ഒരിടവേളയ്ക്ക് ശേഷം നടന് ഷൈന് ടോം ചാക്കോ വാര്ത്തകളില് നിറയുകയാണ്. നടി വിന് സി അലോഷ്യസിന്റെ വെളിപ്പെടുത്തലും ലഹരി പരിശോധനയ്ക്കെത്തിയ ഡാന്സാഫ് ഉദ്യോഗസ്ഥരെ വെട്ടിച്ച് നടന് നടത്തിയ അതിസാഹസിക രക്ഷപ്പെടലുമാണ് വാര്ത്തകളില് നിറഞ്ഞിരിക്കുന്നത്. ഡാന്സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് നിന്ന് ഇറങ്ങിയോടിയ ഷൈന് എവിടെയാണെന്ന് പൊലീസിന് യാതൊരു വിവരവുമില്ല. ഇതിനിടെ ഷൈന് ടോമിന്റെ ഔദ്യോഗിക ഇന്സ്റ്റഗ്രാം പേജില് വിവാദ വിഷയങ്ങള് സ്റ്റോറികളായി പ്രത്യക്ഷപ്പെട്ടു. വിന് സി മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തിയ 'സൂത്രവാക്യം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് അടക്കം പങ്കുവെച്ചായിരുന്നു ഷൈൻ്റെ ഇന്സ്റ്റഗ്രാം സ്റ്റോറി. 2015 ല് ആദ്യമായി ലഹരിക്കേസില് കുടുങ്ങി ഒരു ഘട്ടത്തിൽ കരിയറും ജീവിതവും പ്രതിസന്ധിയിലായ ഒരു ഷൈനെ പ്രേക്ഷകര് കണ്ടതാണ്. ആ കേസില് കോടതി കുറ്റവിമുക്തനാക്കി അധികം വൈകാതെയാണ് ഷൈനിന് കുരുക്ക് മുറുക്കിയുള്ള സംഭവവികാസങ്ങൾ എന്നതും ശ്രദ്ധേയമാണ്.
സംവിധായകന് കമലിന്റെ സഹസംവിധായകനായി സിനിമയില് അരങ്ങേറ്റം കുറിച്ച ഷൈന് ഗദ്ദാമ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടര്ന്നിങ്ങോട്ട് ചെറിയ വേഷങ്ങളാണെങ്കിലും കൈനിറയെ ചിത്രങ്ങള്. ഇതിഹാസ എന്ന ചിത്രത്തില് നായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി നില്ക്കുന്ന സമയത്തായിരുന്നു ഷൈനെതിരെ കൊക്കെയ്ന് കേസ് ഉയര്ന്നുവരുന്നത്. കൊച്ചിയില് നിശാ പാര്ട്ടിയില് ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് പൊലീസ് വ്യാപക തിരച്ചില് നടത്തി. ഇതിനിടെ കലൂര്-കടവന്ത്ര റോഡിലെ ഫ്ളാറ്റില് നിന്ന് സുഹൃത്തുക്കളായ ബ്ലെസി സില്വസ്റ്റര്, രേഷ്മ രംഗസ്വാമി, ടിന്സി ബാബു, സ്നേഹ ബാബു എന്നിവര്ക്കൊപ്പം ഷൈന് ടോം ചാക്കോ പിടിയിലായത്. ഫ്ളാറ്റിലെ ഫ്രിഡ്ജില് സൂക്ഷിച്ച നിലയില് പത്ത് പായ്ക്കറ്റ് കൊക്കെയ്ന് കണ്ടെത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര് അന്ന് പറഞ്ഞത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്. മാസങ്ങള് നീണ്ട ജയില് വാസത്തിന് ശേഷം ഷൈന് പുറത്തിറങ്ങി. എന്നാല് ഷൈന്റെ കരിയറിനെ ഈ സംഭവം സാരമായി ബാധിച്ചില്ല. നീണ്ട ഒരവധിക്ക് ശേഷമെന്ന പോലെ ഷൈന് വീണ്ടും സിനിമയില് സജീവമായി. ഇതിന് ശേഷം ഷൈനിന്റേതായി പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു ചിത്രം കമ്മട്ടിപ്പാടമായിരുന്നു. ഒടുവില് പുറത്തിറങ്ങിയ ചിത്രം ബസൂക്കയും.
സ്വാഭാവികമായി പെരുമാറിയിരുന്ന ഷൈന് ഒരു ഘട്ടത്തില് അസാധാരണമായി പെരുമാറുന്നതും കേരളം കണ്ടു. സിനിമാ പ്രൊമോഷനില് ഉള്പ്പെടെ പരിസര ബോധമില്ലെന്ന് തോന്നിക്കുന്ന വിധത്തിൽ പെരുമാറുന്ന ഷൈന് പലപ്പോഴും വിമര്ശനങ്ങളും പരിഹാസങ്ങളും നേരിട്ടു. മുതിര്ന്ന താരങ്ങള്ക്കൊപ്പം പോലും ഷൈന് ഈ പ്രവണതയായിരുന്നു തുടര്ന്നുപോന്നത്. മാധ്യമങ്ങളെ കണ്ടപ്പോള് ഇറങ്ങിയോടിയും വിമാനത്തിന്റെ കോക്പിറ്റില് കയറിയും ഷൈന് നിരന്തരം വിവാദങ്ങളില് നിറഞ്ഞു. പൈലറ്റ് വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനായിരുന്നു കോക്പിറ്റില് കയറിയത് എന്നായിരുന്നു ഇതിന് ഷൈന് നല്കിയ വിശദീകരണം.
