ഇന്ത്യൻ പാസ്‌പോർട്ടിൽ ഒട്ടേറെ മാറ്റങ്ങൾ വന്നത് നിങ്ങൾ അറിഞ്ഞിരുന്നോ ?

2025 മുതലാണ് പാസ്‌പോർട്ടില്‍ പരിഷ്‌കാരങ്ങൾ വന്നത്

കേന്ദ്രസർക്കാർ പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇതിനെ തുടർന്ന് പുതിയതോ അല്ലെങ്കിൽ പുതുക്കിയ പാസ്‌പോർട്ടിനോ ഒട്ടേറെ മാറ്റങ്ങൾ ഉണ്ട്. 2025 മുതലാണ് പാസ്‌പോർട്ടില്‍ പരിഷ്‌കാരങ്ങൾ വന്നത്. പുതിയ നിയമ പ്രകാരം പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ച ഏതൊരാൾക്കും ജനനതീയതി തെളിയിക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് മാത്രം നൽകിയാൽ മതി, എന്നാൽ ഇത് നിർബന്ധമായും നൽകണം.

മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ 1969ലെ ജനന മരണ രജിസ്‌ട്രേഷൻ ആക്ട് പ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഇതിന് മുൻപ് ജനിച്ചവർക്ക് പാൻകാർഡ്, സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങീ നിലവിൽ നൽകുന്ന രേഖകൾ തന്നെ നൽകിയാൽ മതി.

സ്വകാര്യതാ ആവശ്യങ്ങൾക്കായി പൗരന്റെ പാസ്പോർട്ടിൽ അച്ചടിച്ചിരിക്കുന്ന താമസ വിലാസം നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാസ്പോർട്ടിൽ അച്ചടിച്ചിരിക്കുന്ന ബാർകോഡിലാണ് ഇനി വിലാസം സൂക്ഷിക്കുക. ഈ ബാർകോഡ് സ്‌കാൻ ചെയ്ത് ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ അറിയാൻ സാധിക്കും. ഇമിഗ്രേഷൻ നടപടി വേഗത്തിലാവാനും തിരിച്ചറിയൽ നടപടി വേഗത്തിലാവാനും സംവിധാനങ്ങൾ വരുന്നുണ്ട്.

ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട എന്നതാണ് മറ്റൊരു മാറ്റം. പകരം ഇരുവരുടേയും ഒരുമിച്ചുള്ള ഫോട്ടോ ഉള്ള സംയുക്ത സത്യവാങ്മൂലം മതി. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, വൈവാഹിക നില, പൂർണമായ പേര്, ആധാർ നമ്പർ, തീയതി, സ്ഥലം, ഒപ്പ് എന്നിവയും നൽകണം. ഇനി വിവാഹമോചനം, മരണം എന്നിവയെ തുടർന്ന് പാസ്‌പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് മാറ്റണമെങ്കിൽ വിവാഹ മോചന ഉത്തര പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റ് എന്നിവ നൽകിയാൽ മതി.

പാസ്‌പോർട്ടിൽ നിന്ന് മാതാപിതാക്കളുടെ പേര് ഉൾപ്പെടെ അനാവശ്യ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. സിംഗിൾ പാരന്‍റ്സും വേർപിരിഞ്ഞ മാതാപിതാക്കളുള്ളവർക്കും ഇത് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

Content Highlights: Did you know that there have been many changes to the Indian passport ?

To advertise here,contact us