ട്രംപിന്റെ തീരുവ യുദ്ധം അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തളളിവിടുമോ?

പണപ്പെരുപ്പം പൂജ്യത്തിലെത്തിക്കുമെന്നും നികുതി വരുമാനം കുത്തനെ കൂട്ടി, ആ വരുമാനമുപയോഗിച്ച് അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തത്

പണപ്പെരുപ്പം പൂജ്യത്തിലെത്തിക്കുമെന്നും നികുതി വരുമാനം കുത്തനെ കൂട്ടി, ആ വരുമാനമുപയോഗിച്ച് അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തത്. അധികാരത്തിലെത്തിയതോടെ ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന പരിഷ്‌കാരങ്ങളും മാറ്റങ്ങളും കൊണ്ടുവന്നു. ട്രംപ് തീരുവ യുദ്ധം തന്നെ പ്രഖ്യാപിച്ചു. എന്നാലിപ്പോള്‍ പകരം തീരുവ അമേരിക്കയ്ക്ക് ബൂമറാങ് ആയേക്കുമെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്നാണ് പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട്. പുതിയ താരിഫുകളുടെ അമിത ഭാരം കാരണം അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കുറയാന്‍ സാധ്യതയുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക മാന്ദ്യം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാക്കി ഉയര്‍ത്തുമെന്നും ജെപി മോര്‍ഗന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ദനായ മാര്‍ക് സാന്‍ഡി അമേരിക്ക വന്‍ ദുരന്തത്തിലേക്കാണ് കാലെടുത്തുവയ്ക്കുന്നതെന്നാണ് പ്രവചിക്കുന്നത്. ട്രംപിന്റെ താരിഫുകളുടെ ഫലമായി ഉടന്‍ തന്നെ മാന്ദ്യമുണ്ടാവുകയും അത് അടുത്ത വര്‍ഷം വരെ നീണ്ടുനില്‍ക്കുകയും ചെയ്യുമെന്നാണ് സാന്‍ഡി പറയുന്നത്. സാമ്പത്തിക വളര്‍ച്ച 2 ശതമാനം കുറയുമെന്നും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുഎസ് ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ജെറോം പവലും സാമ്പത്തിക മാന്ദ്യത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ താരിഫുകള്‍ കണക്കാക്കിയതിനേക്കാള്‍ വലിയ പ്രഹരമേല്‍പ്പിക്കുമെന്നാണ് ജെറോം പറയുന്നത്. സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലാകുമെന്നും പണപ്പെരുപ്പം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ രണ്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുമേല്‍ 26 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി. ചൈനയ്‌ക്കെതിരെ 34 ശതമാനം തീരുവയാണ് ചുമത്തിയത്. വിയറ്റ്‌നാമിന് 45, തായ്‌വാന് 32, ബംഗ്ലാദേശിന് 37, പാക്കിസ്ഥാന് 29, ശ്രീലങ്കയ്ക്ക് 44 ശതമാനം എന്നിങ്ങനെയാണ് തീരുവ ചുമത്തിയിരിക്കുന്നത്. ട്രംപ് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തിയിരിക്കുന്നത് ലെസോത്തോ എന്ന ഗ്രാമത്തിനാണ്. മുപ്പതിനായിരം ചതുരശ്ര കി.മി മാത്രം വിസ്തൃതിയുളള ഈ രാജ്യത്തിന്റെ ആകെ ജനസംഖ്യ 20 ലക്ഷം മാത്രമാണ്. 50 ശതമാനമാണ് ഇവര്‍ക്ക് ചുമത്തിയിരിക്കുന്ന തീരുവ. യുഎസില്‍ നിന്നുളള ഇറക്കുമതിക്ക് ഈ രാജ്യം 99 ശതമാനം തീരുവ ചുമത്തിയിരുന്നു. യുകെ, ഓസ്‌ട്രേലിയ, ബ്രസീല്‍, ചിലി, തുര്‍ക്കി, അര്‍ജന്റീന, ഇക്വഡോര്‍, യുഎഇ, ന്യൂസിലാന്‍ഡ്, പെറു തുടങ്ങിയ രാജ്യങ്ങള്‍ അടിസ്ഥാന തീരുവയായ 10 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും.

അതേസമയം, അമേരിക്കയുടെ ദേശീയ കടം 36 ട്രില്ല്യണ്‍ ഡോളറില്‍ കൂടുതലാണ്. ഉയര്‍ന്ന കടബാധ്യത മൂലം പലിശനിരക്കുകള്‍ ഉയരുന്നത് പ്രശ്‌നങ്ങള്‍ കൂട്ടുകയാണ്. ഇത് നിക്ഷേപത്തെയും സാമ്പത്തിക വളര്‍ച്ചയെയും സ്തംഭിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ കടബാധ്യതയുടെ ഭാരം കുറയ്ക്കാമെന്ന് ട്രംപ് കണക്കുകൂട്ടുന്നത്. സമ്പദ് വ്യവസ്ഥയില്‍ ചെറിയൊരു മാന്ദ്യമുണ്ടെങ്കില്‍ മാത്രമേ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുകയുളളു. അതിനാല്‍ തീരുവയും പുതിയ സാമ്പത്തിക നയങ്ങളും കൊണ്ട് അമേരിക്കയെ കരുതിക്കൂട്ടി മാന്ദ്യ അവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഒരുകൂട്ടം രാഷ്ട്രീയ നിരീക്ഷകരുടെ വാദം. മാന്ദ്യത്തിന് ഹ്രസ്വകാലത്തേക്ക് മോശം പ്രത്യാഘാതങ്ങളുണ്ടാകുമെങ്കിലും അവ ദീര്‍ഘകാല സാമ്പത്തിക ആരോഗ്യത്തിന് ആവശ്യമാണെന്നും അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഭാവി വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനും മാന്ദ്യം സഹായിക്കുമെന്നുമാണ് ചില സാമ്പത്തിക വിദഗ്ദര്‍ വാദിക്കുന്നത്.

പകരച്ചുങ്കം അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ പുതിയ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഓഹരിവിപണിയില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. 2020-ന് ശേഷം ഏറ്റവും വലിയ നഷ്ടമാണ് യുഎസ് ഓഹരി വിപണി നേരിട്ടത്. നൈക്ക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ ഓഹരികള്‍ വരെ ഇടിഞ്ഞു. ട്രംപ് പ്രഖ്യാപിച്ച 34 ശതമാനം തീരുവയ്ക്ക് അതേ നിരക്കില്‍ ചൈന മറുപടി നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും 34 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുതുക്കിയ തീരുവകള്‍ 9-ന് പ്രാബല്യത്തില്‍ വരും. വരാനിരിക്കുന്നത് അമേരിക്കയെയും ലോകരാജ്യങ്ങളെയും ബാധിക്കുന്ന വന്‍ സാമ്പത്തിക മാന്ദ്യമാണോ എന്ന് കണ്ടറിയണം.

Content Highlights: will donald trump's tariff war push us into recession

To advertise here,contact us