പത്ത് വര്ഷങ്ങള്ക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില് കൊക്കെയ്ന് കേസില് ഷൈന് ടോം ചാക്കോയെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. അന്വേഷണ സംഘത്തിന്റെ വീഴ്ചകള് എണ്ണിപ്പറഞ്ഞായിരുന്നു എറണാകുളം അഡീഷണല് സെഷന്സ് കോടതിയുടെ നടപടി. നടപടിക്രമങ്ങള് പാലിച്ചല്ല അന്വേഷണം പൂര്ത്തിയാക്കിയതെന്ന് കോടതി വിമര്ശിച്ചു. നടനും സുഹൃത്തുക്കളും കൊക്കെയ്ന് ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള് വേര്തിരിച്ച് പരിശോധിക്കാനോ സെര്ച്ച് മെമ്മോയില് രേഖപ്പെടുത്താനോ അന്വേഷണ സംഘം തയ്യാറായില്ല. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഏറേ ചര്ച്ച ചെയ്യപ്പെട്ടതായിരുന്നു ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്. ഒന്നരക്കോടി വിലവരുന്ന കഞ്ചാവുമായി സിനിമാ ബന്ധമുള്ള തസ്ലീമ സുല്ത്താന അറസ്റ്റിലായി. ഷൈന് ടോമിനും നടന് ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൈമാറിയെന്ന് ഇവര് പൊലീസിനോട് വെളിപ്പെടുത്തി. നടന്മാര്ക്കൊപ്പം പലതവണ ലഹരി ഉപയോഗിച്ചതായും ഇവര് മൊഴി നല്കി. ഇത് സംബന്ധിച്ച് ഒരു മാധ്യമം ഷൈനിന്റെ പ്രതികരണം തേടിയപ്പോള് ഓടിമറയുകയാണ് നടന് ചെയ്തത്.
'ലഹരി ഉപയോഗിക്കുന്നവര്ക്കൊപ്പം ഇനി സിനിമ ചെയ്യില്ല. ഒരു സിനിമാ സെറ്റില് വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെന്നും വിന് സി പറഞ്ഞിരുന്നു. ഒരു നടന് സിനിമാ സെറ്റില്വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്ത്തിയാക്കിയത്', കുറച്ച് ദിവസങ്ങൾക്ക് മുന്പ് വിന് സി ഇങ്ങനെ ഒരു വെളിപ്പെടുത്തല് നടത്തി. എന്നാല് നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്താന് വിന്സി തയ്യാറായില്ല. ഇതിനിടെ മോശം അനുഭവം ചൂണ്ടിക്കാട്ടി വിന് സി ഫിലിം ചേംബറിന് പരാതി നല്കി. ഇതില് ഷൈന് ടോമിന്റെ പേര് പരാമര്ശിച്ചിട്ടുള്ളതായാണ് പുറത്തുവന്ന റിപ്പോര്ട്ടുകള്.
ബുധനാഴ്ച രാത്രി 10.45. സ്ഥലം എറണാകുളം നോര്ത്തിലുള്ള ഹോട്ടല്. ലഹരി വില്പനയുമായി ബന്ധപ്പെട്ട ഒരാള് ഈ ഹോട്ടലില് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില് എത്തിയതായിരുന്നു ഡാന്സാഫ് സംഘം. എന്നാല് ഇയാളെ കണ്ടെത്താനായില്ല. തുടര്ന്ന് ഹോട്ടലിലെ രജിസ്റ്റര് പരിശോധിച്ചപ്പോഴാണ് ഷൈന് ടോം ചാക്കോ അവിടെയുള്ള കാര്യം ഡാന്സാഫ് സംഘം അറിയുന്നത്. തുടര്ന്ന് ഷൈനിനെ കാണാന് സംഘം ശ്രമിച്ചു. ഈ സമയം ഷൈന് ജനാലയിലൂടെ താഴേയ്ക്ക് ചാടി ഓടുകയായിരുന്നു. തുടര്ന്ന് ഡാന്സാഫ് സംഘം മുറിയിലുണ്ടായിരുന്ന ഷൈനിന്റെ സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള് വ്യക്തമാക്കി. എന്നാല് ഷൈന് ഇത്രയും സാഹസികമായി രക്ഷപ്പെടല് നടത്തിയത് എന്തിനാണെന്നാണ് ചോദ്യം. പൊലീസ് ആണെന്ന് കരുതി ഭയന്ന് ഓടിയതാകാമെന്നാണ് കരുതുന്നത്. ഈ സംഭവത്തിന് ശേഷം ഷൈനിനെ വേട്ടയാടുകയാണെന്ന് പ്രതികരിച്ച് പിതാവ് രംഗത്തെത്തിയിരുന്നു. ഷൈന് അങ്ങനെ ഓടിയിട്ടുണ്ടെങ്കില് എന്താണ് തെറ്റെന്ന് സഹോദരന് ജോ കുട്ടനും പ്രതികരിച്ചിരുന്നു. നിലവില് ഷൈനിന്റെ ഫോണ് സ്വിച്ച് ഓഫ് ആയ നിലയിലാണ്. നടന് തമിഴ്നാട്ടിലാണെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.
Content Highlights- How change life of actor Shine tom chacko after cocaine case