ബോക്സ് ഓഫീസിലും കലാമേൻമയിലും ഒരു പോലെ തിളങ്ങിയ എം ടി- ഹരിഹരൻ കൂട്ടുകെട്ട് എങ്ങനെ മറക്കും?

എം ടി യും ഹരിഹരനും ചേർന്നുള്ള സിനിമകൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ കൂടി ഭാ​ഗമാണ്.

മലയാളികൾ ‍നെഞ്ചോട് ചേർക്കുന്ന കൂട്ടുകെട്ടായിരുന്നു എം ടി- ഹരിഹരൻ കൂട്ടുകെട്ട്. പ്രേക്ഷകർ നെഞ്ചോട് ചേർത്ത വടക്കൻ വീര​ഗാഥയ്ക്കും പഴശിരാജയ്ക്കുമപ്പുറം എം ടി യും ഹരിഹരനും ചേർന്നുള്ള സിനിമകൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ കൂടി ഭാ​ഗമാണ്. എംടിയെ അവസാനമായി ഒരു നോക്ക് കാണാനായി ഹരിഹരൻ എം ടിയുടെ വീടായ സിതാരയുടെ പടി കയറുന്നത് കാണുമ്പോൾ ആ മുഖത്തെ വികാരവേലിയേറ്റങ്ങൾ കാമറാക്കണ്ണുകൾക്ക് ഒപ്പിയെടുക്കാവുന്നതിലുമപ്പുറമാണ്.

Also Read:

Prime
മമ്മൂട്ടിയെ ഉദ്ദേശിച്ച് എഴുതാറില്ലെങ്കിലും എഴുതി കഴിയുമ്പോൾ എംടിയുടെ നായകമുഖം മമ്മൂട്ടിയാവും

എംടിയുമായി ഏറ്റവും കൂടുതൽ ഹൃദയബന്ധമുണ്ടായിരുന്നത് ഹരിഹരനായിരിക്കും. ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു എം ടി- ഹരിഹരൻ കൂട്ടുകെട്ട്. ഒരേ സമയം ബോക്സ് ഓഫീസിലും കലാമേൻമയിലും മുന്നിൽ നിന്ന ചിത്രങ്ങളായിരുന്നു ഇരുവരുമൊന്നിച്ചപ്പോഴൊക്കെ പിറന്നത്. എം ടിയുടെ ഭൗതികദേഹത്തിന് മുന്നിൽ നിന്ന് ഹരിഹരൻ വിതുമ്പുമ്പോൾ അന്ത്യമാവുന്നത് ഒരു കാലത്തിന്റേത് കൂടിയാണ്. ഏതാണ്ട് 10 ലധികം ചിത്രങ്ങൾക്കാണ് എം ടി ഹരിഹരൻ കൂട്ടുകെട്ടുണ്ടായത്. ഇരുവരും ഒന്നിച്ച ആദ്യത്തെ പടം ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയായിരുന്നു.

എം ടിയുടെ മുറപ്പെണ്ണ് എടുക്കുന്ന സമയത്ത് ഹരിഹരനും മദ്രാസിലുണ്ടായിരുന്നു. ആ സമയത്തേ എംടിയുടെ കടുത്ത ആരാധകനായിരുന്നു ഹരിഹരൻ. ഹരിഹരനും സിനിമയിലെത്തിയ സമയമായിരുന്നു. 'എം ടി, ആ സമയത്ത് കാണുമ്പോഴൊക്കെ നല്ല ക്രാഫ്റ്റാണ്, പക്ഷേ, അതൊന്നും പോരാ എന്ന് പറയുമായിരുന്നു. അപ്പോൾ എന്നാൽ എനിക്കൊരു സ്ക്രിപ്റ്റ് എഴുതിത്തരൂ എന്ന് പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച വരുന്നത്. എംടിയുടെ തിരക്കഥകൾ സിനിമയാക്കുമ്പോൾ നമ്മൾ ആദ്യം എംടിയെ പഠിക്കണം. എംടിയുടെ കഥകളൊക്കെയും വായിച്ചിരിക്കണം. ആദ്യം പഠനം നടത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ തിരക്കഥകൾ സിനിമയാക്കാനിറങ്ങുക. എന്നെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷയ്ക്ക് പോവുന്നത് പോലെയാണ് അത്.' ഹരിഹരൻ മുമ്പൊരിക്കൽ എം ടിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് പറ‍ഞ്ഞത് ഇങ്ങനെ.

ഹരിഹരനും എംടിയും ഒന്നിച്ച സിനിമകളിൽ പലതും ഇന്നും മലയാളിയുടെ മനസിലുണ്ട്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പരിണയം എന്നിവയൊക്കെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1995 ലെ മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയത് പരിണയമായിരുന്നു. ഒപ്പം പരിണയം, പഴശിരാജ എന്നീ ചിത്രങ്ങൾക്ക് ഹരിഹരന് മികച്ച സംവിധായകനുള്ള കേരളസംസ്ഥാനപുരസ്കാരവും ലഭിക്കുകയുണ്ടായി. 1989 ലെ ജനപ്രീതി നേടിയ ചിത്രം ഒരു വടക്കൻ വീരഗാഥയായിരുന്നു. 1979 ലെ ജനപ്രീതി നേടിയ ചിത്രം ഇരുവരും ആദ്യമായി ഒന്നിച്ച ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രമായിരുന്നു.

മലയാളികൾ നെഞ്ചോട് ചേർക്കുന്ന എം ടി- ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന പ്രധാനചിത്രങ്ങൾ ഇതൊക്കെയാണ്:ഏഴാമത്തെ വരവ്(2013)പഴശ്ശിരാജ (2009)എന്ന് സ്വന്തം ജാനകിക്കുട്ടി (1998)പരിണയം (1994)ഒരു വടക്കൻ വീരഗാഥ (1989)ആരണ്യകം (1988)അമൃതം ഗമയ (1987)നഖക്ഷതങ്ങൾ (1986)പഞ്ചാഗ്നി (1986)വളർത്തു മൃഗങ്ങൾ (1981)ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979)

Content highlight: M T Vasudevan Nair Hariharan combo films

To advertise here,contact us