ്യർ അതൊക്കെ വെറും സങ്കൽപ്പം മാത്രമല്ലെ എന്ന യുക്തിപരമായ ചോദ്യവും എംജിഎസ് മുന്നോട്ടു വെച്ചിരുന്നു. നമ്മളൊക്കെ രാമായണം ആദ്യകാവ്യമെന്ന നിലയിലാണ് മനസ്സിലാക്കിയത്. ഇപ്പോഴാണ് രാമായണത്തെ ചരിത്രമായി കാണാനുള്ള ശ്രമം നടക്കുന്നത്. നമ്മൾ പഠിച്ചതാണ് ശരി. ആദികവി വാത്മീകി, ആദികാവ്യം രാമായണം എന്ന് അസന്നിഗ്ധമായി എംജിഎസ് വ്യക്തമാക്കുമ്പോൾ 'ഞാൻ ഒരിക്കലും സംഘപരിവാറിനൊപ്പം അനുയാത്ര ചെയ്തൊരു ചരിത്രകാരനല്ലെന്ന' അദ്ദേഹത്തിൻ്റെ നിലപാടിനെക്കൂടിയാണ് എംജിഎസ് അടിവരയിട്ടത്.
ഗൗരിലങ്കേഷിൻ്റെ കൊലപാതകത്തോടും ആ അഭിമുഖത്തിൽ എംജിഎസ് പ്രതികരിച്ചിരുന്നു. 'ഗൗരി ലങ്കേഷിൻ്റെ കൊലപാതകം ക്രൂരതയാണ്' എന്നായിരുന്നു എംജിഎസിൻ്റെ പ്രതികരണം. അഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ കൊന്നൊടുക്കുന്ന നിലപാട് ശരിയല്ല എന്ന് അഭിപ്രായപ്പെട്ട എംജിഎസ് തൻ്റെ ആശയമല്ല മറ്റൊരാൾ പറയുന്നതെന്ന് പറഞ്ഞ് കൊന്നൊടുക്കാൻ തുടങ്ങിയാൽ നമുക്ക് എവിടെ യാണ് സ്വാതന്ത്ര്യം കിട്ടിയതെന്നും ചോദിച്ചു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെട്ടാൽ നമ്മൾ കൂടുതൽ അടിമത്വത്തിലേയ്ക്ക് പോകുകയല്ലേയുള്ളു. ഇത്തരത്തിലുള്ള അസഹിഷ്ണുത നമ്മളെ മുന്നോട്ട് നയിക്കുകയില്ല മറിച്ച് പിന്നാക്കം വലിയ്ക്കുകയേയുള്ളു. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുന്നതിന്റെയും അക്രമിക്കുന്നതിൻ്റെയും ഈ ട്രെൻഡ് ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ നമ്മുടെ രാജ്യത്ത് ജനാധിപത്യമുണ്ട്. സ്വാതന്ത്ര്യമുണ്ട് എന്നു പറയുന്നതിൽ അർത്ഥമുണ്ടാകുകയുള്ളു എന്ന് സംശയാതീതമായി എംജിഎസ് പറഞ്ഞ് വെച്ചിരുന്നു.
വാജ്പെയ് കാലത്തെ ബിജെപിയിൽ നിന്നും നരേന്ദ്രമോദി കാലത്തെ ബിജെപിയിൽ എത്തി നിൽക്കുമ്പോൾ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഭരണ കൂടത്തിന്റെ പ്രധാന പോസ്റ്റുകളിൽ അവരോധിതമായിരിക്കുകയാണെന്ന് വിലയിരുത്തലുണ്ട്, ഈ സാഹചര്യത്തിൽ രാജ്യത്തിൻ്റെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തോടും എംജിഎസ് പ്രതികരിച്ചിരുന്നു. ഹിന്ദുത്വ ദേശീയത എന്ന് പറയുന്ന ഹിന്ദുത്വ വർഗ്ഗീയതയെ പ്രതിരോധിക്കത്തക്ക ബദൽശക്തികൾ നിലവിലില്ല എന്നായിരുന്നു എംജിഎസിൻ്റെ അഭിപ്രായം. ഇനി അത്തരമൊരു ബദൽ ഉണ്ടായി വരുമോയെന്ന് പറയാൻ കഴിയില്ലെന്നും എംജിഎസ് വ്യക്തമാക്കിയിരുന്നു. അത്തരമൊരു ബദൽ ഉണ്ടായി വരുമോയെന്ന് പറയാൻ കഴിയില്ലെന്നും എംജിഎസ് ചൂണ്ടിക്കാണിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പഴയതുപോലെ ആളുകൾക്കിടയിലുള്ള ഗുഡ്വിൽ ഇപ്പോഴില്ല. പിന്നെ ബാക്കിയുള്ളത് സാമുദായിക ശക്തികളാണ്. യുവാക്കൾക്കിടയിലാകട്ടെ അരാഷ്ട്രീയത പടർന്ന് പിടിക്കുകയാണ്. അവർ ഭൗതിക സാഹചര്യങ്ങളുടെ മേഖലയിലാണ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നത്. ഭൂരിപക്ഷ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാതെ വരുമ്പോഴാണ് സ്വേച്ഛാധിപത്യ ശക്തികൾ ഭരണത്തിൽ പിടിമുറു ക്കുന്നത്. അത്തരമൊരു സന്ദർഭത്തെയാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. അതിൽ നിന്ന് എങ്ങനെ രക്ഷപെടാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അപ്രതീക്ഷിതമായി എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു എംജിഎസ് അഭിപ്രായപ്പെട്ടത്.
