'മാധ്യമങ്ങളെ ഭയപ്പെടുന്ന പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍…';വിമര്‍ശനങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗ് നല്‍കിയ മറുപടി

പലപ്പോഴും തന്റെ ശൈലിയുടെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം തന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്

'ഞാന്‍ ഒരു നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ആളുകള്‍ പറയുന്നു. ഈ 'നിശബ്ദധ'യ്ക്കും ശബ്ദമുണ്ടെന്നും അവ സ്വയം സംസാരിക്കുമെന്നും ഞാന്‍ കരുതുന്നു. ഞാന്‍ മാധ്യങ്ങളോട് സംസാരിക്കാന്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയല്ലെന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും. ഞാന്‍ പതിവായി മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു. വിദേശയാത്രകള്‍ക്കിടെ പോലും ഇതിന് വിട്ടുവീഴ്ചയുണ്ടായിട്ടില്ല…' തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഡോ. മന്‍മോഹന്‍ സിംഗ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച, പുതുയുഗത്തിന് തുടക്കമിട്ട ഭരണകര്‍ത്താവായിരുന്നു മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, സൗമ്യശീലനായിരുന്ന ബൗദ്ധിക ആഴത്തിനും പേരുകേട്ട മന്‍മോഹന്‍ സിംഗ് രാഷ്ട്രീയ ഭേദമന്യേ ബഹുമാനം നേടിയ വ്യക്തികൂടിയാണ്. പലപ്പോഴും തന്റെ ശൈലിയുടെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം തന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.

സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, യൂണിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ രൂപീകരണം, വിവരാവകാശ നിയമം, ഇന്ത്യ-യുഎസ് സിവില്‍ നൂക്ലിയര്‍ കരാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തെ ഭരണനേട്ടങ്ങളാണ്. നിര്‍ണായകമായ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ മികവ് കൂടിയാണ്. 90-കളില്‍ ധനമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹം ലൈസന്‍സ് രാജ് അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാതില്‍ ലോകത്തിന് തുറന്നുകൊടുക്കുകയും ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള ഏകീകരണത്തിനും കളമൊരുക്കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു.

അവിഭക്ത ഇന്ത്യയില്‍ പാക്-പഞ്ചാവ് പ്രവിശ്യയിലെ ഗഹ് എന്ന ഗ്രാമത്തിലായിരുന്നു മന്‍മോഹന്‍ സിംഗിന്റെ ജനനം. ഒരു ഗ്രാമത്തില്‍ നിന്ന് ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയക്കാരനുമായുള്ള സിംഗിന്റെ യാത്ര നിരന്തരപ്രയത്‌നത്തിന്റെയും കാഴ്ച്ചപ്പാടിന്റെയും കഥ കൂടിയാണ്. ആധുനിക ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നയങ്ങളും ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്കും തലമുറകളോളം ഓര്‍മ്മിക്കപ്പെടും.

Also Read:

Prime
മന്‍മോഹന്‍ സിംഗിനെ തേടിയെത്തിയ ഫോണ്‍ കോള്‍, ചരിത്രത്തില്‍ സുപ്രധാനമായ ആ രാത്രി

Content Highlights: When Manmohan Singh defended he was not a silent prime minister

To advertise here,contact us