ജനാധിപത്യ സംവിധാനത്തെ ഉപയോഗിച്ച് അധികാരത്തിൽ വന്ന ഹിറ്റ്ലറെ പലതരം സാമ്യങ്ങൾ ചൂണ്ടിക്കാണിച്ച് മോദിയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും എംജിഎസ് പ്രതികരിച്ചിരുന്നു. എല്ലാത്തരം സ്വേച്ഛാധിപതികളും ജനാധിപത്യത്തിലൂടെയാണ് കടന്നു വന്നിട്ടുള്ളതെന്നായിരുന്നു എംജിഎസിൻ്റെ അഭിപ്രായം. ജർമ്മിനി ചെറിയൊരു രാജ്യമല്ലെ. ഇന്ത്യ ഒരുപാട് രാജ്യങ്ങൾ ചേർന്നിട്ടുള്ള ഒരു മഹാരാജ്യമല്ലെ. ഹിറ്റ്ലർക്ക് ജർമ്മിനിയെ സ്വേച്ഛാധിപത്യത്തിലേയ്ക്ക് കൊണ്ടുവന്നത് പോലെ എളുപ്പമാകില്ല ഇന്ത്യയെ കൊണ്ടുവരാൻ, ഭാഷയുടെ ജനവർഗ്ഗങ്ങളുടെ ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യം ഇന്ത്യയുടെ പ്രത്യേകതയാണ്. അതിനാൽ തന്നെ ഇന്ത്യയെ അങ്ങനെ ഒരു വ്യക്തിവിചാരിച്ചാൽ കീഴടക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പറ്റില്ലെന്ന് തീർത്ത് പറയാനും കഴിയില്ല. പക്ഷെ എളുപ്പമല്ല എന്നായിരുന്നു എംജിഎസ് അഭിപ്രായപ്പെട്ടത്.
ഒരു ഏകാശിലാ രൂപമെന്ന നിലയിലേയ്ക്ക് ഇന്ത്യൻ ഹിന്ദുത്വത്തെ മാറ്റിയെടുക്കാൻ സംഘപരിവാറിന് സാധിക്കുമോയെന്ന ചോദ്യത്തോട് ഇല്ലായെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് എന്നായിരുന്നു എംജിഎസിൻ്റെ മറുപടി. ഹിന്ദുത്വത്തിൽ ഇന്നും ശക്തിപ്പെട്ട് നിൽക്കുന്നത് ബ്രാഹ്മണാധിപത്യമാണ്. ക്ഷേത്രങ്ങളിലെ പൂജാരിമാർ അവരാണ്. അവർക്ക് ഭൂമിദേവൻമാർ എന്നൊരു സ്ഥാനമുണ്ട്. അതൊക്കെ ഇല്ലാതായ ഒരു കാലത്ത് ചിലപ്പോൾ ഹിന്ദുവെന്നത് ഏകശിലാരൂപമായി മാറിയേക്കാം. പക്ഷെ ബ്രാഹ്മണാധിപത്യം ക്ഷയിക്കാനുള്ള സാഹചര്യമൊന്നും നിലവിൽ കാണുന്നില്ല. മറിച്ച് ശക്തി പ്പെടാനുള്ള ലക്ഷണമാണ് കാണുന്നത് എന്നായിരുന്നു അന്ന് എംജിഎസ് അഭിപ്രായപ്പെട്ടത്.
Content Highlights: MGS Narayanan kept EMS in hiding A historian who does not hesitate to say that Ramayana is epic